Tuesday 24 June 2014

ഹഹഹ

"ഞമ്മക്ക് ഇപ്പൊ മോഡിയോട് ബഹുമാനം കൂടി വരേണ്..."

"ങേ...എന്തെടീ.."

"ഇങ്ങൾ പറ...ഒരു രാജ്യത്തിന്റെ ഏറ്റവും ബല്യ സ്വത്ത്‌ എന്താ?"

"അത്...അഞ്ച് കൊല്ലം കൂടുമ്പോ വോട്ടു കുത്തണ നാട്ടാര് അല്ലെ ബട്കൂസേ.."

"അതെന്നെ..ഒറപ്പല്ലേ ..? നല്ല ആരോഗ്യം ഉള്ള നാട്ടാര്..ലെ..?"

"ഹും..തന്നെ.."

"അപ്പൊ പിന്നെ പഞ്ചസാരക്ക് വില കൂട്ടി..അപ്പൊ പ്രമേഹം ഉണ്ടാകൂല...
ഇനി അരിക്ക് വില കൂട്ടും...അരിയും പ്രമേഹാ

ഗ്യാസിനു വില കൂട്ടി..അപ്പൊ പെണ്ണുങ്ങൾ വിറക് വെട്ടി കീറി അടുപ്പത്ത് കത്തിക്കും...

അപ്പൊ കോളെസ്ട്രോൾ ഉണ്ടാവൂല..പൊണ്ണത്തടി ഉണ്ടാകൂല..

പെട്രോളിന് വില കൂടുമ്പോ പറ്റാവുന്ന ദൂരമൊക്കെ എല്ലാരും നടക്കും..exercise കിട്ടും...എന്തിനാ കായ് കൊട്ത്ത് ജിമ്മിൽ പോണത് ..?

അങ്ങനെ കുറച്ചു കാശ് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ നടക്കും..സോഷ്യലിസം !!

അത് പോലെ തീവണ്ടി ചാർജ് കൂട്ടി...അപ്പൊ കൊറേ പേര് ബസ്സിലും ടാക്സിക്കും പോകും...ഓലിക്കും ജീവിക്കെണ്ടേ...

മൊത്തത്തിൽ ഞമ്മളെ നാട്ടര്ടെ നന്മ മാത്രം ഉദ്ദേശിച്ചാണ് ഓല് ഇങ്ങനൊക്കെ കാട്ടണത്‌ ..

തിരിഞ്ഞാ...?"

"ഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..."

എന്തേയ് ... 

ഇശൂട്ടൻ

എട്ടാം മാസത്തിൽ വയറ്റിൽ കിടന്നു ഇശൂട്ടൻ ഒരു ചവിട്ട് ചവിട്ടി...
അവന്റെ കാൽപാദം ശരിക്കും വയറ്റിൽ കാണാമായിരുന്നു..

പിന്നെ അതൊരു ശീലമായി...

ഉമ്മാനോട് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു ഉറപ്പിച്ചോ മോളെ ആണ്‍കുട്ടി ആണെന്ന്...

അവൻ വയറ്റിൽ ഡിസ്ക്കോ ചെയ്യുന്ന ഫീൽ ..ഓർത്തു നോക്കുമ്പോ നല്ല രസം...
നമ്മുടെ കൂടെ, എന്റെ ശരീരത്തിന്റെ ഭാഗമായി,പക്ഷെ മറ്റൊരു ശരീരം...മാഷാ അല്ലാഹ്...

അടിച്ചമർത്തിയ സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഫെമിനിസം സംസാരിക്കുന്ന എന്റെ മനസ്സിൽ പെണ്ണായി പിറന്നതിൽ അഭിമാനം തോന്നിയ അവസരം...

ഇക്കാനെ ഇടയ്ക്ക് കളിയാക്കും...

"കോടി ഉർപ്യ ഉണ്ടാക്കിയാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇങ്ങൾ ആണുങ്ങൾക്ക് പറ്റൂലല്ലോ...

ആ ഫീലിംഗ് അനുഭവിക്കാനും..."എന്തേയ് ..? 

ഒരു ഡ്രൈവിംഗ്പഠനം

ഒരു ആറെഴു കൊല്ലം മുമ്പത്തെ ഒരു സംഭവം...

ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയത് ആകെ ഒരു പഴയ മാരുതി കാർ ഉള്ളത് കൊണ്ട് വീട്ടില് കഞ്ഞി വെച്ചിരുന്ന പാവം ചേച്ചിയുടെ അടുത്തായിരുന്നു..

"പൊളിടെക്നികിൽ പഠിക്കാത്തത് കൊണ്ട്'" ക്ളച്ച്, acclerator ഇതൊന്നും അറിയാത്ത ഞമ്മളെ ചേച്ചി ടെക്നികൽ ആയി ഇതിന്റെയൊക്കെ വർക്കിംഗ്‌ പഠിപ്പിച്ചു തന്നു...

കുറച്ചു നേരം വണ്ടി ഓടിച്ച എന്റെ ആത്മ വിശ്വാസം മാനത്തോളം വളർന്നു

..ശോ..ഗട്ടെർ കാണുമ്പോ വണ്ടി താനെ സ്ളോ ആകുന്നു..ഗിയര് മാറുന്നു...

ഡ്രൈവിംഗ് അപ്പൊ വലിയ സംഭവമേ അല്ല..ശോ..ഇത് കുറച്ചു മുമ്പേ പഠിക്കെണ്ടാതായിരുന്നു...

രണ്ടാം ദിവസം...ആ ചേച്ചിയുടെ ഭാഗ്യക്കേടിനു വണ്ടി ഓടിപ്പിക്കാൻ തിരഞ്ഞെടുത്ത റോഡ് നല്ല തിരക്കുള്ള ഹൈ വെ ആയിരുന്നു...വല്യ പ്രശ്നമൊന്നും ഇല്ലാതെ ഓടിച്ചു..അടുത്ത ആളെ ഡ്രൈവിംഗ് സീറ്റിലെക് വിളിക്കാൻ വേണ്ടി ചേച്ചി പറഞ്ഞു..

"റാഹില ..വണ്ടി നിർത്തിക്കോ ..."

കേട്ടപാതി കേൾക്കാത്ത പാതി ഞമ്മൾ sudden ബ്രേക്ക്‌ ..അതും നടു റോഡിൽ...

പിന്നെ ഒന്നും ഓർമയില്ല ..വലിയ ശബ്ദത്തോടെ പിറകിലെ ഗ്ലാസ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് ..

കാറിന്റെ പിറകിലെ സ്കൂട്ടി വന്നിടിച്ചതാണ്...

ഞാൻ നോക്കിയപ്പോ സ്കൂട്ടിയിൽ ഉണ്ടായിരുന്ന ചേട്ടൻ താഴെ കിടപ്പുണ്ട്...ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...

ദേഷ്യത്തിന് അങ്ങേരു നേരെ വന്നു ഡ്രൈവിംഗ് സീറ്റിലെക്ക് ...

എന്തൊക്കെയോ ചീത്ത വിളിച്ചു...ഡ്രൈവിംഗ് സ്കൂളിന്റെ ആയതു കൊണ്ടാണെന്ന് തോന്നുന്നു കേസ് ഒന്നും ആയില്ല...

ന്തായാലും സങ്കതി ഉഷാർ ആയിരുന്നു...

എല്ലാം കഴിഞ്ഞപ്പോ ആ ചേച്ചി എന്നോട് ചോദിച്ചു...

"റാഹില എന്തിനാ പഠിക്കുന്നെ.."

"ങേ..എന്തെ ചേച്ചി.."

"അതല്ല...എന്തിനാാാാാാാ പഠിക്കുന്നെ എന്ന്...."

എന്താലേ ....

അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ...?

"അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ..."

ഞമ്മളെ സംശയം..

"അതെ...ഇടക്ക് അർജെന്റീനന്റെ കൂടെയും കളിക്കും...എന്തെ...ദാ..പെണ്ണെ..മിണ്ടാതിരിക്കുന്നുണ്ടോ .."

വീണ്ടും സംശയം..

"അപ്പൊഴെയ് ..ഗോൾ അടിച്ച ടീമിനാണോ മറ്റേ ടീമിനാണോ കപ്പ്‌ കിട്ടല് ..ഒരു ടീമിന് എത്ര നേരാ കളി ?"

"ന്റെ റബ്ബേ..ഇങ്ങനെയൊരു മന്ദബുദ്ധീനെ തന്നെ ഞമ്മക്ക് തന്നല്ല...മലപ്പുറത്ത്‌ കിട്ടാഞ്ഞിട്ട് കണ്ണൂര് പോയി കെട്ടിക്കൊണ്ടു വന്നു..ആഹ് ..വരാനുള്ളത് വഴിയിൽ തങ്ങൂലല്ലൊ ..."

ഇക്ക നെഞ്ചത്തടിച്ചു തുടങ്ങി ..

"ഇങ്ങൾ അത്ര വല്യ വർത്താനം ഒന്നും പറയണ്ട...

മട്ടയരി വേവാൻ കുക്കെറിൽ എത്ര whistle അടിക്കണം എന്ന് ഇങ്ങക്കറിയോ ..

നെയ്ച്ചോർ ഉണ്ടാക്കുമ്പോ ഒരു ഗ്ലാസ്‌ അരിക്ക് എത്ര വെള്ളം വേണം നു ഇങ്ങക്കറിയോ ..

കൊറച്ചു ഗോതമ്പ് പൊടിയും വെള്ളവും തന്നാൽ അത് ചപ്പാത്തി മാവ് ആക്കാൻ പോലും ഇങ്ങക്കറിയൂലല്ലോ ...

കുറച്ചു ദിവസം ഒന്നും തിന്നില്ലേൽ ചെലപ്പോ തട്ടിപ്പോകും...

പച്ചേങ്കിൽ മെസ്സി ഏതു ടീം എന്നറിഞ്ഞില്ലെങ്കിൽ ആകാശം ഒന്നും ഇടിഞ്ഞു ബീകൂല..

ങും...ഞമ്മലോടാ കളി.." 

അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് ??

"കദീസൂ..കുറച്ചു ഉപ്പ് ...വീട്ടിൽ കയ്ഞ്ഞു പോയി..റാഹിന്റെ ഉപ്പനോട് പറഞ്ഞിട്ട് ഓല് മറന്നു പോയി..."

"അയ്നെന്താ പാത്തിബീ ..ഇപ്പൊ തരാട്ടാ ..."

സാധാരണ വീട്ടില് കേൾക്കാറുള്ള ഒരു കാര്യം...

എന്റെ ഉമ്മാക്ക് ഇപ്പോഴും നല്ല അയല്പക്ക ബന്ധമുണ്ട്...

ഉപ്പും മുളകും പുളിയും ഒക്കെ തീർന്നാൽ ആവശ്യത്തിനു ഒരു മടിയും കൂടാതെ കയറിചെല്ലുന്ന നല്ല അയൽപക്കങ്ങൾ ...

അപ്പുറത്തെ വീട്ടിലെ സ്ത്രീകൾ നല്ല കൂട്ടുകാരികളും ആയിരിക്കും...
സന്തോഷവും സങ്കടവും എല്ലാം ഷെയർ ചെയ്യുന്ന ബന്ധങ്ങൾ..വിശേഷ ദിവസങ്ങളിൽ പലഹാരങ്ങൾ കൈമാറും...നോമ്പിനും ബറാ ഹത്തിനും ഒക്കെ...

വേറെ ഒരു വിശേഷം കേൾക്കണോ ...അയല്പക്കത്തെ ഒരു പെണ്‍കുട്ടി വിവാഹിതയാവുന്നു എങ്കിൽ ആ പെണ്‍കുട്ടിയെ വിളിച്ചു സല്കാരം കൊടുക്കും...ബിരിയാണി ഒക്കെ ഉണ്ടാക്കി...

ഗർഭിണി ആയ പെണ്‍കുട്ടി അയല്പക്കത്ത് ഉണ്ടെങ്കിൽ എഴാം മാസം കഴിഞ്ഞാൽ ചീരണി എന്നാ പേരിൽ കുറെ മധുര പലഹാരങ്ങൾ ഉണ്ടാകിക്കൊടുക്കും...

അങ്ങനെ അങ്ങനെ അങ്ങനെ...

ചുരുക്കത്തിൽ ഉമ്മ ഫുൾ ടൈം ബിസി ആണ്..

ചിലപ്പോഴൊക്കെ ഞാൻ ഉമ്മാനോട് ചോദിക്കാറുണ്ട്.."ഇങ്ങൾ ഇതൊക്കെ എങ്ങനെ maintain ചെയ്യുന്നു ?" എന്ന്..

അപ്പൊ ഉമ്മ പറയും ..."അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് അടുത്തുള്ള ശത്രുവിനെ ആണ്.." എന്ന്...

എത്ര സത്യം...

പറമ്പുകൾ വേർതിരിച്ചിരുന്ന ശീമക്കൊന്ന മാറ്റി ജയിൽ കോമ്പൌണ്ട്

ഓർമ്മിപ്പിക്കുന്ന കൂറ്റൻ മതിലും അതിനെക്കാൾ വലിയ ഗേറ്റും വെച്ച്

വീടുകൾ ഭദ്രമാക്കിയപ്പോൾ നമ്മുക്ക് നഷ്ടമായത് നല്ല അയല്പക്ക

ബന്ധങ്ങളുടെ ഊഷ്മളത ആയിരുന്നു..സൌഹൃദം ആയിരുന്നു..തമ്മിൽ തമ്മിൽ ഉള്ള കെയറിങ് ആയിരുന്നു..

എന്നാലും ഇങ്ങൾ ഒരു സംഭവം തന്നെ ഉമ്മാ !!

Thursday 12 June 2014

ഗൾഫ്‌കാരന്റെ മകൻ

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

നൊസ്റ്റാൾജിയ

നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...

ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ്‌ വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത്‌ ഉള്ള പോലെ...

ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്

ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..

ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...

വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..

മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..

എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...

ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ്‌ ചെയ്യും...

"ഇത് ഒരു രോഗമാണോ ഡോക്ടർ ? "

കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..

എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ? 

ഫുട്ബോൾ അടിയന്തരാവസ്ഥ

ഞമ്മളെ വീട്ടിൽ ഇക്കാന്റെ വക ഇന്ന് മുതൽ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...

നിയമങ്ങൾ ഇപ്പടിയാണ്..

1. ഫുട്ബാൾ കളി നടക്കുന്ന സമയത്ത് മിണ്ടിയാൽ വായിൽ തുണി തിരുകി
plaster ഒട്ടിക്കുന്നതായിരിക്കും..

2. വേൾഡ് കപ്പ്‌ ഫൈനൽ കഴിയുന്നത് വരെ "റിമോട്ട്" ഞമ്മളോ ഇഷുട്ടനൊ
തൊടാനോ പിടിക്കാനോ പാടില്ല..

3.അമ്മ മനസ്, ബാലാമണി,തുടങ്ങിയ സീരിയലുകളുടെ പേര് പോലും കേൾക്കാൻ പാടില്ല...

4.എല്ലാ ദിവസവും രാത്രി ഫ്ലാസ്കിൽ കട്ടൻ കാപ്പി ഇട്ടു വെച്ചിട്ട് ഉറങ്ങണം

5.ഫുട് ബോൾ കളി കഴിഞ്ഞു മിനിമം 3 സ്പോർട്സ് ചാനെലിലെങ്കിലും
അതിന്റെ റിവ്യൂ , ചർച്ചകൾ, പിന്നെ അതിന്റെ highlights ഒക്കെ
കണ്ടെന്നിരിക്കും...എതിർത്ത് ഒരക്ഷരം മിണ്ടിയാൽ വീടിനു പുറത്ത്...

6.ബ്രസീലിന്റെ കളി നടക്കുന്ന അന്ന് കട്ടിലിന്റെ താഴെ കിടക്കണം..

ഉറക്കത്തിൽ സ്വപ്നം കാണുമ്പൊൾ ആവേശം മൂത്ത് ബ്രസൂക്ക ആണെന്ന്
വിചാരിച്ചു ഒരു ചവിട്ടു കിട്ടി കഴിഞ്ഞിട്ട് പിന്നെ കരഞ്ഞു കൊണ്ട് വന്നിട്ട്
കാര്യമില്ല... 

വീട്..എന്റെ സങ്കല്പം

കൊട്ടാരം പോലെ ഉള്ള വീടുകൾ എനിക്ക് കാണാൻ നല്ല ഇഷ്ടമാണ്...

കാണാൻ മാത്രം....!!

വീട് പണിയുമ്പോൾ പക്ഷെ ഒരു കുഞ്ഞു വീട്..

നല്ല ഭംഗിയുള്ള ഒറ്റ നില വീട്..വാർപ്പിട്ടു മുകളിൽ ഓടു പാകണം..നിലത്തു നല്ല മിനുസമുള്ള ചുവന്ന കാവി...

അടുക്കള മുറ്റത്ത് തക്കാളിയും വെണ്ടയും വഴുതിനയും ഒക്കെ ഉള്ള ഒരു കുഞ്ഞു അടുക്കള തോട്ടം..

മുൻവശത്ത് റോസയും മുല്ലയും ഇലഞ്ഞിയും ഒക്കെ പൂത്തു നില്ക്കുന്ന ഒരു പൂന്തോട്ടം..

എല്ലാ ആധുനിക ഉപകരണങ്ങളും must ആണ്..

ഇതൊക്കെയാണ് വീടിനെ പറ്റിയുള്ള എന്റെ ഇപ്പോഴത്തെ concept ...

പണ്ടൊക്കെ എന്റെ സ്വപ്നങ്ങളിലും വലിയ മാളിക വീടുകൾ ആയിരുന്നു..ഒരു വീട്ടമ്മ ആയതിനു ശേഷം അതൊക്കെ മാറി..

ഇതൊക്കെ അടിച്ചു തുടച്ചിട്ടു കഴിയുമ്പോഴേക്കും നടുവിന്റെ ആപ്പീസ് പൂട്ടും...

വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ലത് കുഞ്ഞു വീട് അല്ലെ ....

മക്കൾക്ക് ഒക്കെ വേണ്ടി ആണ് നല്ല സൌകര്യത്തിൽ പണിയുക ...

പക്ഷെ ആണ്‍മക്കൾ വലുതായാൽ ജോലിക്ക് വേണ്ടി വീട്ടില് നിന്നും വിട്ടു നിക്കും..പെണ്മക്കൾ കെട്ടിച്ചു പോകും...

പിന്നെ വീട്ടില് ഉണ്ടാകുക ഉമ്മയും ഉപ്പയും മാത്രം....വയസ്സാകുമ്പോൾ കാലിനും കയ്യിനും വേദന ആകുമ്പോൾ നടന്നു എത്താനും നല്ലത് കുഞ്ഞു വീട്..

