Monday 12 May 2014

ഒരമ്മ മകൾക്കെഴുതിയ കത്ത്


പ്രിയപ്പെട്ട മകളെ...

നിനക്ക് സുഖമാണോ..?

നിന്റെ കൂട്ടുകാരികൾ എന്ത് പറയുന്നു..? ഇവടെ എല്ലാവര്ക്കും സുഖം തന്നെ..

നമ്മുടെ ചക്കിപൂച്ച പ്രസവിച്ചുട്ടോ ..അവളെ പോലെ തന്നെ ഉള്ള രണ്ടു വെളുത്ത രണ്ടു കുഞ്ഞുങ്ങൾ..ചക്കി ഇപ്പൊ പഴയ പോലെ ഒന്നും അല്ല..മക്കളേം കൂട്ടിപിടിച് അവൾ ഒരു അമ്മയുടെ തലയെടുപ്പോടെ തൊടിയിൽ കൂടി നടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്..

ഉപ്പ ഇത് വരെ കടയിൽ നിന്നും വന്നിട്ടില്ല..ഇപ്പോൾ പതിവായി നല്ല താമസിച്ചു ആണ് വരുന്നത്..നിങ്ങൾ രണ്ടു പെണ്‍കുട്ടികൾ വളർന്നു വരുന്നത് ഓർത്ത് ഉപ്പാക്ക് നല്ല ടെൻഷൻ ഉണ്ട്..

നിനക്കറിയാമല്ലോ..+2 കഴിഞ്ഞ് നിനക്ക് കൂടുതൽ പഠിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എതിർത്ത് ഒരിക്കലും നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടല്ല..

നിന്റെ നിർബന്ധത്തിനു വഴങ്ങി നിന്നെ ഹോസ്റ്റലിൽ പറഞ്ഞു വിട്ടു..ഇന്നലെ കൂടി ആ ബ്രോക്കെർ മൊഇദീൻക്ക ഉപ്പനോട് പറയുന്നുണ്ടായിരുന്നു നല്ലൊരു ആലോചന ഉണ്ട്..
ഇപ്പൊ കെട്ടിച്ചില്ലേൽ പിന്നെ രണ്ടാം കെട്ടുകാരനെയെ കിട്ടൂ..പിന്നെ പെണ്ണ് പഠിച്ചാൽ അതെ പോലെ പഠിച്ച ചെക്കനെ കിട്ടാൻ നല്ല സ്ത്രീധനം കൊടുകേണ്ടി വരും എന്നൊക്കെ ..

പെണ്മക്കൾ ഉള്ള ഉപ്പന്ടെം ഉമ്മന്ടെം നെഞ്ചിൽ തീ ആണ് മോളെ....

അതൊന്നും സാരമില്ല..നീ നന്നായി പഠിക്കണം..എന്തൊക്കെ പറഞ്ഞാലും പഠിച്ച സ്വന്തമായി വരുമാനം ഒക്കെ ഉള്ള പെണ്കുട്ടികൾക്ക് ഭർത്താവിന്റെയും വീടുകരുടെയും മുന്നില് സ്ഥാനം ഉണ്ട്..അവരുടെ വാക്കിനു വില ഉണ്ട്..

ഉമ്മ പണ്ട് ഉപ്പാന്റെ വീട്ടിൽ കഷ്ടപെട്ടത് മോളും കണ്ടതല്ലേ..അത് കൊണ്ടാണ് നീ പഠിക്കണം എന്ന് പറഞ്ഞപോൾ ഞാൻ നിനക്ക് വേണ്ടി നിന്നത്..

നിന്നോട് പ്രത്യേകിച്ച് പറയേണ്ടതില്ല..എന്നാലും മോളെ..നീ നന്നായി സൂക്ഷിക്കണം..പത്രത്തിലും ടിവിലും ഒക്കെ ഓരോന്ന് കേൾക്കുമ്പോൾ പേടി ആണ് ഉമ്മാക്ക് ..

ഒരു പീഡനം വായിച്ചാൽ പിന്നെ അന്ന് രാത്രി ഉമ്മാക്ക് ഉറക്കമില്ലാത്ത രാത്രി ആണ്..പുലരും വരെ മനസിൽ ഒരു നീറ്റലാണ്..
സ്വന്തം ഉപ്പനെയും ഉപ്പപ്പനേം ആങ്ങള മാരെ വരെ പേടിക്കേണ്ട കാലം ആണിത്..സംരക്ഷിക്കേണ്ടവർ തന്നെ പെണ്‍കുട്ടികൾക്ക് മുമ്പിൽ രാക്ഷസൻമാർ ആവുമ്പോൾ ഭയപ്പെട്ട് ഒരു തള്ളക്കുരുരുവി അതിന്റെ പെണ്മക്കളെ എങ്ങനെ വളർത്താം എന്നാലോചിച്ച് ഉമ്മാക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല കുഞ്ഞേ..

നീ നന്നായി പഠിച്ചു ഉപ്പക്കും ഉമ്മക്കും "അത് എന്റെ മകളാണ് " എന്ന് അഭിമാനത്തോടെ പറയിപ്പിച്ച് തിരിച്ചു വരണം..

17 ആം തീയതിക്ക് നിന്റെ പരീക്ഷ കഴിയില്ലേ? ഉപ്പ അന്ന് ഉച്ചക്ക് ഹോസ്റ്റലിൽ വരും..പരീക്ഷയ്ക്ക് കേറുന്നതിനു മുമ്പ് 33 സ്വലാത്ത് മറക്കണ്ട..പടച്ച റബ്ബ് നിനക്ക് തെളിഞ്ഞ ബുദ്ധിയും നല്ല വിചാരങ്ങളും നൽകുമാറാകട്ടെ ...

എന്ന് ഉമ്മ

No comments:

Post a Comment