Tuesday 24 June 2014

ഹഹഹ

"ഞമ്മക്ക് ഇപ്പൊ മോഡിയോട് ബഹുമാനം കൂടി വരേണ്..."

"ങേ...എന്തെടീ.."

"ഇങ്ങൾ പറ...ഒരു രാജ്യത്തിന്റെ ഏറ്റവും ബല്യ സ്വത്ത്‌ എന്താ?"

"അത്...അഞ്ച് കൊല്ലം കൂടുമ്പോ വോട്ടു കുത്തണ നാട്ടാര് അല്ലെ ബട്കൂസേ.."

"അതെന്നെ..ഒറപ്പല്ലേ ..? നല്ല ആരോഗ്യം ഉള്ള നാട്ടാര്..ലെ..?"

"ഹും..തന്നെ.."

"അപ്പൊ പിന്നെ പഞ്ചസാരക്ക് വില കൂട്ടി..അപ്പൊ പ്രമേഹം ഉണ്ടാകൂല...
ഇനി അരിക്ക് വില കൂട്ടും...അരിയും പ്രമേഹാ

ഗ്യാസിനു വില കൂട്ടി..അപ്പൊ പെണ്ണുങ്ങൾ വിറക് വെട്ടി കീറി അടുപ്പത്ത് കത്തിക്കും...

അപ്പൊ കോളെസ്ട്രോൾ ഉണ്ടാവൂല..പൊണ്ണത്തടി ഉണ്ടാകൂല..

പെട്രോളിന് വില കൂടുമ്പോ പറ്റാവുന്ന ദൂരമൊക്കെ എല്ലാരും നടക്കും..exercise കിട്ടും...എന്തിനാ കായ് കൊട്ത്ത് ജിമ്മിൽ പോണത് ..?

അങ്ങനെ കുറച്ചു കാശ് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ നടക്കും..സോഷ്യലിസം !!

അത് പോലെ തീവണ്ടി ചാർജ് കൂട്ടി...അപ്പൊ കൊറേ പേര് ബസ്സിലും ടാക്സിക്കും പോകും...ഓലിക്കും ജീവിക്കെണ്ടേ...

മൊത്തത്തിൽ ഞമ്മളെ നാട്ടര്ടെ നന്മ മാത്രം ഉദ്ദേശിച്ചാണ് ഓല് ഇങ്ങനൊക്കെ കാട്ടണത്‌ ..

തിരിഞ്ഞാ...?"

"ഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..."

എന്തേയ് ... 

ഇശൂട്ടൻ

എട്ടാം മാസത്തിൽ വയറ്റിൽ കിടന്നു ഇശൂട്ടൻ ഒരു ചവിട്ട് ചവിട്ടി...
അവന്റെ കാൽപാദം ശരിക്കും വയറ്റിൽ കാണാമായിരുന്നു..

പിന്നെ അതൊരു ശീലമായി...

ഉമ്മാനോട് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു ഉറപ്പിച്ചോ മോളെ ആണ്‍കുട്ടി ആണെന്ന്...

അവൻ വയറ്റിൽ ഡിസ്ക്കോ ചെയ്യുന്ന ഫീൽ ..ഓർത്തു നോക്കുമ്പോ നല്ല രസം...
നമ്മുടെ കൂടെ, എന്റെ ശരീരത്തിന്റെ ഭാഗമായി,പക്ഷെ മറ്റൊരു ശരീരം...മാഷാ അല്ലാഹ്...

അടിച്ചമർത്തിയ സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഫെമിനിസം സംസാരിക്കുന്ന എന്റെ മനസ്സിൽ പെണ്ണായി പിറന്നതിൽ അഭിമാനം തോന്നിയ അവസരം...

ഇക്കാനെ ഇടയ്ക്ക് കളിയാക്കും...

"കോടി ഉർപ്യ ഉണ്ടാക്കിയാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇങ്ങൾ ആണുങ്ങൾക്ക് പറ്റൂലല്ലോ...

ആ ഫീലിംഗ് അനുഭവിക്കാനും..."എന്തേയ് ..? 

ഒരു ഡ്രൈവിംഗ്പഠനം

ഒരു ആറെഴു കൊല്ലം മുമ്പത്തെ ഒരു സംഭവം...

ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയത് ആകെ ഒരു പഴയ മാരുതി കാർ ഉള്ളത് കൊണ്ട് വീട്ടില് കഞ്ഞി വെച്ചിരുന്ന പാവം ചേച്ചിയുടെ അടുത്തായിരുന്നു..

"പൊളിടെക്നികിൽ പഠിക്കാത്തത് കൊണ്ട്'" ക്ളച്ച്, acclerator ഇതൊന്നും അറിയാത്ത ഞമ്മളെ ചേച്ചി ടെക്നികൽ ആയി ഇതിന്റെയൊക്കെ വർക്കിംഗ്‌ പഠിപ്പിച്ചു തന്നു...

കുറച്ചു നേരം വണ്ടി ഓടിച്ച എന്റെ ആത്മ വിശ്വാസം മാനത്തോളം വളർന്നു

..ശോ..ഗട്ടെർ കാണുമ്പോ വണ്ടി താനെ സ്ളോ ആകുന്നു..ഗിയര് മാറുന്നു...

ഡ്രൈവിംഗ് അപ്പൊ വലിയ സംഭവമേ അല്ല..ശോ..ഇത് കുറച്ചു മുമ്പേ പഠിക്കെണ്ടാതായിരുന്നു...