ഒരു വീടിന്റെ ശരാശരി ആയുസ്സ് 15-20 വർഷം ആണ്..ഇന്നത്തെ ഫാഷൻ ഒക്കെ out of ഫാഷൻ ആയിട്ടുണ്ടാകും ..മക്കൾ അപ്പോൾ പറയും വീട് പുതുക്കി പണിയണം എന്ന്..അപ്പോൾ പിന്നെ ഇത്ര വർഷത്തേക്ക് എന്തിനാ 50-75 ലക്ഷം നശിപ്പിച്ചു കളയുന്നത് അല്ലെ...

വലിയ വീടിനു ഓരോ വർഷവും പെയിന്റ് അടിക്കാൻ വേണം വർഷാവർഷം ലക്ഷങ്ങൾ..labour cost അനുദിനം വളരുന്ന സാഹചര്യത്തിൽ അതും വെറുതെ ഒരു ചെലവ്...

വീട് ഒരിക്കലും ജീവിക്കാൻ കാശ് ഇങ്ങോട്ട് തരൂലല്ലോ...

നാട്ടുകാരുടെ ഇടയിൽ ചിലപ്പോൾ ലേശം പൊങ്ങച്ചം കുറയുമായിരിക്കും...അതിൽ കുറച്ചുള്ള പൊങ്ങച്ചം ഞമ്മക്ക് മതി...

ഒരു നേരം തിന്നാൻ ഇല്ലാതായാൽ നാട്ടുകാർ കൊണ്ട് തരില്ലല്ലോ.... — feeling വലിയ വീട് ഉണ്ടാക്കുന്നത് പൊങ്ങച്ചം കാട്ടാനാണ് എന്ന് സത്യായിട്ടും എനിക്ക് അഭിപ്രായമില്ല...!! 

Wednesday 11 June 2014

ഇക്കാക്ക് മൂന്നു വരം കൊടുത്താൽ??

"ഇക്കാ...ഈ അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ ജിന്ന് വന്നു ഇങ്ങളോട് 3 വരം തരാം എന്ന് പറഞ്ഞാൽ

ഇങ്ങൾ എന്തൊക്കെയാ ചോദിക്കല് ?"

വെറുതെ ഒരു സംശയം ചോദിച്ചതാണ്...ഉടനെ വന്നു ഉത്തരം..

"ആദ്യം വേറെ ഒരു ബീവീനെ തരാൻ പറയും...കുറച്ചും കൂടി സമാധാനം തരുന്ന, വർത്താനം കുറച്ചു പറയുന്ന ബീവി "

"ങേ....ആയിക്കോട്ട് ....അപ്പൊ രണ്ടാമത്തേ വരം?"

"പിന്നെ മരിച്ചു കഴിഞ്ഞാൽ സ്വർഗം .."

"സമ്മതിച്ചു..ഇനി മൂന്നാമത്തെ വരം...?"

"അത് നീ എടുത്തോ...ഇത് രണ്ടും രണ്ടും കിട്ടിയാൽ പിന്നെ വേറെ ഒന്നും ഇല്ലെങ്കിലും ഞമ്മൾ ഹാപ്പിയാ..."

"ങേ...."

ഡാഡി മമ്മി

ജോലി കഴിഞ്ഞു വീട്ടിൽ പോകുന്ന വഴി മോനെയും കൂട്ടി പാർക്കിൽ പോവാറുണ്ട്...ഊഞ്ഞാൽ ആടി , ഒന്ന് ചാടി തുള്ളി കളിക്കുന്നത് അവനും വലിയ സന്തോഷാണ്....

ഇന്നലെ പോയപ്പോൾ അവിടെ ഒരു മലയാളി കുടുംബം...അമ്മ , അച്ഛൻ, രണ്ടു കുട്ടികൾ..ഞങ്ങൾ പരിചയപ്പെട്ടു...

ഒരു കുട്ടിക്ക് ഇഷാന്റെ ഒപ്പം പ്രായം...മൂന്നര വയസ്സ് ...ഞാൻ നോക്കിയപ്പോൾ ആ കുട്ടികൾക്ക് ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ അറിയൂ...

എന്റെ മോന് മലയാളം മാത്രമേ അറിയൂ..അവനോടു ആ കുട്ടികൾ സംസാരിക്കുമ്പോൾ അവൻ വായും പൊളിച്ചു നോക്കുന്നു ...

ആ അച്ഛനും അമ്മയ്ക്കും അത് കണ്ടു "അഭിമാനം !!"...

"അല്ലാ..അപ്പൊ നിങ്ങൾ രണ്ടാളും ഇത്രേം വിദ്യാഭ്യാസം ഒക്കെ ഉള്ളവർ ആയിട്ടും കുഞ്ഞിനെ ഇംഗ്ലീഷ് ഒന്നും പഠിപ്പിച്ചില്ലേ ...

ഞങ്ങൾ ആണെങ്കിൽ കുട്ടികളുടെ മുന്നില് ഇംഗ്ലീഷ് മാത്രേ സംസാരിക്കൂ" എന്ന് അമ്മ...

ഞാൻ പറഞ്ഞു..."അവൻ ആദ്യം മലയാളം പഠിക്കട്ടെ..

പിന്നെ ഇവിടെയാണ്‌ പഠിക്കുന്നതെങ്കിൽ അവൻ ഉറപ്പായിട്ടും ഇംഗ്ലീഷ് പഠിക്കും...പക്ഷെ നമ്മൾ പഠിപ്പിച്ചില്ലെങ്കിൽ അവൻ ഒരിക്കലും മലയാളം പഠിക്കില്ല " എന്ന്


സത്യം പറയാലോ..എനിക്ക് ആ കുടുംബത്തോട് സഹതാപമാണ് തോന്നിയത്...

കുട്ടികൾ മലയാളം സംസാരിക്കില്ല എന്ന് അന്തസ്സായി കാണുന്ന കുറെ ഡാഡി മമ്മീസ്..

ഇംഗ്ലീഷ് നല്ല ഭാഷയാണ്...ഭാവിയിൽ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രവീണ്യം ഒരു asset ആണ്...ഞാനും ന്റെ മോനെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയേ ചേർക്കുകയുള്ളൂ ....

പക്ഷെ സ്വന്തം ഭാഷ പഠിപ്പിക്കാതെ ഇരിക്കണോ...

"മലയാലം കൊരചു കൊരച്ചു അരിയാം " എന്ന് മക്കൾ പറയുന്നത് നമുക്ക്

അഭിമാനമായിരിക്കും "...പക്ഷെ കേൾക്കുന്ന മറ്റുള്ളവര്ക്ക് പുച്ഛം ആവും തോന്നുന്നത്....

സായിപ്പിനോടും അന്യ ഭാഷക്കാരോടും അവർ ഇംഗ്ലീഷിൽ സംസാരിക്കട്ടെ...

പക്ഷെ...

അവർ മലയാളത്തിൽ ചിന്തിക്കട്ടെ...

മലയാളത്തിൽ സ്വപ്നം കാണട്ടെ...

Monday 9 June 2014

മഴക്കാലം പനിക്കാലം

മഴക്കാലം വരവായി...കൂടെ പനിക്കാലവും...

വായിൽ കൊള്ളാത്ത ,ഇത് വരെ കേട്ടിട്ട കൂടി ഇല്ലാത്ത പല തരം പനികൾ നമ്മൾ കേട്ട് തുടങ്ങിയത് ഈ അടുത്ത കാലത്താണ്...

ചിക്കൻ ഗുനിയ, തക്കാളിപ്പനി,മങ്കി പനി ,എലിപ്പനി,പൂച്ചപ്പനി, അങ്ങനെ പല തരം ..

നമ്മൾ മലയാളികൾ ദിവസം രണ്ടു പ്രാവശ്യം കുളിക്കും...വീട്ടില് ഒരു തരി മണ്ണ് പോലും വരാതെ അടിച്ചു തുടച്ചിടും ..പക്ഷെ ചവറു വാരി ആരാന്റെ പറമ്പിൽ കൊണ്ടിടും...അതിനു പറ്റിയില്ലെങ്കിൽ അടുത്തുള്ള പുഴയിൽ , തോട്ടിൽ, റോഡ്‌ സൈഡിൽ ...

ഏറ്റവും അവസാനം പറയും " സർക്കാർ വെറും പോക്കാണ്...ഒരു പണിയും ചെയ്യൂല "എന്ന്...

കളി കാര്യമാവുന്നത് മഴക്കാലം തുടങ്ങുമ്പോഴാണ്...മഴവെള്ളം ഈ മാലിന്യം കൂടി കുത്തിയൊലിച്ചു ആദ്യം ജല സോതസൃകൾ മലിനീകരിക്കുന്നു...ചവറോട് കൂടി കെട്ടി നിന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു...അങ്ങനെ നമ്മൾ സ്വന്തം ചിലവിൽ കൊതുക്, എലി, എന്നിവയെ വളർത്തുന്നു ..

കൊച്ചി പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരു പകര്ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ടാൽ മറ്റൊരു "സൂറത്ത് " ആവർത്തിക്കപ്പെടും ...ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...

മാലിന്യം ഉണ്ടാവുന്നിടത് തന്നെ അതിനെ ഇല്ലാതാക്കുക എന്നത് നല്ലൊരു ആശയമാണ്...

ഓരോ വീട്ടിലും ഉണ്ടാവണം ഓരോ "waste മാനേജ്‌മന്റ്‌ unit "...biproduct ആയ കിട്ടുന്ന ബയോഗ്യാസ്‌ പാചകത്തിന് ഉപയോഗിക്കാം..വളം അടുക്കള തോട്ടത്തിലും...പച്ചക്കറിയിലും ഉണ്ടാവട്ടെ നമ്മുടെ സ്വാശ്രയത്വം...

"prevention is better than cure " എന്നാണല്ലോ...

പക്ഷെ ഇപ്പോഴുള്ള മാലിന്യ പ്രശ്നം സർക്കാരും ജനങ്ങളും ഒത്തൊരുമിച്ചു അടിയന്തര പ്രാധാന്യം നല്കി പരിഹരിക്കേണ്ടതുണ്ട്...

കൊതുകിനു അറിയില്ലല്ലോ കോർപറേഷനും സർക്കാരും തമ്മിലുള്ള അടിയും അടിയോഴുക്കുകളും!!..

സ്വയം സജ്ജരാകൂ ..ഒപ്പം പ്രതികരിക്കൂ

ഒരു ചിന്ത

പ്രവാസികളെ...

നിങ്ങളിൽ പലര്ക്കും ഉള്ള സങ്കടമാണ് മക്കളോടും കുടുംബത്തോടും ഒപ്പം സമയം കിട്ടുന്നില്ല..സ്നേഹം കൊടുക്കാൻ പറ്റുന്നില്ല എന്നത്...

പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ..

എത്ര സമയം ഒന്നിച്ചു ചിലവഴിച്ചു എന്നുള്ളതല്ല..എങ്ങനെ ഉള്ള സമയം ചിലവഴിച്ചു എന്നതാണ് പ്രധാനം..i mean quality time..

അങ്ങനെ വരുമ്പോൾ നിങ്ങളാണ്‌ കൂടുതൽ quality time നിങ്ങളുടെ കുടുംബത്തിനു നല്കുന്നത് എന്നുറപ്പാണ്..

ഞാൻഒരു ഉദാഹരണം പറയാം..നാട്ടിൽ ഉള്ള ഒരു അച്ഛൻ..രാവിലെ 7 മണിക്ക് ജോലിക്ക് പോകും..വരുന്ന വഴിക്ക് കൂട്ടുകാരോട് സംസാരിച് വീട്ടില് എത്തി കുറച്ച നേരം ടിവി കാണുന്നു..മക്കൾ പഠിക്കുന്നു..ഉറങ്ങുന്നു...പലപ്പോഴും ഭാര്യ മക്കൾ തമ്മിലുള്ള സംസാരം വരെ വളരെ കുറവാണ്..

എനിക്കറിയാം..നിങ്ങൾ എല്ലാവരും തന്നെ നാട്ടിലേക്ക് ദിവസം ഒരു മണിക്കൂർ എങ്കിലും സംസാരിക്കുന്നവരാണ്‌..പലപ്പോഴും അത് മണിക്കൂറുകൾ ആണ്...

എല്ലാ വിഷയങ്ങളും ഭാര്യയും ഭർത്താവും സംസാരിക്കുന്നു..

കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും മക്കൾ ആദ്യം അറിയിക്കുന്നത് ഗൾഫിലുള്ള ഉപ്പയെ ആണ്..

അവർ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നു

ഒരു കട്ടിലിൽ ഒന്നിച്ചു ഉറങ്ങിയാൽ മാത്രം സ്നേഹം ആവില്ല..ഒരു കൂരയ്ക്ക് താഴെ വർഷങ്ങളോളം ജീവിച്ചാലും..

ഒരു വർഷത്തിൽ ഒരു മാസം നാട്ടിലെത്തുന്ന നിങ്ങൾക്ക് ഉണ്ടാവുന്ന
മനസിലെ ത്വര..11 മാസത്തെ സ്നേഹം മുഴുവൻ ഒന്നിച്ചു
നൽകുമ്പോൾ..ഈ ഒരു മാസം മുഴുവൻ quality time ആയി മാറുന്നു...

പലപ്പോഴും നാട്ടിൽ വാപ്പ ഒന്നിച്ചുള്ള മക്കൾക്ക് അവർ നൽകുന്നതിനേക്കാൾ കൂടുതലാണ് അത്..ഓരോരുത്തരും നിങ്ങളെ സ്നേഹിക്കാൻ മത്സരിക്കുന്നതും അത് കൊണ്ട് തന്നെ...

ചൂഷണം ചെയ്യുന്ന നാട്ടുകാരെയും ബന്ധുക്കളെയും വിടൂ..നിങ്ങളുടെ ഉമ്മ, ഉപ്പ, ഭാര്യ , കുഞ്ഞു മക്കൾ എന്നിവരൊക്കെ നിങ്ങളെ

കാത്തിരിക്കുന്നു..സ്നേഹിക്കുന്നു....നിങ്ങളുടെ ത്യാഗം മനസ്സിൽ ഒരു നീറ്റലായി കൊണ്ട് നടക്കുന്നു...

മനസു നിറയെ സ്നേഹിക്കാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ...

സ്നേഹിക്കപ്പെടാനും...  

ചാനൽ പാചകം

ഈ സിനിമാ നടികൾക്ക് അറിയാവുന്ന പണി ചെയ്ത പോരെ ആവോ...

അഭിനയിക്കാൻ ആരും വിളിക്കാത്ത തൊഴിൽ രഹിതവേതനം വാങ്ങുന്ന നടിമാര് ഇപ്പൊ ചാനൽ കേറി ഇറങ്ങി പാചക കസർത്ത് നടത്തുന്നു....

പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നത് കേട്ടാൽ ശരിക്കും കൊതിയാകും...

അത് കേട്ട് പരീക്ഷിക്കാൻ എന്നെ പോലെത്തെ കൊറേ "ബുദ്ധൂസ്" പെണ്ണുങ്ങളും...

ഇന്നലെ ഒരു നടി പുതിയ ഒരു ഐറ്റം അവതരിപ്പിച്ചു..
"ഹണി സ്വീറ്റ് ചിക്കൻ"...കേട്ടപ്പോ നല്ല ഗമണ്ടൻ സംഭവം..

ഇക്കനോട് വീമ്പിളക്കി..."ഇങ്ങൾ നോക്കിക്കോ...ഇന്നത്തെ ഡിന്നർ കണ്ടു ഇങ്ങൾ ഞെട്ടും "

ഇക്ക പറഞ്ഞു " അയ്യോ...പ്ലീസ്‌...ഞെട്ടിക്കരുത്...!!"

ഞാൻ കിച്ചണിൽ കയറി ലവൾ പറഞ്ഞത് അളവ് കടുകിട തെറ്റാതെ അതെ പോലെ ചെയ്തു...

ഫൈനൽ പ്രോഡക്റ്റ് രുചിച്ചു നോക്കിയപ്പോൾ പണി പാളി എന്ന മനസിലായി..മല്ലി മുളക് ഇതൊന്നും ഇല്ലാത്തതു കൊണ്ട് ഇറച്ചിചുവ മുഴച്ചു നിക്കുന്നു...തേനും മല്ലിയിലയും കീരിയും പാമ്പും പോലെ ചേരാതെ കടും പിടുത്തം പിടിച്ചു നില്ക്കുന്നു...ആകെ മധുരമയം..
നല്ല വൃത്തികെട്ട ടേസ്റ്റ്...

പിന്നെ നേരെ ഇക്കാന്റെ അടുത്ത് ചെന്ന് 500 വാൾട്ട് സ്നേഹം വരിഞ്ഞൊഴുകി ഒരൊറ്റ ചോദ്യം..

"എന്നാ പിന്നെ ഡിന്നർ പുറത്തു നിന്ന് കഴിച്ചാലോ...?"

എന്റെ മുഖത്തെ ദയനീയ ഭാവം കണ്ടു മൂപ്പര പൊട്ടിച്ചിരിച്ചു...ഞാനും....

അത് കഴിഞു ഇക്ക പറഞ്ഞത് എനിക്ക് നല്ല സന്തോഷായി..

ഇക്ക പറയാ.."നീ ഉണ്ടാക്കണ വറുത്തരച്ച ചിക്കൻ കറീടെ നാല് അയലത്ത് വരൂലെടീ ലവള്മാരുടെ ഒരു ഹണി ചിക്കനും " എന്ന്... 

റിയാലിറ്റി ഷോ

ഇന്നലെ ഒരു പ്രമുഖ ചാനലിൽ ഒരു ഡാൻസ് റിയാലിറ്റി ഷോ കണ്ടു...

കുട്ടികൾ എല്ലാം വളരെ talented ആണ്...ചില കുട്ടികൾ perform ചെയ്യുന്നത് കണ്ടപ്പോൾ അതിശയം..ഇത്ര ചെറുപ്പത്തിലെ !!....

പക്ഷെ പരിപാടിയുടെ അവതരണം അസഹനീയം..

അവതാരകനെയും പങ്കെടുക്കുന്ന പെണ്‍കുട്ടികളെയും ചേർത്ത് കളിയാക്കുക...

പെണ്‍കുട്ടികളെ കൊണ്ട് പയ്യനായ ജഡ്ജിനെ propose ചെയ്യിക്കുക..സംസാരത്തിൽ മൊത്തം അശ്ലീല ചുവ...

അങ്ങനെ പോകുന്നു കാര്യങ്ങൾ....

