Tuesday 24 June 2014

ഹഹഹ

"ഞമ്മക്ക് ഇപ്പൊ മോഡിയോട് ബഹുമാനം കൂടി വരേണ്..."

"ങേ...എന്തെടീ.."

"ഇങ്ങൾ പറ...ഒരു രാജ്യത്തിന്റെ ഏറ്റവും ബല്യ സ്വത്ത്‌ എന്താ?"

"അത്...അഞ്ച് കൊല്ലം കൂടുമ്പോ വോട്ടു കുത്തണ നാട്ടാര് അല്ലെ ബട്കൂസേ.."

"അതെന്നെ..ഒറപ്പല്ലേ ..? നല്ല ആരോഗ്യം ഉള്ള നാട്ടാര്..ലെ..?"

"ഹും..തന്നെ.."

"അപ്പൊ പിന്നെ പഞ്ചസാരക്ക് വില കൂട്ടി..അപ്പൊ പ്രമേഹം ഉണ്ടാകൂല...
ഇനി അരിക്ക് വില കൂട്ടും...അരിയും പ്രമേഹാ

ഗ്യാസിനു വില കൂട്ടി..അപ്പൊ പെണ്ണുങ്ങൾ വിറക് വെട്ടി കീറി അടുപ്പത്ത് കത്തിക്കും...

അപ്പൊ കോളെസ്ട്രോൾ ഉണ്ടാവൂല..പൊണ്ണത്തടി ഉണ്ടാകൂല..

പെട്രോളിന് വില കൂടുമ്പോ പറ്റാവുന്ന ദൂരമൊക്കെ എല്ലാരും നടക്കും..exercise കിട്ടും...എന്തിനാ കായ് കൊട്ത്ത് ജിമ്മിൽ പോണത് ..?

അങ്ങനെ കുറച്ചു കാശ് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ നടക്കും..സോഷ്യലിസം !!

അത് പോലെ തീവണ്ടി ചാർജ് കൂട്ടി...അപ്പൊ കൊറേ പേര് ബസ്സിലും ടാക്സിക്കും പോകും...ഓലിക്കും ജീവിക്കെണ്ടേ...

മൊത്തത്തിൽ ഞമ്മളെ നാട്ടര്ടെ നന്മ മാത്രം ഉദ്ദേശിച്ചാണ് ഓല് ഇങ്ങനൊക്കെ കാട്ടണത്‌ ..

തിരിഞ്ഞാ...?"

"ഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..."

എന്തേയ് ... 

ഇശൂട്ടൻ

എട്ടാം മാസത്തിൽ വയറ്റിൽ കിടന്നു ഇശൂട്ടൻ ഒരു ചവിട്ട് ചവിട്ടി...
അവന്റെ കാൽപാദം ശരിക്കും വയറ്റിൽ കാണാമായിരുന്നു..

പിന്നെ അതൊരു ശീലമായി...

ഉമ്മാനോട് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു ഉറപ്പിച്ചോ മോളെ ആണ്‍കുട്ടി ആണെന്ന്...

അവൻ വയറ്റിൽ ഡിസ്ക്കോ ചെയ്യുന്ന ഫീൽ ..ഓർത്തു നോക്കുമ്പോ നല്ല രസം...
നമ്മുടെ കൂടെ, എന്റെ ശരീരത്തിന്റെ ഭാഗമായി,പക്ഷെ മറ്റൊരു ശരീരം...മാഷാ അല്ലാഹ്...

അടിച്ചമർത്തിയ സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഫെമിനിസം സംസാരിക്കുന്ന എന്റെ മനസ്സിൽ പെണ്ണായി പിറന്നതിൽ അഭിമാനം തോന്നിയ അവസരം...

ഇക്കാനെ ഇടയ്ക്ക് കളിയാക്കും...

"കോടി ഉർപ്യ ഉണ്ടാക്കിയാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇങ്ങൾ ആണുങ്ങൾക്ക് പറ്റൂലല്ലോ...

ആ ഫീലിംഗ് അനുഭവിക്കാനും..."എന്തേയ് ..? 

ഒരു ഡ്രൈവിംഗ്പഠനം

ഒരു ആറെഴു കൊല്ലം മുമ്പത്തെ ഒരു സംഭവം...

ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയത് ആകെ ഒരു പഴയ മാരുതി കാർ ഉള്ളത് കൊണ്ട് വീട്ടില് കഞ്ഞി വെച്ചിരുന്ന പാവം ചേച്ചിയുടെ അടുത്തായിരുന്നു..

"പൊളിടെക്നികിൽ പഠിക്കാത്തത് കൊണ്ട്'" ക്ളച്ച്, acclerator ഇതൊന്നും അറിയാത്ത ഞമ്മളെ ചേച്ചി ടെക്നികൽ ആയി ഇതിന്റെയൊക്കെ വർക്കിംഗ്‌ പഠിപ്പിച്ചു തന്നു...

കുറച്ചു നേരം വണ്ടി ഓടിച്ച എന്റെ ആത്മ വിശ്വാസം മാനത്തോളം വളർന്നു

..ശോ..ഗട്ടെർ കാണുമ്പോ വണ്ടി താനെ സ്ളോ ആകുന്നു..ഗിയര് മാറുന്നു...

ഡ്രൈവിംഗ് അപ്പൊ വലിയ സംഭവമേ അല്ല..ശോ..ഇത് കുറച്ചു മുമ്പേ പഠിക്കെണ്ടാതായിരുന്നു...

രണ്ടാം ദിവസം...ആ ചേച്ചിയുടെ ഭാഗ്യക്കേടിനു വണ്ടി ഓടിപ്പിക്കാൻ തിരഞ്ഞെടുത്ത റോഡ് നല്ല തിരക്കുള്ള ഹൈ വെ ആയിരുന്നു...വല്യ പ്രശ്നമൊന്നും ഇല്ലാതെ ഓടിച്ചു..അടുത്ത ആളെ ഡ്രൈവിംഗ് സീറ്റിലെക് വിളിക്കാൻ വേണ്ടി ചേച്ചി പറഞ്ഞു..

"റാഹില ..വണ്ടി നിർത്തിക്കോ ..."

കേട്ടപാതി കേൾക്കാത്ത പാതി ഞമ്മൾ sudden ബ്രേക്ക്‌ ..അതും നടു റോഡിൽ...

പിന്നെ ഒന്നും ഓർമയില്ല ..വലിയ ശബ്ദത്തോടെ പിറകിലെ ഗ്ലാസ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് ..

കാറിന്റെ പിറകിലെ സ്കൂട്ടി വന്നിടിച്ചതാണ്...

ഞാൻ നോക്കിയപ്പോ സ്കൂട്ടിയിൽ ഉണ്ടായിരുന്ന ചേട്ടൻ താഴെ കിടപ്പുണ്ട്...ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...

ദേഷ്യത്തിന് അങ്ങേരു നേരെ വന്നു ഡ്രൈവിംഗ് സീറ്റിലെക്ക് ...

എന്തൊക്കെയോ ചീത്ത വിളിച്ചു...ഡ്രൈവിംഗ് സ്കൂളിന്റെ ആയതു കൊണ്ടാണെന്ന് തോന്നുന്നു കേസ് ഒന്നും ആയില്ല...

ന്തായാലും സങ്കതി ഉഷാർ ആയിരുന്നു...

എല്ലാം കഴിഞ്ഞപ്പോ ആ ചേച്ചി എന്നോട് ചോദിച്ചു...

"റാഹില എന്തിനാ പഠിക്കുന്നെ.."

"ങേ..എന്തെ ചേച്ചി.."

"അതല്ല...എന്തിനാാാാാാാ പഠിക്കുന്നെ എന്ന്...."

എന്താലേ ....

അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ...?

"അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ..."

ഞമ്മളെ സംശയം..

"അതെ...ഇടക്ക് അർജെന്റീനന്റെ കൂടെയും കളിക്കും...എന്തെ...ദാ..പെണ്ണെ..മിണ്ടാതിരിക്കുന്നുണ്ടോ .."

വീണ്ടും സംശയം..

"അപ്പൊഴെയ് ..ഗോൾ അടിച്ച ടീമിനാണോ മറ്റേ ടീമിനാണോ കപ്പ്‌ കിട്ടല് ..ഒരു ടീമിന് എത്ര നേരാ കളി ?"