രണ്ടാം ദിവസം...ആ ചേച്ചിയുടെ ഭാഗ്യക്കേടിനു വണ്ടി ഓടിപ്പിക്കാൻ തിരഞ്ഞെടുത്ത റോഡ് നല്ല തിരക്കുള്ള ഹൈ വെ ആയിരുന്നു...വല്യ പ്രശ്നമൊന്നും ഇല്ലാതെ ഓടിച്ചു..അടുത്ത ആളെ ഡ്രൈവിംഗ് സീറ്റിലെക് വിളിക്കാൻ വേണ്ടി ചേച്ചി പറഞ്ഞു..

"റാഹില ..വണ്ടി നിർത്തിക്കോ ..."

കേട്ടപാതി കേൾക്കാത്ത പാതി ഞമ്മൾ sudden ബ്രേക്ക്‌ ..അതും നടു റോഡിൽ...

പിന്നെ ഒന്നും ഓർമയില്ല ..വലിയ ശബ്ദത്തോടെ പിറകിലെ ഗ്ലാസ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് ..

കാറിന്റെ പിറകിലെ സ്കൂട്ടി വന്നിടിച്ചതാണ്...

ഞാൻ നോക്കിയപ്പോ സ്കൂട്ടിയിൽ ഉണ്ടായിരുന്ന ചേട്ടൻ താഴെ കിടപ്പുണ്ട്...ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...

ദേഷ്യത്തിന് അങ്ങേരു നേരെ വന്നു ഡ്രൈവിംഗ് സീറ്റിലെക്ക് ...

എന്തൊക്കെയോ ചീത്ത വിളിച്ചു...ഡ്രൈവിംഗ് സ്കൂളിന്റെ ആയതു കൊണ്ടാണെന്ന് തോന്നുന്നു കേസ് ഒന്നും ആയില്ല...

ന്തായാലും സങ്കതി ഉഷാർ ആയിരുന്നു...

എല്ലാം കഴിഞ്ഞപ്പോ ആ ചേച്ചി എന്നോട് ചോദിച്ചു...

"റാഹില എന്തിനാ പഠിക്കുന്നെ.."

"ങേ..എന്തെ ചേച്ചി.."

"അതല്ല...എന്തിനാാാാാാാ പഠിക്കുന്നെ എന്ന്...."

എന്താലേ ....

അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ...?

"അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ..."

ഞമ്മളെ സംശയം..

"അതെ...ഇടക്ക് അർജെന്റീനന്റെ കൂടെയും കളിക്കും...എന്തെ...ദാ..പെണ്ണെ..മിണ്ടാതിരിക്കുന്നുണ്ടോ .."

വീണ്ടും സംശയം..

"അപ്പൊഴെയ് ..ഗോൾ അടിച്ച ടീമിനാണോ മറ്റേ ടീമിനാണോ കപ്പ്‌ കിട്ടല് ..ഒരു ടീമിന് എത്ര നേരാ കളി ?"

"ന്റെ റബ്ബേ..ഇങ്ങനെയൊരു മന്ദബുദ്ധീനെ തന്നെ ഞമ്മക്ക് തന്നല്ല...മലപ്പുറത്ത്‌ കിട്ടാഞ്ഞിട്ട് കണ്ണൂര് പോയി കെട്ടിക്കൊണ്ടു വന്നു..ആഹ് ..വരാനുള്ളത് വഴിയിൽ തങ്ങൂലല്ലൊ ..."

ഇക്ക നെഞ്ചത്തടിച്ചു തുടങ്ങി ..

"ഇങ്ങൾ അത്ര വല്യ വർത്താനം ഒന്നും പറയണ്ട...

മട്ടയരി വേവാൻ കുക്കെറിൽ എത്ര whistle അടിക്കണം എന്ന് ഇങ്ങക്കറിയോ ..

നെയ്ച്ചോർ ഉണ്ടാക്കുമ്പോ ഒരു ഗ്ലാസ്‌ അരിക്ക് എത്ര വെള്ളം വേണം നു ഇങ്ങക്കറിയോ ..

കൊറച്ചു ഗോതമ്പ് പൊടിയും വെള്ളവും തന്നാൽ അത് ചപ്പാത്തി മാവ് ആക്കാൻ പോലും ഇങ്ങക്കറിയൂലല്ലോ ...

കുറച്ചു ദിവസം ഒന്നും തിന്നില്ലേൽ ചെലപ്പോ തട്ടിപ്പോകും...

പച്ചേങ്കിൽ മെസ്സി ഏതു ടീം എന്നറിഞ്ഞില്ലെങ്കിൽ ആകാശം ഒന്നും ഇടിഞ്ഞു ബീകൂല..

ങും...ഞമ്മലോടാ കളി.." 

അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് ??

"കദീസൂ..കുറച്ചു ഉപ്പ് ...വീട്ടിൽ കയ്ഞ്ഞു പോയി..റാഹിന്റെ ഉപ്പനോട് പറഞ്ഞിട്ട് ഓല് മറന്നു പോയി..."

"അയ്നെന്താ പാത്തിബീ ..ഇപ്പൊ തരാട്ടാ ..."

സാധാരണ വീട്ടില് കേൾക്കാറുള്ള ഒരു കാര്യം...

എന്റെ ഉമ്മാക്ക് ഇപ്പോഴും നല്ല അയല്പക്ക ബന്ധമുണ്ട്...

ഉപ്പും മുളകും പുളിയും ഒക്കെ തീർന്നാൽ ആവശ്യത്തിനു ഒരു മടിയും കൂടാതെ കയറിചെല്ലുന്ന നല്ല അയൽപക്കങ്ങൾ ...