ചുരുക്കി പറഞ്ഞാൽ ക്യാമറയ്ക്ക് പുറത്ത് ആണെങ്കിൽ ഇതു അപ്പനും അമ്മയും അവന്മാരുടെ മോന്തക്കുറ്റി നോക്കി അടി കൊടുക്കുമായിരുന്ന രംഗങ്ങൾ....

അതിനിടയിൽ കുറച്ചു പാവപ്പെട്ട ഒരു പയ്യനെ വച്ചുള്ള കുറെ emotinal dramas ....

റിയാലിറ്റി ഷോകൾ കഴിവുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള നല്ല platforms നല്കുന്നുണ്ട്....

പക്ഷെ പെട്ടെന്ന് ഒരു ദിവസം കിട്ടുന്ന താര പദവി ചിലപ്പോഴൊക്കെ കുട്ടികല്ല്ക് വിനയായും ഭവിക്കാം ...എങ്കിലും

പോസിറ്റീവ് സൈഡ് തന്നെയാണ് കൂടുതൽ എന്ന് തോന്നുന്നു....

പക്ഷെ വ്യത്യസ്ഥതയ്ക്ക് വേണ്ടി കാട്ടുന്ന പേക്കൂത്തുകളും

വൈകാരികത കാട്ടാൻ ഉള്ള ക്യാമറയ്ക്ക് പിന്നിലുള്ള അടിയും പിടിയും

കരച്ചിലും ഒക്കെ ഒഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...നേരെ വാ...നേരെ പോ ...അതെല്ലേ .നല്ലത്?

പിണക്കം

"ടീ ..നീ ഒന്ന് മിണ്ടാതെ ഇരികുന്നുണ്ടോ..എന്തൊരു വൃത്തികെട്ട ഒച്ചയാ ഇത്...കെരെ കേരെ കേരെ "

ഇക്കയാണ്‌...

"ഇപ്പൊ അങ്ങനെ ആയല്ലേ...

ഇങ്ങൾ പണ്ട് എന്തൊക്കെയാ പറഞ്ഞത്..നിന്റെ സൌണ്ട് തേങ്ങാ ആണ്..മാങ്ങ ആണ്.....

എനിക്ക് എല്ലാം മനസിലാവുന്നുണ്ട്..

ഞാനെന്റെ വീട്ടില് പോവാണ് ..എന്റെ ഉമ്മക്കും ഉപ്പാക്കും എന്റെ ഒച്ച ഇപ്പളും തേനാണ്...

ഇങ്ങൾ ആ വാർത്ത‍ ചാനൽ മൊത്തം അരച്ച് കലക്കി കുടിച്ചു ഇവിടെ ഇരുന്നോ..... "

ഇന്ന് വീട്ടിൽ നടന്ന അടി...

ഇനി ഫ്ലാഷ് ബേക്ക് ..

ഒരു 5 വർഷം മുമ്പ് നിക്കാഹും കഴിച്ചു കല്യാണം കഴിക്കാതെ ഇക്ക ഗൾഫിലും ഞമ്മൾ ഹോസ്റ്റലിലും ഉണ്ടായിരുന്ന കാലം ...

വീട്ടുകാരുടെ സമ്മതത്തോടെ ഫുൾ ടൈം ഫോണ്‍ പഞ്ചാര ..

"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

എന്ന് ഞാൻ അറിയാതെ ..." ഈ പാട്ട് കേൾക്കാതെ മൂപ്പർക്ക് ഉറക്കം വരൂല..അതും എന്റെ മനോഹരമായ ശബ്ദത്തിൽ...

നിന്റെ ശബ്ദം എത്ര മനോഹരമാണ് പ്രിയേ....എന്ന് അന്ന് പറഞ്ഞിരുന്ന ആ ഇക്ക ...

ഞമ്മളിപ്പം കരയും..ങ്ങീ ങ്ങീ ങ്ങീ — feeling അല്ലെങ്കിലും ഇങ്ങക്കിപ്പം ഞമ്മളോട് പണ്ടത്തെ അത്ര ഇഷ്ടം ഇല്ല....ങ്ങീ ങ്ങീ.  

Wednesday 4 June 2014

ഞാനും പഠിച്ചേ

"ഇങ്ങൾ ആ ചുരിദാർ അലക്കിയാ? ഇങ്ങക്ക് പ്രാന്തായാ രഹിലത്താ? "

നാത്തൂൻ തലയിൽ കയ്യും വെച്ച് ചോദിക്കുന്നു...

അലക്കി കളർ പെരങ്ങി ചളം കൊളമായ ചുരിദാറും പിടിച്ചു ഇതികർത്തവ്യമൂഡയായി നില്ക്കുന്ന എന്നെ കണ്ടാണ്‌ ചോദ്യം...

"ശോ..നല്ല ഭംഗിയുള്ള ചുരിദാർ ആയിരുന്നു...ഇങ്ങലെന്തിനാ ബേണ്ടാത്ത പണിക്ക് പോയെ..."

"ബേണ്ടാത പണിയാ ...അലക്കാതെ പിന്നെ ?"

അവളുടെ ഉത്തരം കേൾക്കണോ ..?

ആരും ഇപ്പോൾ നല്ല പുതിയ ഡ്രസ്സ്‌ അലക്കില്ല്ല...

കല്യാണത്തിന് പോകുമ്പോ ഇടും...വെയിലത്തിടും ...എടുത്തു വെക്കും...

പിന്നേം ധരിക്കും...വെയിലത്തിടും ...ഇങ്ങനെ ഒരു 10 പ്രാവശ്യം ഉപയോഗിക്കുക..പിന്നെ ഡ്രൈ വാഷിനു കൊടുക്കുക...

ഇതാണ് പോലും പോളിസി

കാലം പോയ പോക്കേ...

ഈശ്വരെ രക്ഷതു — feeling ഇനി ഞമ്മളും അലക്കൂല...സത്യം..സത്യം..സത്യം.

പൂതി...

ഒന്നാം ക്ളാസ്സിൽ പഠിക്കുമ്പോൾ എത്രയും പെട്ടെന്ന് നാലാം ക്ളാസ്സിൽ എത്താൻ ആയിരുന്നു പൂതി...

നാലിലെത്തിയാൽ ബെഞ്ചിൽ ഇരുന്നു ഡസ്കിൽ വെച്ച് എഴുതാം ..

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബെഞ്ച്‌ മാത്രമേ ഉള്ളൂ..ഡസ്ക് ഇല്ല...

നാലിൽ എത്തിയപ്പോൾ പൂതി UP സ്കൂളിൽ എത്താനായി...

അപ്പോൾ പിന്നെ എന്നും ബസ്സിൽ പോവാം...വീടിനടുത്തുള്ള LP സ്കൂളിൽ നടന്നു പോയി മടുത്തു...

ചുരിദാർ ഇടാൻ മോഹിച്ചായിരുന്നു ഹൈ സ്കൂളിൽ എത്താൻ മോഹിച്ചത്...

+2 സയൻസ് കുട്ടികള്ക്കുള്ള ലാബ്‌ കണ്ടിട്ട് കൊതിച്ചു +2 യ്ക്ക് എത്താൻ പൂതി...

കോളേജിൽ എത്തിയപ്പോൾ സ്വപ്നം കണ്ടത് നക്ഷത്ര കണ്ണുള്ള ഒരു പുത്യാപ്ളെനെ ...

ഒപ്പം കുഞ്ഞുങ്ങളും ജോലിയും ഒക്കെയുള്ള തിരക്കുള്ള ഒരു വീട്ടമ്മ ആവാൻ എന്റെ ഉമ്മാനെ പോലെ.......

ഇപ്പോൾ വീണ്ടും പൂതി തോന്നുന്നു...

സ്കൂൾ ബാഗും വാട്ടർ ഫ്ളാസ്കും പോപ്പി കുടയും എടുത്തു ഉപ്പാന്റെ കയ്യും പിടിച്ചു,ഒന്നാം ക്ളാസ്സിൽ ശാരദ ടീച്ചറുടെ "കുഞ്ഞി റാഹിക്കുട്ടി"ആവാൻ...

മഴ പെയ്യുമ്പോൾ ആരും കാണാതെ മഴ നനയാൻ...

ഉമ്മ കാണുമ്പോൾ ശകാരിച്ചു സ്നേഹത്തോടെ തല തോർത്തി തരാൻ...

ഉമ്മാമ്മ പറയുന്ന കഥ കേൾക്കാൻ ..

അനിയനോടും അനിയത്തിയോടും തല്ലുണ്ടാക്കാൻ...പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ...

പിന്നെ വീണ്ടും സ്വപ്നം കാണാൻ...എന്നും കുഞ്ഞായിരിക്കാൻ....

ഒരിക്കലും വളരാതിരിക്കാൻ ..

അങ്ങനെ അങ്ങനെ അങ്ങനെ....

എന്നാലും എന്റെ ഇശൂട്ടന്റെ പിന്നാലെയുള്ള ഓട്ടവും ഇക്കാനോടുള്ള കൂട്ടും ഞമ്മക്ക് പെരുത്തിഷ്ടാ ട്ടോ .... 

പെണ്ണ്

പെണ്ണ് ....

പട്ടിണിയും തൊട്ടു കൂടായ്മയിലും ഉള്ള ദളിത്‌ സ്ത്രീയാലും

പദവിയും അധികാരവും ഉള്ള IAS ഓഫീസർ ആയാലും

പെണ്ണെ...നീയെന്നും പെണ്ണ് മാത്രം...

സ്വാതന്ത്യം എന്നാ വാക്ക് പോലും നിനക്ക് നിഷിദ്ധമാണോ ?

നാട്ടിലോ വീട്ടിലോ ജോലി സ്ഥലത്തോ ...

എവിടെയാണ് നീ സുരക്ഷിതയായിട്ടുള്ളത്...?

ഇല്ല...എവിടെയും ഇല്ല

പക്ഷെ പെണ്ണെ..നീ അറിയുക...

നീ ഇപ്പോൾ ഒരു പുറം തോടിനകത്താണ്..

നാണത്തിന്റെ, അജ്ഞതയുടെ,ഭയത്തിന്റെ, പിന്നെ സമൂഹത്തിന്റെ ...

പക്ഷെ ആ പുറം തോടിനകത്തുണ്ട്...നീ...നിന്റെ ശക്തി...നിന്റെ ധൈര്യം...

തിരിച്ചറിയൂ നിന്റെ ശക്തിയുടെ ജ്വാലകൾ...

പിന്നെ വെന്തെരിയും ഈ സമൂഹ വേലിക്കെട്ടുകൾ...

നിന്റെ കയ്കൾ ഇനി കുപ്പിവളകൾ കിലുങ്ങാൻ മാത്രമല്ല...

അതിനു കാരിരുമ്പിന്റെ ശക്തി വരട്ടെ..

നിന്റെ നേരെ ഉയരുന്ന കയ്കൾ വെട്ടി അറിഞ്ഞെടുക്കാൻ...

പാദസരം കിലുങ്ങുന്ന കാലുകൾ ഭൂമിയിൽ ഉറച്ചു വെക്കൂ..

ആ ശബ്ദം കേട്ട് നടുങ്ങട്ടെ ആ ഭ്രാന്തന്മാർ..

അതെ..നീ പെണ്ണാണ്‌...

കാരിരുമ്പിന്റെ ഉൾക്കരുത്തുള്ള പെണ്ണ്....

തിരിച്ചറിയൂ..തിരിച്ചറിയൂ

ആദ്യ ദിനം സ്കൂളിൽ

ഇന്ന് ആദ്യായിട്ട് സ്കൂളിൽ പോയ കണ്മണികളുടെ അമ്മമാരുടെ കാര്യം നല്ല രസായിരിക്കും..

ഇതേവരെ തന്റെ വാലിൽ തൂങ്ങി നടന്ന കുഞ്ഞു ഇച്ചൂളിൽ പോയ ശൂന്യത പല അമ്മമാര്ക്കും ഉണ്ടാകും..

അത് കൊണ്ട് തന്നെ നാല് മണിയാവാൻ അവർ വീട്ടുമുറ്റത്ത് കാത്തു നില്ക്കും..കുഞ്ഞു വായിലെ വലിയ വിശേഷങ്ങൾ അറിയാൻ...

മിക്ക കുഞ്ഞുങ്ങളും അമ്മയെ കണ്ട പാതി കാണാത്ത പാതി കരച്ചിൽ തുടങ്ങും...

അമ്മ എന്നാലും എന്നെ ഒറ്റക്കാക്കി ലെ എന്നാ പരാതിയും...

പുതിയ ബാഗും യുണിഫോര്മും കുടയും പുസ്തകവും ഒക്കെ കിട്ടിയ ആവേശത്തിൽ പോയിപ്പോയതാവും ഇന്ന് സ്കൂളിൽ...അവിടെ
എത്തിയപ്പോഴയിരിക്കും പണി പാളിയത് മനസ്സിലായിടുണ്ടാവുക...ഹഹ

ഇന്നിനി അമ്മേനെ അങ്ങോട്ടോ ഇങ്ങോട്ടോ പോലും തെറ്റാൻ വിടൂല..എങ്ങാനും പോയാലോ

ഉറങ്ങുമ്പോൾ അമ്മയെ കെട്ടിപ്പിടിക്കും..ഉറക്കത്തിൽ പല തവണ തപ്പിനോക്കും അമ്മ ഉണ്ടോ എന്ന്...

സാധാരണ അമ്മയേക്കാൾ മുന്നേ ഉണരുന്ന ആൾ എടുത്തു ബാത്‌റൂമിൽ ഷവറിന്റെ താഴെ നിറുത്തിയാൽ പോലും കണ്ണ് തുറക്കില്ല...

അല്ലെങ്കിൽ രാവിലെ തന്നെ തല വേദന, വയറ വേദന...ഇതിൽ ഏതെങ്കിലും ഉണ്ടാകും..

അമ്മയെ വിട്ടു നില്ക്കുന്ന സ്‌ട്രെസ് ..അതാണ്‌ വയർ വേദന ആയി manifest ചെയ്യപ്പെടുന്നത്...

സാരമില്ല...ഒരാഴ്ച...!!

അത് കഴിഞ്ഞാൽ കളിക്കാനും കൂട്ടുകൂടാനും നല്ല കൂട്ടുകാരെ കിട്ടുമ്പോൾ പിന്നെ വീണ്ടും ഉത്സാഹം ആവും..

അതോടെ അമ്മക്കുട്ടി ടീച്ചർക്കുട്ടി ആവും...

പിന്നെ വായ നിറയെ "മിന്നു പിച്ചി..അമ്മു മാന്തി..ടിന്റു എന്റെ പുത്തകം കീറി"...ഇതൊക്കെ ആയിരിക്കും

അടുത്ത കൊല്ലം ഇന്ഷാ അല്ലാഹ്..എന്റെ ഇഷൂട്ടനും ഒരു ഇച്ചൂൽ കുട്ടി ആവും...

കാത്തിരിക്കുന്നു ഒരു അമ്മ മനസുമായി... 

ആധുനിക കവിത

ഉഗാണ്ട തീരത്ത് കാറ്റടിച്ചപ്പോൾ
ചക്കപ്പഴം പൊട്ടിച്ചിരിച്ചു...

അഭിനവ നീലി സരിത യക്ഷിക്ക്
നട്ടുച്ചക്ക് മത്തി പുഴുക്ക് ...
നാല് മണിക്ക് ചിക്കൻ നുഡിൽസും
കുടപിടിക്കാൻ നിതീഷ്കുമാറും ഷാനിമോളും...
വിറ്റു കാശാക്കാൻ മംഗളം ...

ഡീസൽ വില കേട്ട് തളർന്നൊരു തമ്പ്രാനു
ദാഹമകറ്റാൻ കൊക്ക കോള മതി...

ഉള്ളി വില സെഞ്ച്വറി തികച്ചപ്പോ
ചാണ്ടിച്ചായനു മാധ്യമ ധ്വംസനം

ജ്ഞാനപ്പാന റീ മിക്സ്‌ മ്യൂസിക്‌ കൊണ്ട് ...
ഐ പി എല്ലിൽ ക്രിക്കറ്റ്‌ പൊങ്കാല

എയർടെൽ പരസ്യത്തിലെ പെണ്ണിനും ചെക്കനും
നാളെ കഴിഞ്ഞു കല്യാണം

സിക്സർ അടിച്ചൊരു ബോൾ പോയി
ഓസോണ്‍ പാളി പൊട്ടിത്തകർന്നു

ഫ്രീകി പയ്യന്റെ അടിപൊളി പോട്ടം
പിന്നേം പിന്നേം bro ,plz like my pic...
മോന്ത ബുക്കിൽ ലൈക്‌ വെടിയൊച്ച...
ചായക്കോപ്പയിൽ തിരയിളക്കം ...

എയർടെൽ പരസ്യത്തിലെ പെണ്ണിനും ചെക്കനും
നാളെ കഴിഞ്ഞു കല്യാണം 

നയം വ്യക്തമാക്കുന്നു

അല്ലെടോ...പൈസ പെട്ടിയിൽ വച്ച് പൂത്താലും ഒരുർപ്യ ഞമ്മൾ വേറെ ഒരു മനുസന് കൊടുക്കൂല...

അങ്ങനെ ഉള്ള ഞമ്മക്ക് പാവപ്പെട്ട കുറെ മനുസന്മാരെ പോറ്റുന്ന ആൾക്കാരെ പറയാൻ എന്ത് അധികാരാ ?

പിന്നെ...തമിളനായാലും ബംഗാളി ആയാലും മനുഷ്യന്മാർ അല്ലെടോ...

ആ കുഞ്ഞികുട്ട്യൾ ഇവിടുന്നു നല്ല ഭക്ഷണം കയ്ച്ചു നല്ല ഇസ്കൂൾ പോയി നല്ലോണം ജീവിക്കട്ടെടോ...

ഒലെ നാട്ടിൽ അതിനു സൌര്യം ഇല്ലാത്തതു കൊണ്ടല്ലേ ഇങ്ങളെ അട്ത്ത് ബന്നിനി...



പക്ഷേങ്കില് , ഒരു സ്ഥാപനം നടത്തുമ്പോ അതിന്റെ മട്ടിലും മാതിരിയിലും ഒക്കെ നടത്തണ്ടേ...

കുട്ട്യോളെ കള്ളാസ് , ഉമ്മന്റെം ഉപ്പന്റെം ഒപ്പ് ഒക്കെ ബേണം എന്നാ നിയമം എങ്കിൽ അത് അതെ പോലെ ബാങ്ങണം...

അതൊന്നും ഇല്ലെങ്കിൽ അതെല്ലും നോക്കാൻ അധികാരം ഉള്ളവർ കേസ് എടുക്കും...

