ഞാലിപ്പൂവന്റെ ചോട്ടിൽ ഇന്ന് കളിവീട് ഉണ്ടാക്കാം.......
ഞാൻ ഉമ്മയാവാം...
ഉമ്മച്ചി ഉപ്പച്ചിയാവോ ?
എന്നിട്ട് ചോറും കൂട്ടാനും ഉണ്ടാക്കാം..
മോനൂന്റെ ക്ഷണമാണ്..
ഉമ്മാന്റെയല്ലാത്ത വലിയ വീടിനു പുറത്ത്..
എന്റെ ഉണ്ണീടെ മാത്രമായൊരു കളിവീട്...
ഉള്ളിൽ മോന്റെ കയ്യും കാലും
ഉരുവം കൊണ്ട് തുടങ്ങിയപ്പോഴാണ്
മനസ്സിലെ കളിവീട് ഉടച്ചു വാർത്ത്
ജനലും വാതിലും വച്ചത്...
വെറും കളിമണ്‍ തുരന്നെടുത്ത്
കയ് കുമ്പിളിൽ വെള്ളം കോരിയെടുത്ത്
വക്ക് കെട്ടാതെ..അരികു തേക്കാതെ..
കാക്കച്ചുള്ളി കൊണ്ട്..
തൂണും പാലവും ഉറപ്പിച്ചു ...
തൊടി കെട്ടാൻ ചുവന്ന പ്ലാവില തന്നെ തിരഞ്ഞ്...
"ചോറുണ്ണാൻ കൈ കഴുകു.."
കുഞ്ഞു വായിലെ ആതിഥ്യ മര്യാദ...!!!
കയ്കുമ്പിൾ ചായ്ച്ചു,
വെള്ളം കോരാൻ ഇറങ്ങുമ്പോൾ...
ഉള്ളു മന്ത്രിച്ചു
"ഇത് മുകളിൽ എത്തുമ്പോഴേക്ക് തീർന്നു പോവില്ലേ കുഞ്ഞേ..."
ചിരിച്ചു നിന്നേ കണ്ടുള്ളൂ
കുമ്പിളിൽ കയറി വന്ന ഒരു തുള്ളി
ഇടം കണ്ണിൽ തെറിക്കും വരെ ...
കാലമേ..നിനക്കഭിനന്ദനം...
ഹാ..ഇതല്ലേ തണുപ്പ് ....
കുഞ്ഞേ...ഇതെന്റെ കണ്ണല്ല ..മനസ്സാണ്...
നിന്റേത് കളിവീടുമല്ല...പാഠമാണ്...
"പാഠം...!!!"
No comments:
Post a Comment