അപ്പുറത്തെ വീട്ടിലെ സ്ത്രീകൾ നല്ല കൂട്ടുകാരികളും ആയിരിക്കും...
സന്തോഷവും സങ്കടവും എല്ലാം ഷെയർ ചെയ്യുന്ന ബന്ധങ്ങൾ..വിശേഷ ദിവസങ്ങളിൽ പലഹാരങ്ങൾ കൈമാറും...നോമ്പിനും ബറാ ഹത്തിനും ഒക്കെ...

വേറെ ഒരു വിശേഷം കേൾക്കണോ ...അയല്പക്കത്തെ ഒരു പെണ്‍കുട്ടി വിവാഹിതയാവുന്നു എങ്കിൽ ആ പെണ്‍കുട്ടിയെ വിളിച്ചു സല്കാരം കൊടുക്കും...ബിരിയാണി ഒക്കെ ഉണ്ടാക്കി...

ഗർഭിണി ആയ പെണ്‍കുട്ടി അയല്പക്കത്ത് ഉണ്ടെങ്കിൽ എഴാം മാസം കഴിഞ്ഞാൽ ചീരണി എന്നാ പേരിൽ കുറെ മധുര പലഹാരങ്ങൾ ഉണ്ടാകിക്കൊടുക്കും...

അങ്ങനെ അങ്ങനെ അങ്ങനെ...

ചുരുക്കത്തിൽ ഉമ്മ ഫുൾ ടൈം ബിസി ആണ്..

ചിലപ്പോഴൊക്കെ ഞാൻ ഉമ്മാനോട് ചോദിക്കാറുണ്ട്.."ഇങ്ങൾ ഇതൊക്കെ എങ്ങനെ maintain ചെയ്യുന്നു ?" എന്ന്..

അപ്പൊ ഉമ്മ പറയും ..."അകലെയുള്ള ബന്ധുവിനേക്കാൾ മാനിക്കെണ്ടത് അടുത്തുള്ള ശത്രുവിനെ ആണ്.." എന്ന്...

എത്ര സത്യം...

പറമ്പുകൾ വേർതിരിച്ചിരുന്ന ശീമക്കൊന്ന മാറ്റി ജയിൽ കോമ്പൌണ്ട്

ഓർമ്മിപ്പിക്കുന്ന കൂറ്റൻ മതിലും അതിനെക്കാൾ വലിയ ഗേറ്റും വെച്ച്

വീടുകൾ ഭദ്രമാക്കിയപ്പോൾ നമ്മുക്ക് നഷ്ടമായത് നല്ല അയല്പക്ക

ബന്ധങ്ങളുടെ ഊഷ്മളത ആയിരുന്നു..സൌഹൃദം ആയിരുന്നു..തമ്മിൽ തമ്മിൽ ഉള്ള കെയറിങ് ആയിരുന്നു..

എന്നാലും ഇങ്ങൾ ഒരു സംഭവം തന്നെ ഉമ്മാ !!

Thursday 12 June 2014

ഗൾഫ്‌കാരന്റെ മകൻ

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

നൊസ്റ്റാൾജിയ

നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...

ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ്‌ വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത്‌ ഉള്ള പോലെ...

ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്

ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..

ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...

വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..

മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..

എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...

ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ്‌ ചെയ്യും...

"ഇത് ഒരു രോഗമാണോ ഡോക്ടർ ? "

കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..

എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ? 

ഫുട്ബോൾ അടിയന്തരാവസ്ഥ

ഞമ്മളെ വീട്ടിൽ ഇക്കാന്റെ വക ഇന്ന് മുതൽ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...

നിയമങ്ങൾ ഇപ്പടിയാണ്..

1. ഫുട്ബാൾ കളി നടക്കുന്ന സമയത്ത് മിണ്ടിയാൽ വായിൽ തുണി തിരുകി
plaster ഒട്ടിക്കുന്നതായിരിക്കും..

2. വേൾഡ് കപ്പ്‌ ഫൈനൽ കഴിയുന്നത് വരെ "റിമോട്ട്" ഞമ്മളോ ഇഷുട്ടനൊ
തൊടാനോ പിടിക്കാനോ പാടില്ല..

3.അമ്മ മനസ്, ബാലാമണി,തുടങ്ങിയ സീരിയലുകളുടെ പേര് പോലും കേൾക്കാൻ പാടില്ല...

4.എല്ലാ ദിവസവും രാത്രി ഫ്ലാസ്കിൽ കട്ടൻ കാപ്പി ഇട്ടു വെച്ചിട്ട് ഉറങ്ങണം

5.ഫുട് ബോൾ കളി കഴിഞ്ഞു മിനിമം 3 സ്പോർട്സ് ചാനെലിലെങ്കിലും
അതിന്റെ റിവ്യൂ , ചർച്ചകൾ, പിന്നെ അതിന്റെ highlights ഒക്കെ
കണ്ടെന്നിരിക്കും...എതിർത്ത് ഒരക്ഷരം മിണ്ടിയാൽ വീടിനു പുറത്ത്...

6.ബ്രസീലിന്റെ കളി നടക്കുന്ന അന്ന് കട്ടിലിന്റെ താഴെ കിടക്കണം..

ഉറക്കത്തിൽ സ്വപ്നം കാണുമ്പൊൾ ആവേശം മൂത്ത് ബ്രസൂക്ക ആണെന്ന്
വിചാരിച്ചു ഒരു ചവിട്ടു കിട്ടി കഴിഞ്ഞിട്ട് പിന്നെ കരഞ്ഞു കൊണ്ട് വന്നിട്ട്
കാര്യമില്ല... 

വീട്..എന്റെ സങ്കല്പം

കൊട്ടാരം പോലെ ഉള്ള വീടുകൾ എനിക്ക് കാണാൻ നല്ല ഇഷ്ടമാണ്...