അപ്പൊ അവരെ "ഞഞ്ഞാ പിഞ്ഞാ " പറഞ്ഞിട്ടും കാര്യമില്ല... 

Saturday 31 May 2014

പാഠം ഒന്ന് ..ഒരു വിലാപം

"ഇങ്ങൾ ആ ചുരിദാർ അലക്കിയാ? ഇങ്ങക്ക് പ്രാന്തായാ രഹിലത്താ? "

നാത്തൂൻ തലയിൽ കയ്യും വെച്ച് ചോദിക്കുന്നു...

അലക്കി കളർ പെരങ്ങി ചളം കൊളമായ ചുരിദാറും പിടിച്ചു ഇതികർത്തവ്യമൂഡയായി നില്ക്കുന്ന എന്നെ കണ്ടാണ്‌ ചോദ്യം...

"ശോ..നല്ല ഭംഗിയുള്ള ചുരിദാർ ആയിരുന്നു...ഇങ്ങലെന്തിനാ ബേണ്ടാത്ത പണിക്ക് പോയെ..."

"ബേണ്ടാത പണിയാ ...അലക്കാതെ പിന്നെ ?"

അവളുടെ ഉത്തരം കേൾക്കണോ ..?

ആരും ഇപ്പോൾ നല്ല പുതിയ ഡ്രസ്സ്‌ അലക്കില്ല്ല...

കല്യാണത്തിന് പോകുമ്പോ ഇടും...വെയിലത്തിടും ...എടുത്തു വെക്കും...

പിന്നേം ധരിക്കും...വെയിലത്തിടും ...ഇങ്ങനെ ഒരു 10 പ്രാവശ്യം ഉപയോഗിക്കുക..പിന്നെ ഡ്രൈ വാഷിനു കൊടുക്കുക...

ഇതാണ് പോലും പോളിസി

കാലം പോയ പോക്കേ...

ഈശ്വരെ രക്ഷതു

ഒരു വട്ടം കൂടി

ഒന്നാം ക്ളാസ്സിൽ പഠിക്കുമ്പോൾ എത്രയും പെട്ടെന്ന് നാലാം ക്ളാസ്സിൽ എത്താൻ ആയിരുന്നു പൂതി...

നാലിലെത്തിയാൽ ബെഞ്ചിൽ ഇരുന്നു ഡസ്കിൽ വെച്ച് എഴുതാം ..

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബെഞ്ച്‌ മാത്രമേ ഉള്ളൂ..ഡസ്ക് ഇല്ല...

നാലിൽ എത്തിയപ്പോൾ പൂതി UP സ്കൂളിൽ എത്താനായി...

അപ്പോൾ പിന്നെ എന്നും ബസ്സിൽ പോവാം...വീടിനടുത്തുള്ള LP സ്കൂളിൽ നടന്നു പോയി മടുത്തു...

ചുരിദാർ ഇടാൻ മോഹിച്ചായിരുന്നു ഹൈ സ്കൂളിൽ എത്താൻ മോഹിച്ചത്...

+2 സയൻസ് കുട്ടികള്ക്കുള്ള ലാബ്‌ കണ്ടിട്ട് കൊതിച്ചു +2 യ്ക്ക് എത്താൻ പൂതി...

കോളേജിൽ എത്തിയപ്പോൾ സ്വപ്നം കണ്ടത് നക്ഷത്ര കണ്ണുള്ള ഒരു പുത്യാപ്ളെനെ ...

ഒപ്പം കുഞ്ഞുങ്ങളും ജോലിയും ഒക്കെയുള്ള തിരക്കുള്ള ഒരു വീട്ടമ്മ ആവാൻ എന്റെ ഉമ്മാനെ പോലെ.......

ഇപ്പോൾ വീണ്ടും പൂതി തോന്നുന്നു...

സ്കൂൾ ബാഗും വാട്ടർ ഫ്ളാസ്കും പോപ്പി കുടയും എടുത്തു ഉപ്പാന്റെ കയ്യും പിടിച്ചു,ഒന്നാം ക്ളാസ്സിൽ ശാരദ ടീച്ചറുടെ "കുഞ്ഞി റാഹിക്കുട്ടി"ആവാൻ...

മഴ പെയ്യുമ്പോൾ ആരും കാണാതെ മഴ നനയാൻ...

ഉമ്മ കാണുമ്പോൾ ശകാരിച്ചു സ്നേഹത്തോടെ തല തോർത്തി തരാൻ...

ഉമ്മാമ്മ പറയുന്ന കഥ കേൾക്കാൻ ..

അനിയനോടും അനിയത്തിയോടും തല്ലുണ്ടാക്കാൻ...പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ...

പിന്നെ വീണ്ടും സ്വപ്നം കാണാൻ...എന്നും കുഞ്ഞായിരിക്കാൻ....

ഒരിക്കലും വളരാതിരിക്കാൻ ..

അങ്ങനെ അങ്ങനെ അങ്ങനെ....

എന്നാലും എന്റെ ഇശൂട്ടന്റെ പിന്നാലെയുള്ള ഓട്ടവും ഇക്കാനോടുള്ള കൂട്ടും ഞമ്മക്ക് പെരുത്തിഷ്ടാ ട്ടോ ....

Wednesday 21 May 2014

ഒരു സ്വപ്നം

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു...

ഞമ്മളെ പുന്നാര കെട്ട്യോൻ വേറെ നല്ലൊരു മൊഞ്ചത്തി പെണ്ണിനെ നിക്കാഹ് കഴിക്കുന്നു...

ചക്കര ഇഷാനുട്ടനും അവരുടെ കൂടെ ഉണ്ട്...

ഞമ്മൾ ഒരു മൂലക്ക് ഇതൊക്കെ നോക്കിയിരിക്കുന്നു...

മോനെ വിളിച്ചപ്പോ അവൻ പറയുന്നു..."ഈ ഉമ്മാനെ നമ്മക്ക് വേണ്ട..ലേ ഉപ്പ...എന്നെ ഇന്നലെ ചോറ് തിന്നാഞ്ഞിട്ട് 2 അടി അടിച്ചിനി "എന്ന്

രാവിലെ എണീറ്റപ്പോ എനിക്ക് ആകെ ഒരു പേടി...ഇനി എങ്ങാനും ...എന്റെ പടച്ചോനെ...

ഇക്ക ചോദിക്കുന്നതിനു മുമ്പ് ചായ കൊടുത്തു....പോവാൻ ഇറങ്ങിയപ്പോഴേക്കും ഷർട്ട്‌, പാന്റ് , സോക്ക്സ് , ഒക്കെ എടുത്തു വെച്ചു ..

ഷൂ പോളിഷ് ചെയ്തു..

മൂപ്പര്ക്ക് ആകെ ഒരു അങ്കലാപ്പ്...ങേ ..

"എന്താടീ..രു സോപ്പിടീൽ ...എന്താ വേണ്ടത്..ചുരിദാറോ സാരിയോ...അതോ നിന്റെ വീട്ടിലേക്ക് കാശോ..."

"അല്ല ഇക്ക..ഇങ്ങക്ക് എന്നെ ശരിക്കും ഇഷ്ടല്ലേ...?"

"അല്ലെങ്കിൽ...?"

അമ്മോ...പെട്ട് ...അപ്പൊ സ്വപ്നം സത്യം തന്നെയാ...റബ്ബീ...

"ഇങ്ങക്ക് ബേറെ ബീവിനെ കെട്ടാൻ പൂതി ഉണ്ടാ?"

"അത് എങ്ങനെ അറിഞ്ഞ് ?.."

ങേ...

"ഞാൻ ഒരു കിനാവ് കണ്ടു...ഇങ്ങൾ ബേറെ കെട്ടണ്...ഒരു മൊഞ്ചത്തീനെ..."

"നീ ശരിക്കും കണ്ടിനാ?നല്ല മൊഞ്ചത്തിയാ?

നീഎന്തിനാ ഇതിപ്പോ പറഞ്ഞെ...കണ്ട സ്വപ്നം പുറത്ത് പറഞ്ഞാൽ നടക്കൂല്ല എന്നാ...."


Tuesday 20 May 2014

ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ അനുഭവം

അബുദാബി Dusit Thani ഹോട്ടലിൽ ഒരു പുതിയ മരുന്ന് മാർക്കറ്റിൽ launch ആവുന്ന function ...കമ്പനി പ്രതിനിധി ആയിട്ട് ഞാൻ ആണ് പോവേണ്ടത്...

ഇവടത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ ആണ്...with lunch ആണ് പരിപാടി...

ഇക്കാക്കും മോനും ഉച്ചയ്ക്ക് കഴിക്കാൻ ചോറും ഒരു മീൻ കറിയും ഉണ്ടാക്കി കൊടുത്തു...

എന്നിട്ട്..

"ഇങ്ങൾ ഇന്ന് ഇതൊക്കെ കയ്ച്ചോ ...ഞാൻ അവിടെ കോണ്ടിനെന്റൽ, ചൈനീസ്,സീ ഫുഡ്‌,desserts ഒക്കെ കയ്ക്കട്ടെ...കഴിച്ചിട്ട് വന്നിട്ട് എന്തൊക്കെയാ കഴിച്ചേ
എന്ന് പറഞ്ഞു തരാട്ടാ ... "

എന്ന് ഡയലോഗ് അടിച്ചു കാച്ചി....

അവിടെയെത്തിയപ്പോൾ മൊത്തം കൊട്ട് സൂട്ട് ടീം....

ലവന്മാരുടെ കത്തി മൊത്തം കേട്ട് ഇരിക്കുമ്പോൾ ലഞ്ചിന് ഉണ്ടാവുന്ന വിഭവങ്ങൾ ഓർത്തു എന്റെ വായിൽ വെള്ളം നിറഞ്ഞു...

അങ്ങനെ ആ സമയം സമഗമമായി...

ലഞ്ച് ടൈം എന്ന് പറഞ്ഞതും മുന്നോട്ടും പിന്നോട്ടും നോക്കാതെ ഞാൻ ഒരൊറ്റ ഓട്ടം....

പലവിധ വർണങ്ങളിൽ പല section ആക്കി വെച്ചിരിക്കുന്ന പല ടൈപ്പ് ഫുഡ്‌..എന്നെ നോക്കിച്ചിരിക്കുന്നു...

സൂപ്പ് കുടിച്ചു..നേരെ സീ ഫുഡ്‌ വിഭാഗത്തിലേക്ക്...

കടിച്ചാൽ പൊട്ടാത്ത പേരിലുള്ള ഒരു ഞണ്ട് വിഭവം എടുത്തു ....ഇതെങ്ങനെ കഴിക്കും...

എല്ലാ കോന്തന്മാരും കത്തി, ഫോർക്ക് , ഇമ്മാതിരി മരകയുധങ്ങളുമായി പ്ലേറ്റിൽ അടിപിടി കൂടുന്നു...ആകെ പ്ലേറ്റിൽ സ്പൂണ്‍ തട്ടുമ്പോൾ ഉള്ള ശബ്ദം മാത്രം...

കയ്യിലെടുത്തു കടിച്ചു പൊട്ടിച്ചു തിന്നില്ലേൽ പിന്നെ എന്ത് ഞണ്ട്...
but നോ രക്ഷ.. എനിക്ക് സങ്കടം വന്നു...

പിന്നെ ഞാനും സ്പൂണ്‍ കൊണ്ട് ചിള്ളി അതിൽ അവിടേം ഇവിടേം ഒക്കെ തോണ്ടി തിന്നു ...
ഹും...ഞണ്ട് ആണത്രേ ഞണ്ട്...

ഒരു കുട്ടിസ്പൂണ്‍ കൊണ്ട് കിട്ടിയത് വായിലിട്ട് ബിരിയാണിയും കഴിച്ചു നാല് സ്പൂണ്‍...

അപ്പോഴേക്കും ഡൈനിങ്ങ്‌ ഹാൾ കാലി ..

ഒരു നെടുവീർപ്പോടെ തിരികെ പോരുമ്പോൾ ഇക്കാനെ വിളിച്ചു പറഞ്ഞു...

"ഇങ്ങൾ ആ ചട്ടീല് എങ്കിലും കുറച്ച ചോറ് ബാക്കി വെക്കണേ...പെയ്ചിട്ട് കുടൽ കരിയുന്നു...."

അതിനു ഇക്ക ചിരിച്ച ചിരി...മക്കളെ...മരിച്ചാലും മറക്കൂല ട്ടാ


Monday 19 May 2014

ഒരു തിരിച്ചറിവ്

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

Saturday 17 May 2014

ഇലക്ഷൻ

ഇലക്ഷൻ കാലം മാധ്യമങ്ങളുടെ ചാകര കാലം ആണ്...

ആദ്യം എംപിമാർക്ക് മാർക്ക് ഇട്ടു...സമ്മാനം കൊടുത്തു...

പിന്നെ സ്ഥാനാർഥികളെ guess ചെയ്തു,

ഉള്ളതും ഇല്ലാത്തതും ഒക്കെ അപ്പുറത്തും ഇപ്പർത്തും പറഞ്ഞു,

ഉള്ള ബന്ധം കൂടി ഹലാക്കിന്റെ അവിലും കഞ്ഞിയും ആക്കി ,

എന്നിട്ട് കലങ്ങിയ കുളത്തിൽ മീനും പിടിച്ചു,

ആ കഞ്ഞിയും മീനും കൂട്ടി വാർത്ത‍ ഉണ്ടാക്കി....

പിന്നെ, ഈ സ്ഥാനാർഥി ജയിക്കോ തോല്ക്കോ എന്ന് 10 പേരോട് ചോദിച്ചു

രണ്ടാഴ്ച നല്ലോണം പഠിച്ചു...

അപ്പോഴേക്കും ഇലക്ഷൻ കഴിഞ്ഞു റിസൾട്ട്‌ വന്നു...

ഇപ്പോൾ പെട്ടിയിൽ വീണ വോട്ടു ,

ചോർത്തിയ വോട്ട് , ഇതൊക്കെ പഠിക്കുന്നു...

ഇനി പ്രധാന മന്ത്രിയുടെ വീട്ടുക്കൂടൽ വരെ നടത്തും...

അതും കഴിഞ്ഞാൽ ....?

പിന്നെ, സരിത, രജീന ഇവരുടെയൊക്കെ പിന്നാലെ നടന്നു ,

മുത്ത്‌ മൊഴികൾ വാർത്തയാക്കും ...

പ്രൈം ടൈമിൽ discuss ചെയ്യും...

കഥ തുടരും...

അപകടം ഷൂട്ട്‌ ചെയ്യുമ്പോൾ

UAE എമിരേറ്റ്സ് റോഡിൽ നടന്ന ബസ്‌ അപകടത്തിൽ മുറിവേറ്റവരുടെയും മരണപ്പെട്ടവരുടെയും രക്തത്തിൽ കുളിച്ചു കിടക്കുന്ന വീഡിയോ ഷൂട്ട്‌ ചെയ്ത ആളെ അറസ്റ്റ് ചെയ്തു : വാർത്ത
..............................

മേൽ പറഞ്ഞ വീഡിയോ whatsapp ഇൽ എനിക്കും കിട്ടിയിരുന്നു...ഭയാനകം..മനസ്സ് നടുക്കുന്ന വീഡിയോ..

അത് അയച്ച എന്റെ സുഹൃത്തിനെ ഞാൻ ഒത്തിരി ചീത്ത പറഞ്ഞു...ഇങ്ങനെ ഒരു tragedy അയച്ചു തന്നിട്ട് നിനക്ക് എന്ത് മനസ്സുഖം ആണ് കിട്ടിയത് എന്ന് പറഞ്ഞ്...

എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് ഇങ്ങനെയൊരു കാര്യം ഷൂട്ട്‌ ചെയ്തു മറ്റുള്ളവർക്ക് അയക്കാൻ മാത്രം എന്ത് മാത്രം saddist ആണ് ഈ ആളുകൾ എന്നാണ്..

ഒന്ന് ആലോചിച്ചു നോക്കൂ..ഇത് എനിക്കോ നിങ്ങൾക്കോ നാളെ സംഭവിച്ചു കൂടായ്കയില്ല ...

നമ്മൾ സ്നേഹിക്കുന്ന ആരെങ്കിലും ആണ് ഇങ്ങനെ കിടക്കുന്നത് എങ്കിൽ ഇങ്ങനെ ഷൂട്ട്‌ ചെയ്ത് പരസ്പരം അയച്ച "രസിക്കുമായിരുന്നോ?"

നമ്മുടെ നാട്ടിൽ ഒരു അപകടമോ മറ്റു tragedy എന്തെങ്കിലുമോ നടന്നാൽ അതതു മാനേജ് ചെയ്യാനുള്ള ഏറ്റവും വലിയ തടസ്സം ആ സീൻ "നോക്കി നില്ക്കുന്ന" നാട്ടുകാരെ കൊണ്ടാണ്..

കുറെ പേര് വായും പൊളിച് നോക്കി നില്ക്കുന്നു, കുറെ പേര് മൊബൈലിൽ ഷൂട്ട്‌ ചെയ്ത് whatsapp , ഫേസ്ബുക്ക്‌ ഇതിലൊക്കെ പബ്ലിഷ് ചെയ്യുന്നു..

രക്ഷാപ്രവർത്തനത്തിന് നില്കുന്നവരെ അത് ചെയ്യാൻ പോലും സമ്മതിക്കാതെ..

ഗൾഫ്‌ രാജ്യങ്ങളിൽ ഇതെനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ട്...ഇവിടെ മീഡിയ restriction ഉണ്ട്..

നല്ല കാറ്റും മഴയും ഒക്കെ വരുമ്പോൾ ഷൂട്ട്‌ ചെയ്ത് ഫേസ് ബുക്കിൽ ഇടുമ്പോഴും രണ്ടു വട്ടം ചിന്തിക്കുക...ഈ രാജ്യത്തെ പറ്റി മോശമായ image നല്കുന്ന എന്തെങ്കിലും ഉള്ളതായി കണ്ടാൽ നിയമ നടപടി ഉറപ്പാണ്‌..

അത് കൊണ്ട് ...

ഫോട്ടോ എടുക്കണമെന്ന് നിര്ബന്ധം ഉള്ളവർ വല്ല പൂവോ, പൂച്ചയോ, കാറോ , ഒക്കെ ഫോട്ടോ എടുക്കുക...

ഓരോ ജീവനും അമൂല്യമാണ്‌...

ഒരു അപകടം കാണുമ്പോൾ ഇവിടെ ഞാനനെങ്കിലോ റബ്ബേ എന്ന് ഓർക്കുക ...

അള്ളാഹു അപകട മരണത്തിൽ നിന്നും നമ്മളെ രക്ഷിക്കട്ടെ ....ആമീൻ

Tuesday 13 May 2014

The Crying Boy



ഈ ചിത്രം നിങ്ങൾ എല്ലാവരും മുമ്പ് കണ്ടിട്ടുണ്ടാവും അല്ലെ...