"ന്റെ റബ്ബേ..ഇങ്ങനെയൊരു മന്ദബുദ്ധീനെ തന്നെ ഞമ്മക്ക് തന്നല്ല...മലപ്പുറത്ത്‌ കിട്ടാഞ്ഞിട്ട് കണ്ണൂര് പോയി കെട്ടിക്കൊണ്ടു വന്നു..ആഹ് ..വരാനുള്ളത് വഴിയിൽ തങ്ങൂലല്ലൊ ..."

ഇക്ക നെഞ്ചത്തടിച്ചു തുടങ്ങി ..

"ഇങ്ങൾ അത്ര വല്യ വർത്താനം ഒന്നും പറയണ്ട...

മട്ടയരി വേവാൻ കുക്കെറിൽ എത്ര whistle അടിക്കണം എന്ന് ഇങ്ങക്കറിയോ ..

നെയ്ച്ചോർ ഉണ്ടാക്കുമ്പോ ഒരു ഗ്ലാസ്‌ അരിക്ക് എത്ര വെള്ളം വേണം നു ഇങ്ങക്കറിയോ ..

കൊറച്ചു ഗോതമ്പ് പൊടിയും വെള്ളവും തന്നാൽ അത് ചപ്പാത്തി മാവ് ആക്കാൻ പോലും ഇങ്ങക്കറിയൂലല്ലോ ...

കുറച്ചു ദിവസം ഒന്നും തിന്നില്ലേൽ ചെലപ്പോ തട്ടിപ്പോകും...

പച്ചേങ്കിൽ മെസ്സി ഏതു ടീം എന്നറിഞ്ഞില്ലെങ്കിൽ ആകാശം ഒന്നും ഇടിഞ്ഞു ബീകൂല..

ങും...ഞമ്മലോടാ കളി.." 

അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് ??

"കദീസൂ..കുറച്ചു ഉപ്പ് ...വീട്ടിൽ കയ്ഞ്ഞു പോയി..റാഹിന്റെ ഉപ്പനോട് പറഞ്ഞിട്ട് ഓല് മറന്നു പോയി..."

"അയ്നെന്താ പാത്തിബീ ..ഇപ്പൊ തരാട്ടാ ..."

സാധാരണ വീട്ടില് കേൾക്കാറുള്ള ഒരു കാര്യം...

എന്റെ ഉമ്മാക്ക് ഇപ്പോഴും നല്ല അയല്പക്ക ബന്ധമുണ്ട്...

ഉപ്പും മുളകും പുളിയും ഒക്കെ തീർന്നാൽ ആവശ്യത്തിനു ഒരു മടിയും കൂടാതെ കയറിചെല്ലുന്ന നല്ല അയൽപക്കങ്ങൾ ...

അപ്പുറത്തെ വീട്ടിലെ സ്ത്രീകൾ നല്ല കൂട്ടുകാരികളും ആയിരിക്കും...
സന്തോഷവും സങ്കടവും എല്ലാം ഷെയർ ചെയ്യുന്ന ബന്ധങ്ങൾ..വിശേഷ ദിവസങ്ങളിൽ പലഹാരങ്ങൾ കൈമാറും...നോമ്പിനും ബറാ ഹത്തിനും ഒക്കെ...

വേറെ ഒരു വിശേഷം കേൾക്കണോ ...അയല്പക്കത്തെ ഒരു പെണ്‍കുട്ടി വിവാഹിതയാവുന്നു എങ്കിൽ ആ പെണ്‍കുട്ടിയെ വിളിച്ചു സല്കാരം കൊടുക്കും...ബിരിയാണി ഒക്കെ ഉണ്ടാക്കി...

ഗർഭിണി ആയ പെണ്‍കുട്ടി അയല്പക്കത്ത് ഉണ്ടെങ്കിൽ എഴാം മാസം കഴിഞ്ഞാൽ ചീരണി എന്നാ പേരിൽ കുറെ മധുര പലഹാരങ്ങൾ ഉണ്ടാകിക്കൊടുക്കും...

അങ്ങനെ അങ്ങനെ അങ്ങനെ...