കാണാൻ മാത്രം....!!

വീട് പണിയുമ്പോൾ പക്ഷെ ഒരു കുഞ്ഞു വീട്..

നല്ല ഭംഗിയുള്ള ഒറ്റ നില വീട്..വാർപ്പിട്ടു മുകളിൽ ഓടു പാകണം..നിലത്തു നല്ല മിനുസമുള്ള ചുവന്ന കാവി...

അടുക്കള മുറ്റത്ത് തക്കാളിയും വെണ്ടയും വഴുതിനയും ഒക്കെ ഉള്ള ഒരു കുഞ്ഞു അടുക്കള തോട്ടം..

മുൻവശത്ത് റോസയും മുല്ലയും ഇലഞ്ഞിയും ഒക്കെ പൂത്തു നില്ക്കുന്ന ഒരു പൂന്തോട്ടം..

എല്ലാ ആധുനിക ഉപകരണങ്ങളും must ആണ്..

ഇതൊക്കെയാണ് വീടിനെ പറ്റിയുള്ള എന്റെ ഇപ്പോഴത്തെ concept ...

പണ്ടൊക്കെ എന്റെ സ്വപ്നങ്ങളിലും വലിയ മാളിക വീടുകൾ ആയിരുന്നു..ഒരു വീട്ടമ്മ ആയതിനു ശേഷം അതൊക്കെ മാറി..

ഇതൊക്കെ അടിച്ചു തുടച്ചിട്ടു കഴിയുമ്പോഴേക്കും നടുവിന്റെ ആപ്പീസ് പൂട്ടും...

വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ലത് കുഞ്ഞു വീട് അല്ലെ ....

മക്കൾക്ക് ഒക്കെ വേണ്ടി ആണ് നല്ല സൌകര്യത്തിൽ പണിയുക ...

പക്ഷെ ആണ്‍മക്കൾ വലുതായാൽ ജോലിക്ക് വേണ്ടി വീട്ടില് നിന്നും വിട്ടു നിക്കും..പെണ്മക്കൾ കെട്ടിച്ചു പോകും...

പിന്നെ വീട്ടില് ഉണ്ടാകുക ഉമ്മയും ഉപ്പയും മാത്രം....വയസ്സാകുമ്പോൾ കാലിനും കയ്യിനും വേദന ആകുമ്പോൾ നടന്നു എത്താനും നല്ലത് കുഞ്ഞു വീട്..

ഒരു വീടിന്റെ ശരാശരി ആയുസ്സ് 15-20 വർഷം ആണ്..ഇന്നത്തെ ഫാഷൻ ഒക്കെ out of ഫാഷൻ ആയിട്ടുണ്ടാകും ..മക്കൾ അപ്പോൾ പറയും വീട് പുതുക്കി പണിയണം എന്ന്..അപ്പോൾ പിന്നെ ഇത്ര വർഷത്തേക്ക് എന്തിനാ 50-75 ലക്ഷം നശിപ്പിച്ചു കളയുന്നത് അല്ലെ...

വലിയ വീടിനു ഓരോ വർഷവും പെയിന്റ് അടിക്കാൻ വേണം വർഷാവർഷം ലക്ഷങ്ങൾ..labour cost അനുദിനം വളരുന്ന സാഹചര്യത്തിൽ അതും വെറുതെ ഒരു ചെലവ്...

വീട് ഒരിക്കലും ജീവിക്കാൻ കാശ് ഇങ്ങോട്ട് തരൂലല്ലോ...

നാട്ടുകാരുടെ ഇടയിൽ ചിലപ്പോൾ ലേശം പൊങ്ങച്ചം കുറയുമായിരിക്കും...അതിൽ കുറച്ചുള്ള പൊങ്ങച്ചം ഞമ്മക്ക് മതി...

ഒരു നേരം തിന്നാൻ ഇല്ലാതായാൽ നാട്ടുകാർ കൊണ്ട് തരില്ലല്ലോ.... — feeling വലിയ വീട് ഉണ്ടാക്കുന്നത് പൊങ്ങച്ചം കാട്ടാനാണ് എന്ന് സത്യായിട്ടും എനിക്ക് അഭിപ്രായമില്ല...!! 

Wednesday 11 June 2014

ഇക്കാക്ക് മൂന്നു വരം കൊടുത്താൽ??

"ഇക്കാ...ഈ അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ ജിന്ന് വന്നു ഇങ്ങളോട് 3 വരം തരാം എന്ന് പറഞ്ഞാൽ

ഇങ്ങൾ എന്തൊക്കെയാ ചോദിക്കല് ?"

വെറുതെ ഒരു സംശയം ചോദിച്ചതാണ്...ഉടനെ വന്നു ഉത്തരം..

"ആദ്യം വേറെ ഒരു ബീവീനെ തരാൻ പറയും...കുറച്ചും കൂടി സമാധാനം തരുന്ന, വർത്താനം കുറച്ചു പറയുന്ന ബീവി "

"ങേ....ആയിക്കോട്ട് ....അപ്പൊ രണ്ടാമത്തേ വരം?"

"പിന്നെ മരിച്ചു കഴിഞ്ഞാൽ സ്വർഗം .."

"സമ്മതിച്ചു..ഇനി മൂന്നാമത്തെ വരം...?"

"അത് നീ എടുത്തോ...ഇത് രണ്ടും രണ്ടും കിട്ടിയാൽ പിന്നെ വേറെ ഒന്നും ഇല്ലെങ്കിലും ഞമ്മൾ ഹാപ്പിയാ..."

"ങേ...."