ഇറ്റലിക്കരനായ Bruno Amadio എന്ന ചിത്രകാരന്റെ പ്രസിദ്ധമായ "The Crying Boy" അഥവാ " കരയുന്ന കുട്ടി" എന്ന ചിത്രം ആണിത്..

പണ്ട് എന്റെ കൂട്ടികാരി സഞ്ജുവിന്റെ വീട്ടിലെ ചുമരിൽ ഈ ചിത്രം തൂക്കിയിട്ടിരുന്നു..

എന്ത് കൊണ്ടെന്നു അറിയില്ല..ഓരോ പ്രാവശ്യം ഈ ചിത്രത്തിൽ നോക്കുമ്പോഴും ഏതോ ഒരു നൊമ്പരം, ഒരു വിങ്ങൽ ഒക്കെ എന്റെ മനസിൽ ഉണ്ടാവാറുണ്ട്...

ആ കുട്ടി എന്തിനാവും കരയുന്നത്..?

അവന്റെ അമ്മ അവനെ അടിച്ചോ..അയ്യോ..പാവം കുട്ടി..

അതോ വിശന്നിട്ടാണോ ? ...

അല്ലെങ്കിൽ ജോലിക്ക് പോയ അവന്റെ അമ്മ വൈകിട്ട് ആയിട്ടും തിരികെ എത്തിയിട്ടുണ്ടാവില്ലേ ?

ഓരോ ദിവസവും ഞാൻ ഓരോ കഥ മനസ്സിൽ മെനയും...പിറ്റേന്ന് മറ്റൊന്ന്...

അവന്റെ സങ്കടം ആലോചിച്ചു എന്റെ കണ്ണും നിറയാറുണ്ട്...

ഓരോ കഥയുടെ അവസാനവും അവന്റെ അമ്മ അവനു ഉമ്മ കൊടുക്കുന്നതും അവന്റെ കണ്ണുനീർ തുടച്ചു സമാധനിപ്പിക്കുന്നതും കൂടി സങ്കല്പ്പിക്കും...

അവന്റെ പുഞ്ചിരി എത്ര മനോഹരമായിരിക്കും !!

അപ്പോൾ ഞാനും ചിരിക്കും...

ഇന്നും ഈ ചിത്രം കണ്ടപ്പോൾ ആ പഴയ ചോദ്യം എന്റെ മനസ്സിൽ നിന്നും ഉയരുന്നു..

"എന്തിനാണ് ഈ കുഞ്ഞു കരയുന്നത് ?"

"അണു "കരണം കുഞ്ഞുങ്ങളിൽ

എന്റെ സുഹൃത്ത്‌ ഒരു പ്രശ്നവുമായി എന്നെ സമീപിച്ചു...

അവളുടെ 5 വയസ്സുകാരൻ മകന് ഒറ്റയ്ക്ക് ബാത്‌റൂമിൽ പോവാൻ "പേടി "..എപ്പോഴും ഉമ്മ കൂടെ വേണം എന്നാ വാശി ...

പിന്നെ ബാത്രൂമിൽ പോയി വന്നാൽ ഒരു പത്തു പ്രാവശ്യം കയ്യ് സോപ്പിട്ട് കഴുകും.."അണു " ഉണ്ടത്രേ

മണ്ണിൽ കാലു കൊണ്ട് ചവിട്ടില്ല.." അണു !!"

എന്താണെന്നു ചോദിച്ചപ്പോഴാണ് ഗുട്ടെൻസ് കിട്ടിയത്...

കുഞ്ഞിനു "അണു " വിനെ പേടിയാണ്..സിനിമാനടൻ അബ്ബാസിന്റെ harpic പരസ്യം കണ്ടിട്ടില്ലേ..അതിലെ "അണു " വിന്റെ പ്രസന്റേഷൻ ആണ് പ്രശ്നക്കാരൻ..

ആദ്യം ഞാൻ വിചാരിച്ചു അതൊരു obsessive compulsive disorder എന്നാ അസുഖത്തിന്റെ symptom ആയിരിക്കാം എന്നാണ്..

അല്ല..കാരണം കുഞ്ഞിന്റെ പ്രശ്നം ഭയം മൂലമുള്ള over conciousness ആണ്..

പരസ്യങ്ങൾ നമ്മുടെ മനസുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്...പ്രത്യേകിച്ചും കുട്ടികളെ...

ആ ഉല്പന്നത്തിന്റെ വിപണന സാധ്യത കൂട്ടുന്നു , എന്ന് മാത്രമേ കരുതിയുള്ളൂ..
പക്ഷെ ഇങ്ങനെയും സ്വാധീനിക്കുന്നു എന്നത് പുതിയൊരു അറിവായിരുന്നു..

അപ്പോൾ വെടിവെപ്പും കൊലയും ഉള്ള അക്രമ സ്വഭാവമുള്ള സിനിമകളും എത്രെയാളുകളെ കൊല്ലുന്നോ അത്ര പോയിന്റ്‌ കിട്ടുന്ന വീഡിയോ ഗെയിംസും ഒക്കെ അപ്പോൾ കുഞ്ഞിനു മാനസികമായി എത്ര സ്വധീനിക്കുന്നുണ്ടാവും ?...

അത് അവരുടെ സ്വഭാവ രൂപീകരത്തിൽ എന്ത് മാത്രം വ്യത്യാസം വരുത്തുന്നു എന്നൊക്കെ ചിന്തിക്കേണ്ട വസ്തുതകൾ ആണ്...

ഒരു പരിഹാരം നല്ല പുസ്തകൾ ചെറുപ്പത്തിൽ തന്നെ അവരെ വായിപ്പിക്കുക എന്നതാണ്..
നല്ല പുസ്തകങ്ങൾ അവരുടെ കളി കൂട്ടുകാരാകട്ടെ...

എന്തേയ് ..ശരിയല്ലേ

Monday 12 May 2014

ബാലരമ

പണ്ടുമുതലെ വായനാശീലം എന്റെ ഒരു വീക്നസായിരുന്നു

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും കടം വാങ്ങി ആയിരുന്നു വായന

ഡിറ്റക്ടീവ് കഥകള്‍ ,സാഹസിക കഥകള്‍ അമാനുഷിക കഥകള്‍ ,

പിന്നെ അല്പ്പം നർമവും ഇതൊക്കെയാണെന്റെ ഫേവറിറ്റ്

അതുകൊണ്ടാണു ഞാന്‍ "ബാലരമ"ഇഷ്ടപ്പെട്ടത്..

ജംബന്റെ ഇൻവെസ്റ്റികേഷനും ,

ശിക്കാരിശംബുവിന്റെ സാഹസീകതയും,

മായാവിയുടെ അമാനുഷികതും,

സൂത്രനറെ നർമങ്ങളും

എല്ലാം കൂടി ഒറ്റ പുസ്തകത്തില്‍

വിലയോ തുച്ചം... ഗുണമോ മെച്ചം

ഇനി കുറച്ചു രാഷ്ട്രീയമാവാം

ഈയിടെ times now ചാനലിൽ രാഹുൽ ഗാന്ധിയുടെ ഒരു ഇന്റർവ്യൂ കണ്ടു..അർനബ് ഗോസ്വാമി ആണ് അഭിമുഖം നടത്തുന്നത്..

ഒന്നുംമില്ലേലും നമ്മുടെ പ്രധാനമന്ത്രി സ്ഥാനാർഥി അല്ലെ ...കണ്ടു കളയാം എന്ന് വിചാരിച്ചു

സത്യം പറയാല്ലോ നാണം തോന്നി..ഒന്നുകിൽ രാഹുൽ കൊച്ചു മുതലാളിക്ക് ചെവിക്ക് എന്തോ പ്രശ്നമുണ്ട്..അല്ലെങ്കിൽ ബുദ്ധിക്ക് എന്തോ പ്രോബ്ലം..

അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ഞാൻ പറയാം

ഗോസ്വാമി :താങ്കൾക്ക് മോഡിയുടെ മുന്നിൽ പരാജയപ്പെട്ടേക്കാം എന്ന് ഭയമുണ്ടോ..

രാഹുൽ : സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഗോസ്വാമി : എങ്ങനെയാണു മോഡി ഗുജറാത്തിലെ സാമുദായിക വിപ്ളവത്തിന് കാരണക്കാരൻ എന്ന് താങ്കൾ പറയാനാകുക?

രാഹുൽ (വീണ്ടും) :സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഗോസ്വാമി : ഗുജറാത്തിൽ നിന്നും മോഡിയെ തുരത്തുക എന്നാ തങ്ങളുടെ പാർട്ടി നയം എങ്ങനെയാണു കൈവരുത്താൻ പോവുന്നത്?

രാഹുൽ( വീണ്ടും) : സത്യത്തിൽ ശരിയായ issue എന്നാൽ women empowerment ആണ്..

( തുടരുന്നു)

തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ രാഹുൽ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാവും..ഇപ്പോഴും പറയും women empowerment ,

യുവാക്കളുടെ ജോലി..ഇത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കും ..അല്ലാതെ ആഴത്തിൽ ഉള്ള അറിവ് ഒട്ടും ഇല്ല

ഒരു ജനതയെ നയിക്കാൻ ഉള്ള കഴിവും പ്രാപ്തിയും ജന്മം കൊണ്ട് ഉണ്ടാവേണ്ടതാണ് മാഷെ..അല്ലാതെ ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാവില്ല...ഇങ്ങനെയുള്ള 'അമുൽ ബേബി " യെ മാത്രേ കോണ്‍ഗ്രസിന്‌ തിരഞ്ഞെടുപ്പ് നയിക്കാൻ കിട്ടിയുല്ലോ..
ആവൊ ..എന്തെരോ എന്തോ..

VVIP കുടുംബത്തിൽ ജനിച്ചു ഇന്റർനാഷണൽ സ്കൂളിലും വിദേശരാജ്യങ്ങളിൽ പോയി പഠിച്ചു പ്രധാനമന്ത്രി ആവാൻ മുണ്ട് മുറുക്കി നില്ക്കുന്ന രാഹുൽ ഭായ്..

താങ്ങള്ക്ക് ഭാരതം എന്ന വാക്കിന്റെ അര്ഥം അറിയോ ?

അക്ഷരങ്ങള അച്ചടിച്ച്‌ കൂട്ടിയ പുസ്തകതാളുകളിൽ നിന്നും നിങ്ങൾ വായിച്ചു പഠിച്ച ഇന്ത്യ അല്ല

അനുഭവങ്ങളുടെ ഇന്ത്യ

കോടിക്കണക്കിനു പട്ടിണി പാവങ്ങളുടെയും നിരക്ഷരരുടെയും ഇന്ത്യ

കൂട്ടിക്കൊടുപ്പുകരുടെയും വേശ്യകളുടെയും ഇന്ത്യ

തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ

ജഡക വലിച്ചുവലിച്ച് ചോരതുപ്പുന്നവന്റെ ഇന്ത്യ

മക്കൾക് ഒരു നേരത്തെ ഭക്ഷണം ഉണ്ണാൻ വക തേടി സ്വന്തം ഗര്ഭപാത്രം വരെ വിൽക്കേണ്ടി വരുന്ന അമ്മമാരുള്ള ഇന്ത്യ

അതിനു ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ സോൾ തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം

sensibility ഉണ്ടാവണം

sensitivity ഉണ്ടാവണം ( കടപ്പാട്: മമ്മുക്ക, കിംഗ്‌")

പോ മോനെ ദിനേശാ.. ( കടപ്പാട് : ലാലേട്ടൻ )

..............................................................................................

കുറിപ്പ്: ഇടത് വലത് വ്യത്യാസം ഇല്ലാത്ത ഒരു സാധാരണക്കാരിയായ പൗരയുടെ വിലാപം

ഞാൻ ഒരു ഫെമിനിസ്റ്റ് ആണോ ആവൊ

സ്ത്രീകളെ പുരുഷന്മാരെകൾ ഉയരത്തിൽ ആണ് പടച്ചവൻ സൃഷ്ടിച്ചിരിക്കുന്നത്..

അവൾക്കു അവനെക്കാൾ ഉത്തരവാദിത്വ ബോധം ഉണ്ട്..അതാണ് ഒരു പുതിയ തലമുറയെ പടചെടുക്കുന്നതിന്റെ ജീവപപരമായ 80% ജോലികളും അവൻ സ്ത്രീയെ ഏൽപ്പിച്ചിരിക്കുന്നത് ..

ഒരു ബീജം കൊടുത്താൽ പുരുഷന്റെ ജീവപരമായ ഉത്തരവാദിത്വം കഴിഞ്ഞു..
പിന്നെ ആ കുഞ്ഞിനെ ഗർഭം ധരിക്കാനും പാലൂടാനും സ്ത്രീക്ക് മാത്രമേ സാധിക്കൂ..

അച്ഛൻ ഇല്ലാത്ത മക്കളെക്കാൾ അമ്മ ഇല്ലാത്തത് ആയിരിക്കും ഒരു കുഞ്ഞിനെ ഏറ്റവും കൂടുതൽ ബാധിക്കുക..

ഇതൊക്കെ പടച്ചവൻ സെറ്റ് ചെയ്തത്...പക്ഷെ പിന്നെ നടന്നത് പടച്ചവനു പോലും നിരക്കാത്തത് ആയിരുന്നു ..

സ്ത്രീ എന്നാൽ കുഞ്ഞിനെ ഗർഭം ധരിക്കാനും പാലൂട്ടനും പിന്നെ വീട്ടു ജോലിക്കും മാത്രം ഉള്ള യന്ത്രം ആയി മാറി..

ആദ്യ കാലങ്ങളിൽ അവള്ക്ക് വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടായിരുന്നു എന്ന് ആശ്വസിക്കാം..

പക്ഷെ വിദ്യാഭ്യാസം നേടി അവൾ സമൂഹത്തിന്റെ മുഖ്യ ധരയിൽ വന്നു എന്നൊകെ പറയുന്ന ഈ കാലത്തും
അവൾ കാശ് അങ്ങോട്ട കൊടുത്തു ജോലി ചെയ്യുന്ന വേലക്കാരി ആയി തന്നെ നിലനില്കുന്നു...

ഉദ്യോഗം കഴിഞ്ഞു ഓടി വന്നു വീട്ടു ജോലിയും ചെയ്തു ജീവിക്കുന്നു...ഇതാണോ മുഖ്യധാര ?

ഇത് വായിക്കോമ്പോൾ ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് തോന്നാം...പക്ഷെ മനസ്സാക്ഷിയുടെ മുമ്പിൽ നിന്ന് ചോദിച്ചു നോക്കൂ..സ്ത്രീക് അവൾ അര്ഹിക്കുന്ന ബഹുമാനം കിട്ടുനുണ്ടോ.. കാണുന്ന ദൈവം എന്നൊക്കെ പറയുമ്പോളും 2 വയസ്സുള്ള പെണ്‍കുഞ്ഞും 80 വയസുള്ള അമ്മൂമ്മയും ഒരു പോലെ ബലാത്സംഗം ചെയ്യപെടുന്നത് ആ ബഹുമാനത്തിന്റെ കുറവ് കൊണ്ടല്ലേ......

ബഹുമാനിക്കേണ്ട...ഞങ്ങളെ ജീവിക്കനെങ്ങിലും അനുവദിക്കൂ

മകനേ മാപ്പ്..

മകനേ മാപ്പ്..

പച്ചപ്പും ചിത്ര ശലഭങ്ങളും പൂക്കളം നിന്റെ ബാല്യത്തിൽ

കമ്പ്യൂട്ടർ ഗെയിം കൊണ്ട് കുത്തി വരച്ചതിനു ....

മകനേ മാപ്പ്..

വല്ല്യുമ്മാന്റെ കഥകളിലെ സ്നേഹമുള്ള കാക്കയ്കും പൂച്ചയ്കും പകരം,

എന്നും അടിപിടി കൂടുന്ന കോലം കെട്ട കാർടൂണ്‍ ഭൂതങ്ങളെ നിറച്ചതിനു ....

മകനേ മാപ്പ്..

മണ്ണിൽ തൊട്ടു കളിക്കേണ്ട മണ്ണ് കാണിക്കുക പോലും ചെയ്യാതെ

ഫ്ലാറ്റിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിട്ടതിന്..

മകനേ മാപ്പ്..

ഒത്തിരി ഒത്തിരി സ്നേഹം തരുന്ന ഉപ്പപ്പന്ടെം വല്യുമ്മാന്റെം സ്നേഹം നിഷേധിച്ചതിനു...

മകനേ മാപ്പ്..

ഉമ്മാന്റെ കോന്തല പിടിച്ചു നടക്കേണ്ട പ്രായത്തിൽ ബേബി carile ആന്റി നെ കൊണ്ട് വന്നതിനു..

പ്രവാസത്തിന്റെ ഈ ഓട്ടത്തിനിടയിൽ...

നിന്റെ നഷ്ടപ്പെടുന്ന ബാല്യം ഞങ്ങൾ മറന്നു പോവുന്നു മോനേ..

പക്ഷെ എന്നെങ്കിലും നീ മനസ്സിലാകും

എല്ലാം നിനക്കും കൂടി വേണ്ടി ആയിരുന്നു എന്ന്..

ബന്ധങ്ങൾ കാലാകാലങ്ങളിൽ ...ഒരെത്തിനോട്ടം !

കാലം മാറുമ്പോൾ നമ്മുടെ ബന്ധങ്ങളിലും ഒത്തിരി മാറ്റങ്ങൾ വരുന്നുണ്ട്..അല്ലെ?

ഒരു 30 വര്ഷം മുമ്പ് വരെ മക്കൾക്ക് ഉപ്പനോട് ഭയങ്കര പേടി,ബഹുമാനംആയിരുന്നു..ഉപ്പയോട്‌ ഒരു വാക്ക് വരെ മറുത്തു പറയില്ല...

വാപ്പ പറഞ്ഞ പെണ്ണിനെ കെട്ടുക..

എനിക്ക് തോന്നുന്നു ഉപ്പയും മക്കളും നേരെ നേരെ നിന്ന് സംസാരിക്കുന്ന തവണകൾ കയ്യിൽ എണ്ണാവുന്ന അത്ര മാത്രം ആയിരിക്കും എന്ന്..ഉപ്പ എന്നത് പലർക്കും പേടിസ്വപ്നവും ആയിരിക്കും..

വീടുകളിൽ മിക്കവാറും ദാരിദ്ര്യം ആയിരുന്നു ..അന്നത്തെ ഏതു മക്കളോട് ചോദിച്ചാലും പറയും ഒരു 5 കിലോമീറ്റർ നടന്നു സ്കൂളിൽ പോയ കഥയും പിന്നെ നോട്ട് ബുക്ക്‌ വാങ്ങാൻ ചുമട് എടുത്ത കഥയും..