ചുരുക്കത്തിൽ ഉമ്മ ഫുൾ ടൈം ബിസി ആണ്..

ചിലപ്പോഴൊക്കെ ഞാൻ ഉമ്മാനോട് ചോദിക്കാറുണ്ട്.."ഇങ്ങൾ ഇതൊക്കെ എങ്ങനെ maintain ചെയ്യുന്നു ?" എന്ന്..

അപ്പൊ ഉമ്മ പറയും ..."അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് അടുത്തുള്ള ശത്രുവിനെ ആണ്.." എന്ന്...

എത്ര സത്യം...

പറമ്പുകൾ വേർതിരിച്ചിരുന്ന ശീമക്കൊന്ന മാറ്റി ജയിൽ കോമ്പൌണ്ട്

ഓർമ്മിപ്പിക്കുന്ന കൂറ്റൻ മതിലും അതിനെക്കാൾ വലിയ ഗേറ്റും വെച്ച്

വീടുകൾ ഭദ്രമാക്കിയപ്പോൾ നമ്മുക്ക് നഷ്ടമായത് നല്ല അയല്പക്ക

ബന്ധങ്ങളുടെ ഊഷ്മളത ആയിരുന്നു..സൌഹൃദം ആയിരുന്നു..തമ്മിൽ തമ്മിൽ ഉള്ള കെയറിങ് ആയിരുന്നു..

എന്നാലും ഇങ്ങൾ ഒരു സംഭവം തന്നെ ഉമ്മാ !!

Thursday 12 June 2014

ഗൾഫ്‌കാരന്റെ മകൻ

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

നൊസ്റ്റാൾജിയ

നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...

ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ്‌ വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത്‌ ഉള്ള പോലെ...

ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്

ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..

ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...

വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..

മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..

എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...

ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ്‌ ചെയ്യും...

"ഇത് ഒരു രോഗമാണോ ഡോക്ടർ ? "

കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..

എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ? 

ഫുട്ബോൾ അടിയന്തരാവസ്ഥ

ഞമ്മളെ വീട്ടിൽ ഇക്കാന്റെ വക ഇന്ന് മുതൽ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...

നിയമങ്ങൾ ഇപ്പടിയാണ്..

1. ഫുട്ബാൾ കളി നടക്കുന്ന സമയത്ത് മിണ്ടിയാൽ വായിൽ തുണി തിരുകി
plaster ഒട്ടിക്കുന്നതായിരിക്കും..

2. വേൾഡ് കപ്പ്‌ ഫൈനൽ കഴിയുന്നത് വരെ "റിമോട്ട്" ഞമ്മളോ ഇഷുട്ടനൊ
തൊടാനോ പിടിക്കാനോ പാടില്ല..

3.അമ്മ മനസ്, ബാലാമണി,തുടങ്ങിയ സീരിയലുകളുടെ പേര് പോലും കേൾക്കാൻ പാടില്ല...

4.എല്ലാ ദിവസവും രാത്രി ഫ്ലാസ്കിൽ കട്ടൻ കാപ്പി ഇട്ടു വെച്ചിട്ട് ഉറങ്ങണം

5.ഫുട് ബോൾ കളി കഴിഞ്ഞു മിനിമം 3 സ്പോർട്സ് ചാനെലിലെങ്കിലും
അതിന്റെ റിവ്യൂ , ചർച്ചകൾ, പിന്നെ അതിന്റെ highlights ഒക്കെ
കണ്ടെന്നിരിക്കും...എതിർത്ത് ഒരക്ഷരം മിണ്ടിയാൽ വീടിനു പുറത്ത്...

6.ബ്രസീലിന്റെ കളി നടക്കുന്ന അന്ന് കട്ടിലിന്റെ താഴെ കിടക്കണം..

ഉറക്കത്തിൽ സ്വപ്നം കാണുമ്പൊൾ ആവേശം മൂത്ത് ബ്രസൂക്ക ആണെന്ന്
വിചാരിച്ചു ഒരു ചവിട്ടു കിട്ടി കഴിഞ്ഞിട്ട് പിന്നെ കരഞ്ഞു കൊണ്ട് വന്നിട്ട്
കാര്യമില്ല...