ഡാഡി മമ്മി

ജോലി കഴിഞ്ഞു വീട്ടിൽ പോകുന്ന വഴി മോനെയും കൂട്ടി പാർക്കിൽ പോവാറുണ്ട്...ഊഞ്ഞാൽ ആടി , ഒന്ന് ചാടി തുള്ളി കളിക്കുന്നത് അവനും വലിയ സന്തോഷാണ്....

ഇന്നലെ പോയപ്പോൾ അവിടെ ഒരു മലയാളി കുടുംബം...അമ്മ , അച്ഛൻ, രണ്ടു കുട്ടികൾ..ഞങ്ങൾ പരിചയപ്പെട്ടു...

ഒരു കുട്ടിക്ക് ഇഷാന്റെ ഒപ്പം പ്രായം...മൂന്നര വയസ്സ് ...ഞാൻ നോക്കിയപ്പോൾ ആ കുട്ടികൾക്ക് ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ അറിയൂ...

എന്റെ മോന് മലയാളം മാത്രമേ അറിയൂ..അവനോടു ആ കുട്ടികൾ സംസാരിക്കുമ്പോൾ അവൻ വായും പൊളിച്ചു നോക്കുന്നു ...

ആ അച്ഛനും അമ്മയ്ക്കും അത് കണ്ടു "അഭിമാനം !!"...

"അല്ലാ..അപ്പൊ നിങ്ങൾ രണ്ടാളും ഇത്രേം വിദ്യാഭ്യാസം ഒക്കെ ഉള്ളവർ ആയിട്ടും കുഞ്ഞിനെ ഇംഗ്ലീഷ് ഒന്നും പഠിപ്പിച്ചില്ലേ ...

ഞങ്ങൾ ആണെങ്കിൽ കുട്ടികളുടെ മുന്നില് ഇംഗ്ലീഷ് മാത്രേ സംസാരിക്കൂ" എന്ന് അമ്മ...

ഞാൻ പറഞ്ഞു..."അവൻ ആദ്യം മലയാളം പഠിക്കട്ടെ..

പിന്നെ ഇവിടെയാണ്‌ പഠിക്കുന്നതെങ്കിൽ അവൻ ഉറപ്പായിട്ടും ഇംഗ്ലീഷ് പഠിക്കും...പക്ഷെ നമ്മൾ പഠിപ്പിച്ചില്ലെങ്കിൽ അവൻ ഒരിക്കലും മലയാളം പഠിക്കില്ല " എന്ന്


സത്യം പറയാലോ..എനിക്ക് ആ കുടുംബത്തോട് സഹതാപമാണ് തോന്നിയത്...

കുട്ടികൾ മലയാളം സംസാരിക്കില്ല എന്ന് അന്തസ്സായി കാണുന്ന കുറെ ഡാഡി മമ്മീസ്..

ഇംഗ്ലീഷ് നല്ല ഭാഷയാണ്...ഭാവിയിൽ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രവീണ്യം ഒരു asset ആണ്...ഞാനും ന്റെ മോനെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയേ ചേർക്കുകയുള്ളൂ ....

പക്ഷെ സ്വന്തം ഭാഷ പഠിപ്പിക്കാതെ ഇരിക്കണോ...

"മലയാലം കൊരചു കൊരച്ചു അരിയാം " എന്ന് മക്കൾ പറയുന്നത് നമുക്ക്

അഭിമാനമായിരിക്കും "...പക്ഷെ കേൾക്കുന്ന മറ്റുള്ളവര്ക്ക് പുച്ഛം ആവും തോന്നുന്നത്....

സായിപ്പിനോടും അന്യ ഭാഷക്കാരോടും അവർ ഇംഗ്ലീഷിൽ സംസാരിക്കട്ടെ...

പക്ഷെ...

അവർ മലയാളത്തിൽ ചിന്തിക്കട്ടെ...

മലയാളത്തിൽ സ്വപ്നം കാണട്ടെ...

Monday 9 June 2014

മഴക്കാലം പനിക്കാലം

മഴക്കാലം വരവായി...കൂടെ പനിക്കാലവും...

വായിൽ കൊള്ളാത്ത ,ഇത് വരെ കേട്ടിട്ട കൂടി ഇല്ലാത്ത പല തരം പനികൾ നമ്മൾ കേട്ട് തുടങ്ങിയത് ഈ അടുത്ത കാലത്താണ്...

ചിക്കൻ ഗുനിയ, തക്കാളിപ്പനി,മങ്കി പനി ,എലിപ്പനി,പൂച്ചപ്പനി, അങ്ങനെ പല തരം ..

നമ്മൾ മലയാളികൾ ദിവസം രണ്ടു പ്രാവശ്യം കുളിക്കും...വീട്ടില് ഒരു തരി മണ്ണ് പോലും വരാതെ അടിച്ചു തുടച്ചിടും ..പക്ഷെ ചവറു വാരി ആരാന്റെ പറമ്പിൽ കൊണ്ടിടും...അതിനു പറ്റിയില്ലെങ്കിൽ അടുത്തുള്ള പുഴയിൽ , തോട്ടിൽ, റോഡ്‌ സൈഡിൽ ...

ഏറ്റവും അവസാനം പറയും " സർക്കാർ വെറും പോക്കാണ്...ഒരു പണിയും ചെയ്യൂല "എന്ന്...

കളി കാര്യമാവുന്നത് മഴക്കാലം തുടങ്ങുമ്പോഴാണ്...മഴവെള്ളം ഈ മാലിന്യം കൂടി കുത്തിയൊലിച്ചു ആദ്യം ജല സോതസൃകൾ മലിനീകരിക്കുന്നു...ചവറോട് കൂടി കെട്ടി നിന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു...അങ്ങനെ നമ്മൾ സ്വന്തം ചിലവിൽ കൊതുക്, എലി, എന്നിവയെ വളർത്തുന്നു ..