ആ മക്കൾ ഉപ്പമാർ ആയപ്പോൾ ഉണ്ടായ ഉപ്പ, മക്കൾ ബന്ധം കുറെ മാറി..

തങ്ങള്ക്ക് കിട്ടാത്തത് മക്കള്ക്ക് സാധിപ്പിച്ചു കൊടുക്കാനുള്ള ഒരു തത്രപ്പാട് ആയിരുന്നു അടുത്ത തലമുറ ഉപ്പമാർക്ക് ..

എന്തും കാര്യവും മക്കളോടും കൂടി ചര്ച്ച ചെയ്യാനുള്ള മാനസിക നിലയിൽ ആയിരുന്നു ഉപ്പമാർ അപ്പോൾ...

തനിക്ക് ഡോക്ടർ ആവാൻ പറ്റിയിലേൽ തന്റെ കുട്ടിയെ ഡോക്ടർ ആക്കുക ഇങ്ങനെ ഉള്ള കലാപരിപാടികൾ ആയിരുന്നു അപ്പോൾ..
അത് കൊണ്ട് തന്നെ ആ തലമുറയിൽ ഉള്ള മക്കള്ക്ക് ദാരിദ്ര്യം ഒന്നും അനുഭവിക്കേണ്ടി വന്നില്ല..

തനിക്കുള്ള ജീവിത പങ്കാളിയെ വീടുകാരുടെ സമ്മതത്തോടെ കണ്ടു പിടിക്കാൻ ആ തലമുറക്കായി..

പിന്നെയാണ് ഒരു ultramodern ആയ ലേറ്റസ്റ്റ് തലമുറ..ഉപ്പ മക്കൾ എടാ പോടാ ലെവൽ ആയി..

എന്ത് തീരുമാനവും മക്കൾ എടുക്കും..ഉപ്പമാർ അനുസരിക്കും..പഠിക്കാൻ പോകുന്ന വിഷയം മുതൽ ജീവിത പങ്കാളിയെ വരെ..
പറ്റില്ല എന്ന്പ പറഞ്ഞാൽ ഒന്ന് പോടാ അപ്പാ എന്ന് പറയും...മക്കളോട് സംസാരിക്കാൻ ഉപ്പമാർക്ക് ആഗ്രഹമുണ്ട്...മൊബൈൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ എല്ലാം ആയതോടെ മക്കള്ക്ക് സമയമില്ല..

രണ്ടാം തലമുറയില ഉണ്ടായ വ്യത്യാസം നല്ലതായിരുന്നു എന്നാണ് എന്റെ അനുഭവം..പക്ഷെ മൂന്നാം തലമുറ ...പടച്ച തമ്പുരാൻ തന്നെ അവരെ കാക്കണം..എന്തും ഒരു use and throw മനോഭാവം..അത്കൊണ്ട് തന്നെ വാർധക്യ കാലത്ത് അവർ നോക്കും എന്ന് ഒരു തോന്നലും വേണ്ട..

എന്നാലും എല്ലാം നല്ലതിനാണെന്ന് വിചാരിച്ചു നമുക്ക് ആശ്വസിക്കാം അല്ലെ?

ഒരമ്മ മകൾക്കെഴുതിയ കത്ത്


പ്രിയപ്പെട്ട മകളെ...

നിനക്ക് സുഖമാണോ..?

നിന്റെ കൂട്ടുകാരികൾ എന്ത് പറയുന്നു..? ഇവടെ എല്ലാവര്ക്കും സുഖം തന്നെ..

നമ്മുടെ ചക്കിപൂച്ച പ്രസവിച്ചുട്ടോ ..അവളെ പോലെ തന്നെ ഉള്ള രണ്ടു വെളുത്ത രണ്ടു കുഞ്ഞുങ്ങൾ..ചക്കി ഇപ്പൊ പഴയ പോലെ ഒന്നും അല്ല..മക്കളേം കൂട്ടിപിടിച് അവൾ ഒരു അമ്മയുടെ തലയെടുപ്പോടെ തൊടിയിൽ കൂടി നടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്..

ഉപ്പ ഇത് വരെ കടയിൽ നിന്നും വന്നിട്ടില്ല..ഇപ്പോൾ പതിവായി നല്ല താമസിച്ചു ആണ് വരുന്നത്..നിങ്ങൾ രണ്ടു പെണ്‍കുട്ടികൾ വളർന്നു വരുന്നത് ഓർത്ത് ഉപ്പാക്ക് നല്ല ടെൻഷൻ ഉണ്ട്..

നിനക്കറിയാമല്ലോ..+2 കഴിഞ്ഞ് നിനക്ക് കൂടുതൽ പഠിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എതിർത്ത് ഒരിക്കലും നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടല്ല..

നിന്റെ നിർബന്ധത്തിനു വഴങ്ങി നിന്നെ ഹോസ്റ്റലിൽ പറഞ്ഞു വിട്ടു..ഇന്നലെ കൂടി ആ ബ്രോക്കെർ മൊഇദീൻക്ക ഉപ്പനോട് പറയുന്നുണ്ടായിരുന്നു നല്ലൊരു ആലോചന ഉണ്ട്..
ഇപ്പൊ കെട്ടിച്ചില്ലേൽ പിന്നെ രണ്ടാം കെട്ടുകാരനെയെ കിട്ടൂ..പിന്നെ പെണ്ണ് പഠിച്ചാൽ അതെ പോലെ പഠിച്ച ചെക്കനെ കിട്ടാൻ നല്ല സ്ത്രീധനം കൊടുകേണ്ടി വരും എന്നൊക്കെ ..

പെണ്മക്കൾ ഉള്ള ഉപ്പന്ടെം ഉമ്മന്ടെം നെഞ്ചിൽ തീ ആണ് മോളെ....

അതൊന്നും സാരമില്ല..നീ നന്നായി പഠിക്കണം..എന്തൊക്കെ പറഞ്ഞാലും പഠിച്ച സ്വന്തമായി വരുമാനം ഒക്കെ ഉള്ള പെണ്കുട്ടികൾക്ക് ഭർത്താവിന്റെയും വീടുകരുടെയും മുന്നില് സ്ഥാനം ഉണ്ട്..അവരുടെ വാക്കിനു വില ഉണ്ട്..

ഉമ്മ പണ്ട് ഉപ്പാന്റെ വീട്ടിൽ കഷ്ടപെട്ടത് മോളും കണ്ടതല്ലേ..അത് കൊണ്ടാണ് നീ പഠിക്കണം എന്ന് പറഞ്ഞപോൾ ഞാൻ നിനക്ക് വേണ്ടി നിന്നത്..

നിന്നോട് പ്രത്യേകിച്ച് പറയേണ്ടതില്ല..എന്നാലും മോളെ..നീ നന്നായി സൂക്ഷിക്കണം..പത്രത്തിലും ടിവിലും ഒക്കെ ഓരോന്ന് കേൾക്കുമ്പോൾ പേടി ആണ് ഉമ്മാക്ക് ..

ഒരു പീഡനം വായിച്ചാൽ പിന്നെ അന്ന് രാത്രി ഉമ്മാക്ക് ഉറക്കമില്ലാത്ത രാത്രി ആണ്..പുലരും വരെ മനസിൽ ഒരു നീറ്റലാണ്..
സ്വന്തം ഉപ്പനെയും ഉപ്പപ്പനേം ആങ്ങള മാരെ വരെ പേടിക്കേണ്ട കാലം ആണിത്..സംരക്ഷിക്കേണ്ടവർ തന്നെ പെണ്‍കുട്ടികൾക്ക് മുമ്പിൽ രാക്ഷസൻമാർ ആവുമ്പോൾ ഭയപ്പെട്ട് ഒരു തള്ളക്കുരുരുവി അതിന്റെ പെണ്മക്കളെ എങ്ങനെ വളർത്താം എന്നാലോചിച്ച് ഉമ്മാക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല കുഞ്ഞേ..

നീ നന്നായി പഠിച്ചു ഉപ്പക്കും ഉമ്മക്കും "അത് എന്റെ മകളാണ് " എന്ന് അഭിമാനത്തോടെ പറയിപ്പിച്ച് തിരിച്ചു വരണം..

17 ആം തീയതിക്ക് നിന്റെ പരീക്ഷ കഴിയില്ലേ? ഉപ്പ അന്ന് ഉച്ചക്ക് ഹോസ്റ്റലിൽ വരും..പരീക്ഷയ്ക്ക് കേറുന്നതിനു മുമ്പ് 33 സ്വലാത്ത് മറക്കണ്ട..പടച്ച റബ്ബ് നിനക്ക് തെളിഞ്ഞ ബുദ്ധിയും നല്ല വിചാരങ്ങളും നൽകുമാറാകട്ടെ ...

എന്ന് ഉമ്മ

ഒരു ഡയറി ഉണ്ടാക്കിയ പൊല്ലാപ്പ്

ഒരു പത്താം തരത്തില പഠിക്കുന്നത് വരെ എനിക്ക് സ്ഥിരമായി ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു..

"രാവിലെ 6 മണിക്ക് എണീറ്റു ..പല്ല് തേച്ചു..ചായ കുടിച്ചു..ബസ്‌ കയറി സ്കൂളിൽ പോയി..

ടീച്ചർ കുറെ പഠിപ്പിച്ചു.. തിരിച്ചു വന്നു..അത്താഴം കഴിച്ചു..10 മണിക്ക് ഉറങ്ങി.."

ഇതാണ് സ്ഥിരം വാചകം..

ഒരു എട്ടാം തരത്തിൽ എത്തിയപ്പോൾ കുറച്ചു സാഹിത്യ രോഗം ബാധിച്ചു....
അതോടെ
"മാതാവ്‌ ഇന്ന് ഭോജനം തന്നില്ല"..

"മന്ദമാരുതൻ എന്റെ കവിളിൽ തലോടി" ..

"പടിഞ്ഞാറൻ കാറ്റു വീശിയപ്പോൾ ചക്കപ്പഴം പൊട്ടിച്ചിരിച്ചു" ...

ഇങ്ങനെയൊക്കെയായി ഡയറി എഴുത്ത്..

കുറച്ചു നാൾ അങ്ങനെ പോയി..

ഒരു ദിവം ഒരു ഭയങ്കര സംഭവം ഉണ്ടായി.....

എന്റെ അനിയത്തി ഞാൻ ഇല്ലാത്ത സമയത്ത് ആ ഡയറി പൊക്കി..അത് ഉപ്പാന്റെ മുന്നില് ഹാജരാക്കി..

ആകെ പ്രശ്നമായി..അതിലെ ചില വാചകങ്ങൾ വായിച്ച ഉപ്പാന്റെ നെഞ്ച് ഉരുകി..

"ബി ക്ലാസ്സിലെ നവാസ് എന്നെ നോക്കി കണ്ണിറുക്കി ,,
ഇനി അവനു എന്നൊരു അനുരാഗം ആയിരിക്കുമോ?"എന്നുള്ള എന്റെ അതി ഭയങ്കരമായ എന്റെ സംശയവും..

ഹഹ..എന്തായാലും പണി പാളി..അടി മതിയാവോളം കിട്ടി..എന്റെ മനസ്സ് സുഖ സുഷുപ്തിയിൽ ആറാടി..

ആ സംഭവം വളരെ റാഡിക്കൽ അയ മാറ്റമാണ് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്..എന്താണെന്നല്ലേ ...

"ഞാൻ ഡയറി എഴുത്ത് നിർത്തി ..."

.............ശുഭം.................

ഒരു ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ വിലാപം

"ടീ ...ഈ ഷർട്ട്‌ ഇസ്തിരി ഇട്ടതു ശരിയായില്ല..ദേ ..പുറകിൽ ഒരു ചുളിവ് "

"ഉമ്മാ..എനിക്ക് ഈ പാന്റു വേണ്ട..മറ്റേ പാന്റ് മതി"

ഓ ..ഇവന്മാര് രണ്ടും കൂടി എന്റെ ജീവനെടുക്കും...മനുഷ്യൻ രാവിലെ 5 മണിക്ക് എണീറ്റ് പ്രാതലും ഉച്ചഭക്ഷണവും ഉണ്ടാകി മൂന്നു പേർക്കും ഉള്ള ടിഫിനും ശരിയാക്കി ഒന്ന് കുളിക്കാൻ പോവുകയാണ്..

പത്രം കഴുകലും അലക്കലും ഒക്കെ തിരിച്ചു വന്നിട്ട്..

"നിങ്ങളെ രണ്ടിനേം ഞാൻ ഇപ്പോഴേ വിളിക്കുന്നതാ ..ഇനിയിപ്പോൾ ഇതൊക്കെ തന്നെ ഇട്ടാൽ മതി..ഈ ചുളിവ് ഒട്ടും പറ്റില്ലെങ്കിൽ സ്വയം ഇസ്തിരി ഇട്ടൂടെ.." എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു..

ഇപ്പോൾ തന്നെ 7.20 ആയി..7.40 നുള്ള സന ബസ്‌ കിട്ടിയില്ലെങ്കിൽ ഇന്നും ബോസിന്റെ ചീത്തവിളി കേള്കണം"മേഡം ..you are regularly irragular..."

"ഉമ്മാ..ഇന്നും ഇഡലി ..എനിക്ക് വേണ്ട"

"അല്ല..വെളുപ്പാൻ കാലത്ത് ഞാൻ മട്ടണ്‍ ബിരിയാണി ഉണ്ടാക്ക്കം.. നിനക്ക് നല്ല അടി വേണ്ടേൽ വേഗം തിന്നോ.."

"ടീ ..എന്റെ സോക്ക്സ് കാണുന്നില്ല"

"ഉമ്മാ..എന്റെ social text book.."

പടച്ചോനെ..ഇതു നേരത്ത് ആണോ പഠിച്ച ഡിഗ്രി എടുക്കാൻ തോന്നിയത്..ഉമ്മാനെ പോലെ വീട്ടമ്മയായി വീട് കാര്യവും നോക്കി മക്കളേം താലോലിച് ഇരുന്നാൽ മതിയായിരുന്നു...ഇതിപ്പോൾ പകൽ മുഴുവൻ ഉമ്മ വീട്ടിൽ ചെയ്തിരുന്ന ജോലി മുഴുവൻ 9 മണി ആകുമ്പൊഴെകും ചെയ്ത് തീർത്തിട്ട് വേണം ജോലിക് പോവാൻ..അവിടെ ചെന്നാൽ ആകെ സംശയം ആണ്..ഗ്യാസ് പൂട്ടിയോ..മോനെങ്ങാനും നേരത്തെ സ്കൂൾ വിട്ടിട്ടുണ്ടാവോ..വീട്ടിലെത്തിയാൽ അവിടെയും സമാധാനം ഇല്ല...പ്രൊജക്റ്റ്‌ സമയത്ത് തീര്ക്കാൻ പറ്റുമോ ...

"ഉമ്മാ..ഇന്നും ലഞ്ചിന് ചോറും ചമ്മന്തിയും ആണെങ്കിൽ ഞാൻ കഴിക്കില്ലടോ..

"മോനെ..ഇപ്പോൾ ഒന്നും മിണ്ടാൻ നിക്കണ്ടാട്ടോ..ഇങ്ങോട്ട് പോരെ.."

ഓ..അങ്ങനെ..ഞാൻ ഇവിടെ പെടാപ്പാട് പെട്ടാ ജോലിക് പോകുന്നത്..നിങ്ങള്ക്ക് ഒന്ന് വന്നു സഹായിച്ചാൽ കയ്യൊന്നും തേഞ്ഞു പോകില്ല...ഞാൻ മിക്കവാറും ഇവടുന്നു ഓടിപ്പോകും കേട്ടോ..

"എന്റെ മുത്ത് എവിടെകും ഓടിപ്പോവില്ല..നീ അല്ലെടീ ഈ വീടിന്റെ വിളക്ക് ..നീ ഇല്ലെങ്കിൽ പിന്നെ ഞങ്ങള്കാരാ..ടാ ..മോനെ..വാ..നമ്മുക്ക് ഉമ്മച്ചിക്കൊരു ഉമ്മ കൊടുക്കാം ...ഉമ്മ...."

എന്റെ സകല ദേഷ്യവും അതോടെ ഇന്നത്തേക്ക് തീര്ന്നു...

നാളെയും കഥ തഥൈവ...

ഹഹഹ

എന്റെ ഇഷൂട്ടന്റെ വീട്..ഉമ്മന്റെം




ഞാലിപ്പൂവന്റെ ചോട്ടിൽ ഇന്ന് കളിവീട് ഉണ്ടാക്കാം.......
ഞാൻ ഉമ്മയാവാം...
ഉമ്മച്ചി ഉപ്പച്ചിയാവോ ?
എന്നിട്ട് ചോറും കൂട്ടാനും ഉണ്ടാക്കാം..

മോനൂന്റെ ക്ഷണമാണ്..
ഉമ്മാന്റെയല്ലാത്ത വലിയ വീടിനു പുറത്ത്..
എന്റെ ഉണ്ണീടെ മാത്രമായൊരു കളിവീട്...

ഉള്ളിൽ മോന്റെ കയ്യും കാലും
ഉരുവം കൊണ്ട് തുടങ്ങിയപ്പോഴാണ്
മനസ്സിലെ കളിവീട് ഉടച്ചു വാർത്ത്
ജനലും വാതിലും വച്ചത്...

വെറും കളിമണ്‍ തുരന്നെടുത്ത്
കയ് കുമ്പിളിൽ വെള്ളം കോരിയെടുത്ത്
വക്ക് കെട്ടാതെ..അരികു തേക്കാതെ..
കാക്കച്ചുള്ളി കൊണ്ട്..
തൂണും പാലവും ഉറപ്പിച്ചു ...

തൊടി കെട്ടാൻ ചുവന്ന പ്ലാവില തന്നെ തിരഞ്ഞ്...

"ചോറുണ്ണാൻ കൈ കഴുകു.."
കുഞ്ഞു വായിലെ ആതിഥ്യ മര്യാദ...!!!

കയ്കുമ്പിൾ ചായ്ച്ചു,
വെള്ളം കോരാൻ ഇറങ്ങുമ്പോൾ...
ഉള്ളു മന്ത്രിച്ചു

"ഇത് മുകളിൽ എത്തുമ്പോഴേക്ക് തീർന്നു പോവില്ലേ കുഞ്ഞേ..."

ചിരിച്ചു നിന്നേ കണ്ടുള്ളൂ
കുമ്പിളിൽ കയറി വന്ന ഒരു തുള്ളി
ഇടം കണ്ണിൽ തെറിക്കും വരെ ...

കാലമേ..നിനക്കഭിനന്ദനം...
ഹാ..ഇതല്ലേ തണുപ്പ് ....

കുഞ്ഞേ...ഇതെന്റെ കണ്ണല്ല ..മനസ്സാണ്...
നിന്റേത്‌ കളിവീടുമല്ല...പാഠമാണ്...

"പാഠം...!!!"

ഒരു ബിരിയാണിക്കഥ


"ടീ..നമുക്കിന്നൊരു അതിഥി ഉണ്ട്.."

അതിഥിയോ..പടച്ച തമ്പുരാനേ...ഉമ്മയും ഉമ്മാമ്മയും ഒക്കെ ഉണ്ടാക്കുന്ന ഭക്ഷണം തിന്നു തീർക്കാൻ അല്ലാതെ അടുക്കളയിൽ കയറാത്ത നുമ്മ കല്യാണം കഴിഞ്ഞ്‌ ഗൾഫിൽ എത്തിയതിനു ശേഷം ഇക്കാന്റെ ദേഹത്ത് എന്റെ പാചക പരീക്ഷണം തുടങ്ങിയതേയുള്ളൂ...

"ബിരിയാണി എങ്കിലും ഉണ്ടാക്കണം.."

'ബിരിയാണിയോ..നല്ല കഥയായി'..

എന്നാലും നോക്കാല്ലേ...കോളേജിൽ നിന്നും കിട്ടിയ നല്ല കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി മാത്രം കൈമുതൽ ആയുള്ള ഞാൻ എന്തായാലും ആ വെല്ലുവിളി സ്വീകരിച്ചു..

എന്തു വന്നാലും ബിരിയാണി ഉണ്ടാക്കുക തന്നെ...(ഇക്കയുടെ മാനം കാത്തല്ലേ പറ്റൂ)

ഇനി ഒരു റെസിപ്പി വേണം...അപ്പനെ തപ്പിയെടുക്കാനും ആപ്പുള്ള കാലം...സ്മാർട്ട്‌ ഫോണിൽ തപ്പി ഒരു ആപ്പ് തപ്പിയെടുത്തു...

മമ്പുറത്തെ തങ്ങളെയും മുഹയിദ്ദീൻ ഷൈകിനെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഉള്ളി,തക്കാളി, വെളുത്തുള്ളി, ഇഞ്ചി എല്ലാം മുറിച്ചു വഴറ്റി..അടുക്കള കണ്ടാൽ ആന കയറിയ കരിമ്പിൻ തോട്ടം പോലെ ആയി...

മൂക്കുന്നത് വരെ വഴറ്റാൻ കാത്തു നിന്ന സമയം... നുമ്മന്റെ അമ്മാവന്റെ ഒരു ഫോണ്‍ വന്നു...ഫോണ്‍ വിളി കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോ ആകെ കരിഞ്ഞ മണം ...സംഗതി ഫ്ലോപ്പ് ആയി..ഇനിയിപ്പോ എന്ത് ചെയ്യും..ഇക്കനോട് ചോദിച്ചപ്പോ ആൾ കൈ മലർത്തി .

വിശ്വാസം അതല്ലേ എല്ലാം..പിന്നെ ഒന്നും ആലോചിച്ചില്ല..കരിഞ്ഞു പിടിച്ച മസാല കുറച്ചെടുത്തു കളഞ്ഞു..ബാക്കിയിൽ ചിക്കൻ ഇട്ടു കുക്കർ അടച്ചു..

കരിഞ്ഞും കരിയാതെയും ഒക്കെ നെയ്ച്ചോറും ഉണ്ടാക്കി..

ക്ലൈമാക്സിൽ ആപ്പ് മുതലാളി പറഞ്ഞതനുസരിച്ച് ദം ഇട്ടു..ദം ഇടാൻ വച്ച മൈദാ 3 തവണ താഴെ പോയി...ആപ്പുണ്ടാകിയവന് എന്ത് കോപ്പ് വേണേലും എഴുതാലോ എന്ന് പിറുപിറുത്തു പിന്നെയും ഒട്ടിച്ചു..(ഈ ബിരിയാണി കണ്ടു പിടിച്ചോനെ പച്ചക്ക്‌ ഇതുപോലെ കത്തിക്കണം എന്നു മനസ്സിൽ തോന്നിയ നിമിഷങ്ങൾ ).

അവസാനം ദം പൊട്ടിച് ടേസ്റ്റ് നോക്കി.. ഹൊ...ഉമ്മയും ഉമ്മാമ്മയുമൊക്കെ ഉണ്ടാക്കുന്നതിന്റെ നാല് അയലത്ത് പോലും എതില്ലേലും ബിരിയാണിയുടെ അളിയന്റെ പെങ്ങളുടെ ഭർത്താവിന്റെ മൂതുമ്മാന്റെ മോൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഫൈനൽ പ്രോഡക്റ്റ് പിറവിയെടുത്തു...

അതിഥികൾ വന്നപ്പോൾ ആരാന്റെ കെട്ട്യോൾ ഉണ്ടാക്കിയത് കൊണ്ടും വിശപ്പ്‌ എന്ന വികാരം കുടല്മാലകളെ പിച്ചിചീന്തുന്ന അതി തീവ്രവും ഭയാനകവുമായി മാറിയത് കൊണ്ടും മനസ്സു കൊണ്ട് നുമ്മന്റെ തള്ളക് വിളിച്ചു കൊണ്ട് അവരത് കഴിച്ചു..എന്റെ പ്രോഡക്റ്റ് ഒട്ടും വേസ്റ്റ് ആയില്ല...

ജീവിതത്തിൽ പല തവണ ബിരിയാണി കഴിച്ചിട്ടുടെങ്കിലും ബിരിയാണി അദ്ഭുതം ആയി തോന്നിയത് അന്നാണ്...

അന്ന് ബിരിയാണി കഴിച്ചു വീട്ടില് നിന്നും പോയ ഇക്കാന്റെ കൂട്ടുകാർ പിന്നെ ഇക്കാന്റെ കോൾ കണ്ടാൽ പോലും പേടിച്ചു എടുക്കതെയായി എന്നത് ഈ കഥയുടെ പിന്നാമ്പുറം ..

( ഉമ്മാക്കും ഉമ്മമ്മാക്കും എന്റെ കൂപ്പുകൈ..)

ഇരുൾ



ഇരുളിനൊരു കഥയുണ്ട്..

ആശ്വാസം തേടുന്ന മുഖങ്ങൾക്കും ആശ്വാസം തേടുന്ന നയങ്ങൾക്കും

ഒരു ഒളിത്താവളം ആണ് ഇരുൾ...

ഇരുളിന്റെ നെഞ്ചിൽ ഉറങ്ങുമ്പോൾ..

ദുഃഖങ്ങൾ അസ്തമിക്കുന്നു, കിനാവുകൾ മൊട്ടിടുന്നു ...

ചായങ്ങൾ ഇല്ലാത്ത ഇരുളിൽ എല്ലാ മനുഷ്യരും ഒരു പോലെ...

വെറും നിഴൽ മാത്രം....

ഗദ്ഗദങ്ങൾ, നെടുവീർപ്പുകൾ..

ഒളിപ്പിക്കനോരിടം....

ഈ നിശബ്ദതയിലെ കാറ്റിനു പോലും

ഈണം..താളം...

ഇവിടെ ആകെ ഇരുൾ മാത്രം...കൂരക്കൂരിരുട്ട് ...

ആരുമറിയാതെ....ആരെയുമറിയാതെ...

മനസ്സ് ചിത പോലെ കത്തുമ്പോൾ

ഭാവഭേദങ്ങളെ താഴിട്ടു പൂട്ടുന്ന

വിങ്ങലുകളെ ഒളിപ്പിക്കുന്ന ഇരുൾ
ഇരുൾ

------------------------------------------------------------------

ചില ഭക്ഷണ വിചാരങ്ങൾ


ഫാസ്റ്റ് ഫുഡും വിദേശ രുചികളും ഇടിച്ചു കയറി വന്നപ്പോൾ ഒതുങ്ങി മാറി നിന്ന കുറെ നാടൻ രുചികളുണ്ട് നമുക്ക്..

ജീവിത തിരക്കുകളിൽ നാം കയ് വിട്ട് കളഞ്ഞ തീന്മേശ നമുക്കെന്നും നഷ്ട സുഗന്ധം തന്നെയാണ്

ഉമ്മാമ്മ ഉണ്ടാക്കിതന്നിരുന്ന ഇറച്ചിപതിരിയുടെയും കായടയുടെയും ചെമ്മീനുണ്ടയുടെ ഒക്കെ ഗന്ധം ഓർമയിൽ തെളിയുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു..

അന്നൊക്കെ വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് ബേക്കറി പലഹാരങ്ങളല്ല നല്കിയിരുന്നത്..അടുക്കളയ്ക്ക് ഓരോ നേരവും ഓരോ മണമായിരുന്നു...

അങ്ങനെ എത്ര രുചിയോർമ്മകൾ ഉണ്ടാവും ഓരോരുത്തർക്കും....

പല പ്രാവശ്യം ഉപയോഗിച്ച എണ്ണ കൊണ്ട് വറുത്തെടുത്ത ബേക്കറി പലഹാരങ്ങൾ,പാക്കറ്റ് സ്നാക്ക്സ് ഒക്കെ കഴിക്കുന്ന കുട്ടികള്ക്ക് കിട്ടുന്നത് അധിക പൂരിത കൊഴുപ്പ്...എന്നാലോ അവർക്കാവശ്യമായ nutrition കിട്ടുന്നുമില്ല...ഫലം..obesity ..കുട്ടികൾ കുട്ടിയാനകളെ പോലെ ഗുണ്ടുമണികൾ ആവുന്നു..ചെറിയ പ്രായത്തിലെ രക്ത സമ്മർദം, കൊളെസ്ട്രോൾ ...

ചിക്കൻ ഇല്ലാതെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കില്ല..ഈ ചിക്കൻ ഹോർമോണ്‍ പൂരിതം..ഫലം പെണ്‍കുഞ്ഞുങ്ങൾ "പെണ്ണ് " എന്നാ വാക്ക് എന്തെന്നരിയുന്നതിനു മുന്നേ ഋതുമതികൾ ആവുന്നു..വളര്ന്ന ശരീരത്തിനുള്ളിലെ കുഞ്ഞു മനസ്സുള്ള "സ്ത്രീ "..

ആണ്‍കുട്ടികൾ ഒത്ത പുരുഷന്റെ ശരീരമുള്ള , അമ്മയുടെ പിന്നാലെ നടന്നു ചിനുങ്ങുന്ന അമ്മക്കുട്ടി..ആകെയൊരു പൊരുത്തക്കേട്

മാറിയ കാലത്ത് പഴമയിലെക്ക് തിരിഞ്ഞു നടക്കാനൊന്നും നമുക്കാവില്ല...ഇന്നത്തെ "ശരി" നാളെത്തെ " തെറ്റ് " ആവാം..പക്ഷെ ചില ശരികൾ അന്നും ഇന്നും എന്നും ശരി തന്നെയാണ്..

പക്ഷെ ചിലതൊക്കെ അമ്മമാർക്ക് ആവാം..

ഓരോ മനുഷ്യന്റെയും ഭക്ഷ ശൈലി രൂപപ്പെടുന്നത് അവരുടെ കുട്ടിക്കാലത് നിന്നാണ്..ആരോഗ്യകരമായ ഭക്ഷണശീലം പരിശീലിപ്പിക്കൂ...

മുളയിലെ കരിഞ്ഞു പോവാത്ത ഉള്കരുത്തുള്ള പുതു തലമുറ ഉണ്ടാവട്ടെ..

കോഴിക്കൊരു ചരമ ഗീതം


പ്രിയപ്പെട്ട frozen ചിക്കൻ ,

ഭൂമിയിൽ മനുഷ്യന് വേണ്ടി ഇത്രയേറെ ജീവത്യാഗം ചെയ്യേണ്ടി വന്ന ഒരു ജീവിവർഗം നിങ്ങൾ കോഴികളെ കഴിഞ്ഞേ ഉണ്ടാവൂ..

പെരുത്ത് നന്ദിയുണ്ട്..

KFC ആയും നരകത്തിലെ നരകത്തിലെ കോഴിയായും ചാർകോൾ ചിക്കനായും ഒക്കെ ഞങ്ങളുടെ തീന്മേശയിൽ എത്തിയപ്പോൾ കൊതിയോടെ ഞങ്ങൾ നിന്റെ മേൽ ചാടി വീണു..പിന്നെ എല്ലുകൾ മാത്രം ബാക്കിയാക്കി ഒരു നന്ദി പോലും പറയാതെ ....

ഈ രുചിക്ക് പിന്നിലുള്ള നിന്റെ ത്യാഗം ഞങ്ങൾ കണ്ടില്ലെന്നു നടിച്ചു...മുളകും ഉപ്പും വിനഗിര്യും ചേർത്ത് നിന്നെ കുളിപ്പിച്ചപ്പോൾ നിന്റെ മേനി എന്ത് മാത്രം നൊന്തു കാണും ..പിന്നെ തിളച്ച എണ്ണയിൽ വറുത്തപ്പോൾ..ശോ..സത്യായിട്ടും പാവം തോന്നുന്നു

21 ദിവസം poultry farm ഇലെ കൃത്രിമ ചൂടിൽ വിരിഞ്ഞ കണ്ണ് തുറന്നു നോക്കിയപ്പോ അമ്മയെ കാണാതെ നീ കരഞ്ഞുവോ..അമ്മയുടെ സ്നേഹം ഇല്ലാതെ നീ എങ്ങനെ ജീവിച്ചു? അവിടെ നിനക്ക് കൂട്ടുകാർ ഉണ്ടായിരുന്നോ?

നിനക്കും ഉണ്ടായിരുന്നില്ലേ സ്വപ്‌നങ്ങൾ...തൊടിയിലും പറമ്പിലും കൊത്തി കൊറിച്ചു നടക്കാൻ..മൊഞ്ചുള്ള പൂവനെ പ്രണയിക്കാൻ..പിന്നെ മുട്ടയിട്ട് 21 ദിവസം അടയിരുന്നു സ്വപ്‌നങ്ങൾ കാണാൻ....വിരിയുന്ന കുഞ്ഞുങ്ങളെ കാക്കനും പരുന്തും കൊണ്ട് പോകാതെ ചിറകിനുള്ളിൽ ഒളിപ്പിച്ചു നല്ലൊരു തള്ള കോഴിയാവാൻ ...

നിനക്കറിയോ ഈ ലോകത്ത് വേറെയും കുറെ പക്ഷികളുണ്ട്..മൃഗങ്ങൾ ഉണ്ട്..പൂവുണ്ട്..പല നേരത്ത് വല നിറങ്ങൾ കാട്ടുന്ന ആകാശമുണ്ട്..കാടുണ്ട്..പുഴയുണ്ട്..പൌൾട്രി ഫാർമിൽ ഇടുങ്ങിയ കൂടിൽ തുടങ്ങി ഫ്രീസറിൽ അവസാനിച്ച നിനക്ക് എന്ത് വെളിച്ചം..എന്ത് ഇരുട്ട് അല്ലെ...

എല്ലാത്തിനും കാരണം ഞങ്ങൾ മനുഷ്യരല്ലേ..സരോല്ല്യടോ..സത്യായിട്ടും സോറി കേട്ടോ..

(ചിക്കൻ എടുത്തു defrost ചെയ്യാൻ വെള്ളത്തിൽ ഇട്ടു ആ സമയം ടിവി കാണാൻ ഇരുന്നപ്പോൾ തോന്നിയത് )

പീഡനം


നല്ലത് നാലക്ഷരം പഠിക്കട്ടെ..ലേശം ദൈവ ചിന്തയോടെ വളരട്ടെ എന്ന ഉദ്ദേശത്തോടെയാണ് മക്കളെ മദ്രസയിലെക്കും വേദ പഠനത്തിനും ഒക്കെ പറഞ്ഞയക്കുന്നത്..

എന്നിട്ടിപ്പോ വേലി തന്നെ വിളവു തിന്നുന്ന വാർത്തകൾ കേൾക്കുമ്പോൾ..നിരാശ തോന്നുന്നു..

പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിനു ശാരീരിക പ്രശ്നങ്ങളെക്കാൾ അഭിമുഖീകരിക്കേണ്ടി വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളെയാണ് ..

കുഞ്ഞുങ്ങൾക്ക് എന്ത് അശുദ്ധി ?
ഇനി പതിവ്രത എന്നാ concept കുഞ്ഞുങ്ങക്കും ബാധകമാണോ എന്തോ..

കുറച്ചു ഡെറ്റോൾ കൊണ്ട് കഴുകിയാൽ തീരാവുന്നതെ ഉള്ളൂ അവരിലെ അശുദ്ധി

പക്ഷെ മാനസികമായി ഇത് അവരെ എന്ത് മാത്രം മുറിവേല്ക്കുന്നു..

ഒരു പുരുഷ സുഹൃത്തിനെ പോലും അന്ഗീകരിക്കാൻ പറ്റാത്ത രീതിയിൽ ..

നല്ലൊരു വിവാഹ ബന്ധം പോലും സാധ്യമാവാത്ത അത്ര ആഴത്തിൽ..

പുരോഹിതരെ..ഞങ്ങളുടെ മക്കളെ ദൈവ ഭയത്തോടെ വളർത്താൻ അനുവദിക്കൂ..

മാർഗദർശികൾ ആവാൻ പറ്റിയില്ലെങ്കിൽ വേണ്ട..

ദുർമാർഗം കാണിച്ചു കൊടുക്കാതിരിക്കൂ ..

തിരിച്ചറിവ്


വാപ്പ ഗൾഫിൽ ഉള്ള കൂട്ടുകാരികളുടെ കയ്യിൽ

നല്ല ഭംഗിയുള്ള ബാഗും കളർ പെൻസിലും പാവക്കുട്ടിയും ഒക്കെ കാണുമ്പൊൾ

ചെറുപ്പത്തിൽ ഒത്തിരി കൊതിച്ചിടുണ്ട് ഞമ്മളെ വാപ്പേം ഗൾഫിൽ

പോയിരുന്നെങ്കിൽ എന്ന്...