കൊച്ചി പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരു പകര്ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ടാൽ മറ്റൊരു "സൂറത്ത് " ആവർത്തിക്കപ്പെടും ...ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...

മാലിന്യം ഉണ്ടാവുന്നിടത് തന്നെ അതിനെ ഇല്ലാതാക്കുക എന്നത് നല്ലൊരു ആശയമാണ്...

ഓരോ വീട്ടിലും ഉണ്ടാവണം ഓരോ "waste മാനേജ്‌മന്റ്‌ unit "...biproduct ആയ കിട്ടുന്ന ബയോഗ്യാസ്‌ പാചകത്തിന് ഉപയോഗിക്കാം..വളം അടുക്കള തോട്ടത്തിലും...പച്ചക്കറിയിലും ഉണ്ടാവട്ടെ നമ്മുടെ സ്വാശ്രയത്വം...

"prevention is better than cure " എന്നാണല്ലോ...

പക്ഷെ ഇപ്പോഴുള്ള മാലിന്യ പ്രശ്നം സർക്കാരും ജനങ്ങളും ഒത്തൊരുമിച്ചു അടിയന്തര പ്രാധാന്യം നല്കി പരിഹരിക്കേണ്ടതുണ്ട്...

കൊതുകിനു അറിയില്ലല്ലോ കോർപറേഷനും സർക്കാരും തമ്മിലുള്ള അടിയും അടിയോഴുക്കുകളും!!..

സ്വയം സജ്ജരാകൂ ..ഒപ്പം പ്രതികരിക്കൂ

ഒരു ചിന്ത

പ്രവാസികളെ...

നിങ്ങളിൽ പലര്ക്കും ഉള്ള സങ്കടമാണ് മക്കളോടും കുടുംബത്തോടും ഒപ്പം സമയം കിട്ടുന്നില്ല..സ്നേഹം കൊടുക്കാൻ പറ്റുന്നില്ല എന്നത്...

പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ..

എത്ര സമയം ഒന്നിച്ചു ചിലവഴിച്ചു എന്നുള്ളതല്ല..എങ്ങനെ ഉള്ള സമയം ചിലവഴിച്ചു എന്നതാണ് പ്രധാനം..i mean quality time..

അങ്ങനെ വരുമ്പോൾ നിങ്ങളാണ്‌ കൂടുതൽ quality time നിങ്ങളുടെ കുടുംബത്തിനു നല്കുന്നത് എന്നുറപ്പാണ്..

ഞാൻഒരു ഉദാഹരണം പറയാം..നാട്ടിൽ ഉള്ള ഒരു അച്ഛൻ..രാവിലെ 7 മണിക്ക് ജോലിക്ക് പോകും..വരുന്ന വഴിക്ക് കൂട്ടുകാരോട് സംസാരിച് വീട്ടില് എത്തി കുറച്ച നേരം ടിവി കാണുന്നു..മക്കൾ പഠിക്കുന്നു..ഉറങ്ങുന്നു...പലപ്പോഴും ഭാര്യ മക്കൾ തമ്മിലുള്ള സംസാരം വരെ വളരെ കുറവാണ്..

എനിക്കറിയാം..നിങ്ങൾ എല്ലാവരും തന്നെ നാട്ടിലേക്ക് ദിവസം ഒരു മണിക്കൂർ എങ്കിലും സംസാരിക്കുന്നവരാണ്‌..പലപ്പോഴും അത് മണിക്കൂറുകൾ ആണ്...

എല്ലാ വിഷയങ്ങളും ഭാര്യയും ഭർത്താവും സംസാരിക്കുന്നു..

കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും മക്കൾ ആദ്യം അറിയിക്കുന്നത് ഗൾഫിലുള്ള ഉപ്പയെ ആണ്..

അവർ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നു

ഒരു കട്ടിലിൽ ഒന്നിച്ചു ഉറങ്ങിയാൽ മാത്രം സ്നേഹം ആവില്ല..ഒരു കൂരയ്ക്ക് താഴെ വർഷങ്ങളോളം ജീവിച്ചാലും..

ഒരു വർഷത്തിൽ ഒരു മാസം നാട്ടിലെത്തുന്ന നിങ്ങൾക്ക് ഉണ്ടാവുന്ന
മനസിലെ ത്വര..11 മാസത്തെ സ്നേഹം മുഴുവൻ ഒന്നിച്ചു
നൽകുമ്പോൾ..ഈ ഒരു മാസം മുഴുവൻ quality time ആയി മാറുന്നു...

പലപ്പോഴും നാട്ടിൽ വാപ്പ ഒന്നിച്ചുള്ള മക്കൾക്ക് അവർ നൽകുന്നതിനേക്കാൾ കൂടുതലാണ് അത്..ഓരോരുത്തരും നിങ്ങളെ സ്നേഹിക്കാൻ മത്സരിക്കുന്നതും അത് കൊണ്ട് തന്നെ...

ചൂഷണം ചെയ്യുന്ന നാട്ടുകാരെയും ബന്ധുക്കളെയും വിടൂ..നിങ്ങളുടെ ഉമ്മ, ഉപ്പ, ഭാര്യ , കുഞ്ഞു മക്കൾ എന്നിവരൊക്കെ നിങ്ങളെ

കാത്തിരിക്കുന്നു..സ്നേഹിക്കുന്നു....നിങ്ങളുടെ ത്യാഗം മനസ്സിൽ ഒരു നീറ്റലായി കൊണ്ട് നടക്കുന്നു...