ഞമ്മൾ വാപ്പാന്റെ കയ്യും പിടിച്ചു മദ്രസേലും സ്കൂളിലും,

ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും ഒക്കെ പോയിരുന്നതിന്റെയും ,

ഇടിയും മിന്നലും ഉള്ളപ്പോൾ വാപ്പാന്റെ പുറകിൽ ഒളിച്ചിരുന്നതിന്റെയും,

പിന്നെ,എന്നും രാത്രി വാപ്പാന്റെ കയ്യിൽ നിന്നും ഒരുരുള ചോറ്

വാങ്ങിക്കഴിച്ചതിന്റെയും

compensation ആണ്

അവരുടെ കയ്യിലെ സമ്മാനങ്ങൾ എന്ന് മനസ്സിലായത് മുതിർന്നു കഴിഞ്ഞപ്പോഴാണ്.....

love you uppaa ....

ചില നൊസ്റ്റാൽജിക് വിശേഷങ്ങൾ


നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...

ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ്‌ വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത്‌ ഉള്ള പോലെ...

ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്

ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..

ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...

വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..

മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..

എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...

ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ്‌ ചെയ്യും...

"ഇത് ഒരു രോഗമാണോ ഡോക്ടർ ? "

കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..

എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ?

ഇഷാന്റെ സംശയങ്ങൾ


മൂന്നു വയസുകാരൻ ഇഷാനും നിസ്കരിക്കുമ്പോൾ കൂടെ കൂടാറുണ്ട്.

ഇന്ന് അവനൊരു സംശയം

"ഉമ്മ എന്താ നിച്ചരിക്കുമ്പോ എന്താ പറയണേ ?"

"അത് മോനെ..ഉമ്മ പടച്ചോനോട് പറയുവാ..ഉമ്മാനെയും ഉപ്പാനെയും ഇശുട്ടനെയും നല്ല കുട്ടികളാക്കി നടത്തണമേ ...ഞമ്മക്ക് മൂന്നാക്കും ഉമ്മമ്മക്കും ഉപ്പാപ്പക്കും എല്ലാർക്കും സ്വര്ഗം തരണേ..എന്ന് "

അപ്പൊ തന്നെ വന്നു അടുത്ത സംശയം

"സ്വർഗം നു വെച്ചാ എന്താ ?"

"അത് മോനെ...നല്ല ആൾക്കാർ മാത്രം പോണ സ്ഥലാ..അവിടെ മോനുനു എത്ര വേണേലും ടോയ് കാർ ഉണ്ടാവും,കാർട്ടൂണ്‍ ഉണ്ടാവും, കമ്പ്യൂട്ടർ ഗെയിം ഉണ്ടാവും"

"അപ്പൊ അവിടെ എങ്ങനെയാ പോവാ..ഫ്ലൈറ്റിലാ? "

"അത് ഇശൂട്ടന് കുറെ വലുതാവണം..ഇന്നലെ പോവാൻ പറ്റൂ"

പക്ഷെ എനിക്കിപ്പോ സംശയം..നന്മ , തിന്മ ഇതൊക്കെ നമ്മൾ വല്യൊർക്കല്ലെ...എന്റെ കുഞ്ഞിനു സ്വർഗം അവന്റെ ഉമ്മയും ഉപ്പയും കൂടെ ഉള്ളപ്പോഴല്ലേ..അപോ പിന്നെസ്വര്‍ഗ്ഗം എന്ന അവനുള്‍ക്കൊള്ളാന്‍ കഴിയാത്ത സുദീര്‍ഘമായ ലക്ഷ്യം മുന്നില് കാട്ടി അവനെ നടത്താൻ ശ്രമിക്കാമോ?

കുഞ്ഞുങ്ങൾ ഒരു ബ്ലോട്ടിംഗ് പേപ്പർ പോലെയാണ്...ശുദ്ധം..പക്ഷെ നല്ലതായാലും ചീത്തയായാലും അടുത്തുള്ളതെന്തും വലിച്ചെടുക്കും..

അത് കൊണ്ട് അവരുടെ സംശയങ്ങള്ക്കും കൃത്യമായ ഉത്തരങ്ങൾ കൊടുക്കണം...അപ്പോഴും അവരുടെ ഭാവനകൾക്ക് അതിരുകളില്ലാതെ ഉയരാനുള്ള സ്പേസ് നമ്മൾ കൊടുക്കണം..

അവർ വളരട്ടെ..അതിരുകളില്ലാതെ..മതിലുകളില്ലാതെ..വഴി തെറ്റാതെ..നല്ല മനുഷ്യരായി !!<

ഞാൻ ഒരു പാവം ഫെമിനിസ്റ്റ്


"പിതാ രക്ഷതി കൌമാരേ..

ഭർതൃ രക്ഷതി യൗവ്വനെ

പുത്ര രക്ഷതി വാര്ധക്യെ

ന സ്ത്രീ സ്വതന്ത്ര്യമർഹതി ...."

എന്നാ മനുസ്മൃതി വാക്യം ഉദ്ദേശിക്കുന്നത് ഒരിക്കലും സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അര്ഹിക്കുന്നില്ല എന്നാണെന്ന് തോന്നില്ലല്ല..ഉവ്വോ..

പകരം എല്ലാവരാലും സംരക്ഷിക്കപ്പെടെണ്ടാവളാണ് സ്ത്രീ, പക്ഷെ സ്ത്രീ സ്വാതന്ത്ര്യം അര്ഹിഹിക്കുന്നു എന്ന് തന്നെയാണ് ....

പക്ഷെ ഇവിടെ സ്ത്രീ സംരക്ഷണത്തിന് ആളുണ്ട്..ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റാനും...

വിവാഹത്തിന് മുമ്പ് പഠന , കലാകായിക കാര്യങ്ങളിൽ മികവു പെണ്‍കുട്ടികൾ ഒത്തിരിയുണ്ട്..

പക്ഷെ വിവാഹ ശേഷം ഒരു വ്യക്തി എന്ന രീതിയിലുള്ള അവളുടെ നിലനില്പ്പ് തീരുന്നു..

അതോടെ ഭാര്യ, മരുമകൾ, അമ്മ, ഇതൊക്കെയാണ് അവൾ..ഇതൊക്കെ വേണ്ടത് തന്നെയാണ്..പക്ഷെ അവർ വീടിനു പുറത്തൊരു ലോകം കൂടി അര്ഹിക്കുന്നു...

ആത്മ വിശ്വാസവും self succesful ഉം ആയ സ്ത്രീകളിൽ ഉണ്ടാവുന്ന radiance ...അത് പല പുരുഷന്മാർക്കും മനസ്സിലായിട്ടില്ല..

ഭാര്യയെ..അമ്മയെ..മകളെ..ഒരു വ്യക്തിയായി അന്ഗീകരിക്കൂ ...

അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകൂ ..നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാവുന്ന പോസിറ്റീവ് changes കാണാൻ മനസ് തുറന്നു വയ്ക്കൂ..

...........................................................................

സത്യായിട്ടും ഞമ്മളൊരു പുരുഷ വിരുധയല്ല..ഞമ്മന്റെ വീട്ടിലും ഉണ്ട് ഉപ്പേം കെട്ട്യോനും അനിയനും മോനും ഒക്കെ..ഇബാരെയൊക്കെ ഞമ്മക്ക് പെരുത്തിഷ്ടാ

ചെലപ്പോ ഫെമിനിസ്റ്റ് ആയിരിക്കും...സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഒരു പാവം ഫെമിനിസ്റ്റ്

എന്റെ ഉപ്പ


ജീവിതത്തിൽ ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം നമ്മള്‍ തിരിച്ചറിയുന്ന ഒരു നിമിഷം വരും..ആ നിമിഷം മുതൽ നമ്മൾ അവരെ ഭ്രാന്തമായി സ്നേഹിക്കും..

ഞമ്മളെ ജീവിതത്തിലും ഉണ്ട് അങ്ങനെയൊരു സംഭവം ....

പറയാം...

ഞാനന്ന് നാലിൽ പഠിക്കുന്നു..സ്കൂൾ തുറന്ന മഴക്കാലം..

അന്ന് ഉപ്പ അനിയനും അനിയത്തിക്കും ഓരോ ബാഗ്‌ വാങ്ങി.. രണ്ടു മാസം മുമ്പ് എനിക്ക് വാങ്ങിയതിനാൽ എനിക്ക് വാങ്ങിയില്ല എന്നതാണ് സത്യം.പക്ഷെ ഞമ്മക്കത് സങ്കടായി ..

പണ്ടേ ലേശം കിറുക്കുള്ള നുമ്മ ഒരു കത്തെഴുതി..ആ കത്ത് ഏകദേശം ഇങ്ങനെയായിരുന്നു..

"ഉമ്മക്കും ഉപ്പാക്കും ഞാൻ ഒരു ഭാരമാണെന്ന് ഞാൻ അറിഞ്ഞില്ല..അതല്ലേ അവർക്ക് രണ്ടാൾക്കും ബാഗ്, എനിക്കില്ലാതെ..

അല്ലെങ്കിലും അനിയനും അനിയത്തിയും വന്നതിനു ശേഷം ഉമ്മക്കും ഉപ്പക്കും എന്നെ വേണ്ടാതായി എന്നെനിക്ക് അറിയാം..."

ഇങ്ങനെ എന്തൊക്കെയോ...എഴുതുമ്പോ ഭയങ്കര സീരിയസ് ആയിരുന്നു കേട്ടോ..കണ്ണിൽ നിറയെ വെള്ളം നിറച്ച് ..ഹഹ

എന്നിട്ട് ഈ കത്ത് രാവിലെ തന്നെ പത്രത്തിന്റെ രണ്ടാം പേജിൽ കൊണ്ട് വെച്ച്, ഉപ്പാക്ക് തന്നെ കിട്ടാൻ..രാവിലെ എണീറ്റ് ക്ലൈമാക്സ്‌ കാണാൻ കാത്തു നിന്നു...

നിങ്ങൾക്കറിയോ, ഉപ്പ ആ കത്ത് വായിക്കുമ്പോൾ ഒരിക്കലും വാടാത്ത ഉപ്പാന്റെ മുഖം വാടി..ഉപ്പാന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ...

കുഞ്ഞാണെങ്കിലും എന്റെ ഉപ്പാന്റെ മനസ് വായിക്കാൻ അത് ധാരാളം ആയിരുന്നു..(അപ്പൊ തന്നെ പോയി ഉപ്പ എനിക്കൊരു പുത്യ ബാഗ്‌ വാങ്ങിത്തന്നു).

ഈ ഓര്മ്മക്കുറിപ്പ് എഴുതുമ്പോഴും ഉപ്പനോടുള്ള സ്നേഹം എന്റെ കണ്ണിൽ കണ്ണുനീരായി പൊഴിഞ്ഞത് ആ തിരിച്ചറിവാണ്..

പിന്നീട് ഒരിക്കലും വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഞാൻ എന്റെ ഉപ്പാനെ നോവിച്ചിട്ടില്ല...

മരിക്കുവോളം അങ്ങനെ ഉണ്ടാവുകയും ഇല്ല

ചിരി

ചിരി...അതൊരു അനുഗ്രഹമാണ്...

ചിരിക്കുന്നവനും അത് ഏറ്റുവാങ്ങുന്നവരിലും...

ഞമ്മൾ ഉദ്ദേശിച്ചത് മുഖത്ത് പേസ്റ്റ് ചെയ്ത് വച്ച artificial ചിരി അല്ല...

മനസിന്റെ ഉള്ളിൽ നിന്നും വരുന്ന കറയില്ലാത്ത തെളിഞ്ഞ ചിരി...

കുഞ്ഞുങ്ങളുടെ ചിരി പോലെ...മുത്തശിയുടെ ചിരി പോലെ..

കണ്ണിറുക്കി...പല്ലില്ലാത്ത മോണ കാട്ടി..

ഗർഭിണികളുടെ പുഞ്ചിരി പോലെ...ദൈവികം...ദൈവത്തിന്റെ കയ്യൊപ്പുള്ള ചിരി...

അമ്മയുടെ ചിരി പോലെ...സ്നേഹത്തിന്റെ ചിരി..

അച്ഛന്റെ ചിരി പോലെ..പ്രാർഥനയുടെ ചിരി..

പ്രവാസിയുടെ ചിരി..കാത്തിരിപ്പിന്റെ....കൂടിച്ചേരലിന്റെ...

പ്രണയിനിയുടെ ചിരി പോലെ...സ്വപ്‌നങ്ങൾ കണ്ണിൽ തെളിയുന്ന ചിരി..

മണവാട്ടിക്കുട്ടിയുടെ ചിരി പോലെ...നാണത്തിൽ പൊതിഞ്ഞ ചിരി...

.........................................................................

സങ്കടം വരുമ്പോൾ നിങ്ങളുടെ കുഞ്ഞിന്റെ മനോഹരമായ ചിരി മനസിലേക്ക് കൊണ്ട് വരൂ...

trust me ...കണ്ണീരിലും നിങ്ങൾക്ക് പുഞ്ചിരിക്കാനാവും....

നല്ലൊരു പുഞ്ചിരി പ്രതീക്ഷിച്ചു കൊണ്ട്....

റാഹില റസാക്ക്...

"ലോകം ഒരു വീട്... "



ഇതാണല്ലോ ഈ ഇൻഫർമേഷൻ ടെക്നോളജി യുഗത്തിന്റെ മുദ്രാവാക്യം..

നല്ലത്...

പക്ഷെ, " ഒരു വീട് പല ലോകങ്ങൾ" എന്നതാണ് new generation കുടുംബങ്ങളിലെ മുദ്രാവാക്യം ..എന്ന് തോന്നുന്നു

ഗൾഫിൽ ഉള്ള ഒരു കുടുംബത്തിന്റെ ഒരു സായാഹ്നം ഞാൻ പറയാം..

ഉപ്പ ടിവിയിൽ ക്രിക്കറ്റ്‌, ഫുട്ബാൾ , വാർത്ത‍ ഈ ചാനലിൽ നിന്ന് തിരിയുന്നു...അല്ലേൽ ഫേസ്ബുക്കിൽ..ഉമ്മ ലാപ്ടോപ്പിൽ സീരിയൽ കാണുന്നു...

മകൻ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നു..അല്ലെങ്കിൽ കാർട്ടൂണ്‍ കാണുന്നു..
വാട്സ്അപ്പ് ...
ഒരു കുട്ടി കൂടി ഉണ്ടങ്കിൽ മൂപ്പർ ടാബിൽ youtube ലോകത്തിൽ ...

നാട്ടിൽ ആണെങ്കിൽ 4 പേർക്ക് താമസിക്കാൻ 5000 sq feet വലിപ്പമുള്ള വീട് ഉണ്ടാവും..ഓരോ റൂമും ഓരോ ലോകം.

ഒരു വ്യത്യാസം മാത്രം ..നാട്ടിൽ പവർകട്ട് സമയം എങ്കിലും ഉണ്ട് സംസാരിക്കാൻ..ഇവിടെ അതിനു പോലും സ്കോപ് ഇല്ല..

ദിവസം ഒരു നേരം ടിവി ഓഫ്‌ ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കൂ...മക്കൾ അവരുടെ സ്കൂളിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പറയട്ടെ..ഉമ്മക്കും ഉപ്പക്കും ഉണ്ടാവില്ലേ ഇങ്ങനെ കുറെ കാര്യങ്ങൾ..

discussions, തമാശകൾ, പ്രശ്നങ്ങൾ ...

പൊട്ടിച്ചിരികൾ വീട്ടിൽ ഉയരട്ടെ..

ഒരു ദിവസം 24 മണിക്കൂർ , അതിൽ അര മണിക്കൂർ ഇങ്ങനെ ചിലവാക്കൂ...

അതെ..ഓരോ വീടും കല്ലും മണ്ണും സിമെന്റും ചേര്ന്ന "ബിൽഡിംഗ്‌" എന്നത് മാറി "ഒരു വീട് " ആവുന്നത് അവിടെബന്ധങ്ങൾക്ക് ഇഴയടുപ്പം ഉണ്ടാവുമ്പോഴാണ്...

നമ്മുടെ വീടുകളും ഓരോ കൊച്ചു സ്വർഗമാകട്ടെ..

"ബന്ധങ്ങൾ വെറുതെയല്ല "

ഒരു മാതൃദിന പ്രഖ്യാപനം


ഉമ്മയെ പണ്ടേ ഞമ്മക്ക് ജീവനാണ്..

പക്ഷെ ഞമ്മൾ ഒരുമ്മ ആയതിനു ശേഷം ഉമ്മാനോടുള്ള ഞമ്മളെ ഇഷ്ടം ഒന്നൂടി കൂടീട്ടാ...

ഇപ്പോൾ ഇഷാനൂട്ടന്റെ പിന്നാലെ ഓടുന്ന ഓരോ നിമിഷവും ഞാൻ ഉമ്മാനെ മനസ്സ് കൊണ്ട് നമിക്കുന്നു..

ചെറുപ്പത്തിൽ എന്നും അസുഖക്കാരിയായ അനിയത്തിയെ ഉമ്മ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയത് ഇന്നും ഞാൻ ഓര്ക്കാറുണ്ട്..

ഫേസ് ബുക്കിൽ ഉമ്മയെ പറ്റി പറയുമ്പോ എല്ലാര്ക്കും നൂറു നാവാണ്..

പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ..നിങ്ങൾ ആരെങ്കിലും അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചപ്പോ അമ്മ കഴിച്ചോ എന്ന് ചോദിച്ചിടുണ്ടോ ഇതേവരെ ..

ഏമ്പക്കം വിട്ടു വരുമ്പോ കറിക്ക് നല്ല സ്വാദ് എന്ന് പറയാറുണ്ടോ?...

നിങ്ങള്ക്ക് പനി വരുമ്പോ അമ്മ ഉറങ്ങാതെ നിങ്ങളെ നോക്കും...

അമ്മയ്ക്ക് പനി വരുമ്പോ എന്നേലും നിങ്ങൾ ഒരു കട്ടൻ കാപ്പി എങ്കിലും ഉണ്ടാക്കി കൊടുത്തിടുണ്ടോ...

90 % ശതമാനം പേരും ഇതിനെ പറ്റി ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല എന്ന് എനിക്ക് തോനുന്നു..

അമ്മയ്ക്ക് ഒരിക്കലും നിങ്ങളോട് ഒരു വൈമനസ്യവും ഉണ്ടാവില്ല..പക്ഷെ അവർ അത് മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാവും ..

ഇനി ഒരു പ്രാവശ്യം ഭക്ഷണം ഉണ്ടാക്കുമ്പോ നന്നായിട്ടുണ്ട് അമ്മെ എന്ന് പറഞ്ഞു നോക്കൂ..
അപ്പൊ കാണാം..എന്നിട്ട് അമ്മടെ മുഖത്തേക്ക് നോക്കോ..ഞാൻ പറഞ്ഞത് അപ്പൊ നിങ്ങള്ക്ക് മനസിലാവും..

ഉമ്മാ...you are wonderful

ഉമ്മാക്ക് ഒരുമ്മ...