മനസു നിറയെ സ്നേഹിക്കാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ...

സ്നേഹിക്കപ്പെടാനും...  

ചാനൽ പാചകം

ഈ സിനിമാ നടികൾക്ക് അറിയാവുന്ന പണി ചെയ്ത പോരെ ആവോ...

അഭിനയിക്കാൻ ആരും വിളിക്കാത്ത തൊഴിൽ രഹിതവേതനം വാങ്ങുന്ന നടിമാര് ഇപ്പൊ ചാനൽ കേറി ഇറങ്ങി പാചക കസർത്ത് നടത്തുന്നു....

പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നത് കേട്ടാൽ ശരിക്കും കൊതിയാകും...

അത് കേട്ട് പരീക്ഷിക്കാൻ എന്നെ പോലെത്തെ കൊറേ "ബുദ്ധൂസ്" പെണ്ണുങ്ങളും...

ഇന്നലെ ഒരു നടി പുതിയ ഒരു ഐറ്റം അവതരിപ്പിച്ചു..
"ഹണി സ്വീറ്റ് ചിക്കൻ"...കേട്ടപ്പോ നല്ല ഗമണ്ടൻ സംഭവം..

ഇക്കനോട് വീമ്പിളക്കി..."ഇങ്ങൾ നോക്കിക്കോ...ഇന്നത്തെ ഡിന്നർ കണ്ടു ഇങ്ങൾ ഞെട്ടും "

ഇക്ക പറഞ്ഞു " അയ്യോ...പ്ലീസ്‌...ഞെട്ടിക്കരുത്...!!"

ഞാൻ കിച്ചണിൽ കയറി ലവൾ പറഞ്ഞത് അളവ് കടുകിട തെറ്റാതെ അതെ പോലെ ചെയ്തു...

ഫൈനൽ പ്രോഡക്റ്റ് രുചിച്ചു നോക്കിയപ്പോൾ പണി പാളി എന്ന മനസിലായി..മല്ലി മുളക് ഇതൊന്നും ഇല്ലാത്തതു കൊണ്ട് ഇറച്ചിചുവ മുഴച്ചു നിക്കുന്നു...തേനും മല്ലിയിലയും കീരിയും പാമ്പും പോലെ ചേരാതെ കടും പിടുത്തം പിടിച്ചു നില്ക്കുന്നു...ആകെ മധുരമയം..
നല്ല വൃത്തികെട്ട ടേസ്റ്റ്...

പിന്നെ നേരെ ഇക്കാന്റെ അടുത്ത് ചെന്ന് 500 വാൾട്ട് സ്നേഹം വരിഞ്ഞൊഴുകി ഒരൊറ്റ ചോദ്യം..

"എന്നാ പിന്നെ ഡിന്നർ പുറത്തു നിന്ന് കഴിച്ചാലോ...?"

എന്റെ മുഖത്തെ ദയനീയ ഭാവം കണ്ടു മൂപ്പര പൊട്ടിച്ചിരിച്ചു...ഞാനും....

അത് കഴിഞു ഇക്ക പറഞ്ഞത് എനിക്ക് നല്ല സന്തോഷായി..

ഇക്ക പറയാ.."നീ ഉണ്ടാക്കണ വറുത്തരച്ച ചിക്കൻ കറീടെ നാല് അയലത്ത് വരൂലെടീ ലവള്മാരുടെ ഒരു ഹണി ചിക്കനും " എന്ന്... 

റിയാലിറ്റി ഷോ

ഇന്നലെ ഒരു പ്രമുഖ ചാനലിൽ ഒരു ഡാൻസ് റിയാലിറ്റി ഷോ കണ്ടു...

കുട്ടികൾ എല്ലാം വളരെ talented ആണ്...ചില കുട്ടികൾ perform ചെയ്യുന്നത് കണ്ടപ്പോൾ അതിശയം..ഇത്ര ചെറുപ്പത്തിലെ !!....

പക്ഷെ പരിപാടിയുടെ അവതരണം അസഹനീയം..

അവതാരകനെയും പങ്കെടുക്കുന്ന പെണ്‍കുട്ടികളെയും ചേർത്ത് കളിയാക്കുക...

പെണ്‍കുട്ടികളെ കൊണ്ട് പയ്യനായ ജഡ്ജിനെ propose ചെയ്യിക്കുക..സംസാരത്തിൽ മൊത്തം അശ്ലീല ചുവ...

അങ്ങനെ പോകുന്നു കാര്യങ്ങൾ....

ചുരുക്കി പറഞ്ഞാൽ ക്യാമറയ്ക്ക് പുറത്ത് ആണെങ്കിൽ ഇതു അപ്പനും അമ്മയും അവന്മാരുടെ മോന്തക്കുറ്റി നോക്കി അടി കൊടുക്കുമായിരുന്ന രംഗങ്ങൾ....

അതിനിടയിൽ കുറച്ചു പാവപ്പെട്ട ഒരു പയ്യനെ വച്ചുള്ള കുറെ emotinal dramas ....

റിയാലിറ്റി ഷോകൾ കഴിവുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള നല്ല platforms നല്കുന്നുണ്ട്....

പക്ഷെ പെട്ടെന്ന് ഒരു ദിവസം കിട്ടുന്ന താര പദവി ചിലപ്പോഴൊക്കെ കുട്ടികല്ല്ക് വിനയായും ഭവിക്കാം ...എങ്കിലും

പോസിറ്റീവ് സൈഡ് തന്നെയാണ് കൂടുതൽ എന്ന് തോന്നുന്നു....

പക്ഷെ വ്യത്യസ്ഥതയ്ക്ക് വേണ്ടി കാട്ടുന്ന പേക്കൂത്തുകളും

വൈകാരികത കാട്ടാൻ ഉള്ള ക്യാമറയ്ക്ക് പിന്നിലുള്ള അടിയും പിടിയും

കരച്ചിലും ഒക്കെ ഒഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...നേരെ വാ...നേരെ പോ ...അതെല്ലേ .നല്ലത്?

പിണക്കം

"ടീ ..നീ ഒന്ന് മിണ്ടാതെ ഇരികുന്നുണ്ടോ..എന്തൊരു വൃത്തികെട്ട ഒച്ചയാ ഇത്...കെരെ കേരെ കേരെ "

ഇക്കയാണ്‌...

"ഇപ്പൊ അങ്ങനെ ആയല്ലേ...

ഇങ്ങൾ പണ്ട് എന്തൊക്കെയാ പറഞ്ഞത്..നിന്റെ സൌണ്ട് തേങ്ങാ ആണ്..മാങ്ങ ആണ്.....

എനിക്ക് എല്ലാം മനസിലാവുന്നുണ്ട്..

ഞാനെന്റെ വീട്ടില് പോവാണ് ..എന്റെ ഉമ്മക്കും ഉപ്പാക്കും എന്റെ ഒച്ച ഇപ്പളും തേനാണ്...

ഇങ്ങൾ ആ വാർത്ത‍ ചാനൽ മൊത്തം അരച്ച് കലക്കി കുടിച്ചു ഇവിടെ ഇരുന്നോ..... "

ഇന്ന് വീട്ടിൽ നടന്ന അടി...

ഇനി ഫ്ലാഷ് ബേക്ക് ..

ഒരു 5 വർഷം മുമ്പ് നിക്കാഹും കഴിച്ചു കല്യാണം കഴിക്കാതെ ഇക്ക ഗൾഫിലും ഞമ്മൾ ഹോസ്റ്റലിലും ഉണ്ടായിരുന്ന കാലം ...

വീട്ടുകാരുടെ സമ്മതത്തോടെ ഫുൾ ടൈം ഫോണ്‍ പഞ്ചാര ..

"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

എന്ന് ഞാൻ അറിയാതെ ..." ഈ പാട്ട് കേൾക്കാതെ മൂപ്പർക്ക് ഉറക്കം വരൂല..അതും എന്റെ മനോഹരമായ ശബ്ദത്തിൽ...

നിന്റെ ശബ്ദം എത്ര മനോഹരമാണ് പ്രിയേ....എന്ന് അന്ന് പറഞ്ഞിരുന്ന ആ ഇക്ക ...

ഞമ്മളിപ്പം കരയും..ങ്ങീ ങ്ങീ ങ്ങീ — feeling അല്ലെങ്കിലും ഇങ്ങക്കിപ്പം ഞമ്മളോട് പണ്ടത്തെ അത്ര ഇഷ്ടം ഇല്ല....ങ്ങീ ങ്ങീ.  

Wednesday 4 June 2014

ഞാനും പഠിച്ചേ

"ഇങ്ങൾ ആ ചുരിദാർ അലക്കിയാ? ഇങ്ങക്ക് പ്രാന്തായാ രഹിലത്താ? "

നാത്തൂൻ തലയിൽ കയ്യും വെച്ച് ചോദിക്കുന്നു...

അലക്കി കളർ പെരങ്ങി ചളം കൊളമായ ചുരിദാറും പിടിച്ചു ഇതികർത്തവ്യമൂഡയായി നില്ക്കുന്ന എന്നെ കണ്ടാണ്‌ ചോദ്യം...

"ശോ..നല്ല ഭംഗിയുള്ള ചുരിദാർ ആയിരുന്നു...ഇങ്ങലെന്തിനാ ബേണ്ടാത്ത പണിക്ക് പോയെ..."

"ബേണ്ടാത പണിയാ ...അലക്കാതെ പിന്നെ ?"

അവളുടെ ഉത്തരം കേൾക്കണോ ..?

ആരും ഇപ്പോൾ നല്ല പുതിയ ഡ്രസ്സ്‌ അലക്കില്ല്ല...

കല്യാണത്തിന് പോകുമ്പോ ഇടും...വെയിലത്തിടും ...എടുത്തു വെക്കും...

പിന്നേം ധരിക്കും...വെയിലത്തിടും ...ഇങ്ങനെ ഒരു 10 പ്രാവശ്യം ഉപയോഗിക്കുക..പിന്നെ ഡ്രൈ വാഷിനു കൊടുക്കുക...

ഇതാണ് പോലും പോളിസി

കാലം പോയ പോക്കേ...

ഈശ്വരെ രക്ഷതു — feeling ഇനി ഞമ്മളും അലക്കൂല...സത്യം..സത്യം..സത്യം.

പൂതി...

ഒന്നാം ക്ളാസ്സിൽ പഠിക്കുമ്പോൾ എത്രയും പെട്ടെന്ന് നാലാം ക്ളാസ്സിൽ എത്താൻ ആയിരുന്നു പൂതി...

നാലിലെത്തിയാൽ ബെഞ്ചിൽ ഇരുന്നു ഡസ്കിൽ വെച്ച് എഴുതാം ..

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബെഞ്ച്‌ മാത്രമേ ഉള്ളൂ..ഡസ്ക് ഇല്ല...

നാലിൽ എത്തിയപ്പോൾ പൂതി UP സ്കൂളിൽ എത്താനായി...

അപ്പോൾ പിന്നെ എന്നും ബസ്സിൽ പോവാം...വീടിനടുത്തുള്ള LP സ്കൂളിൽ നടന്നു പോയി മടുത്തു...

ചുരിദാർ ഇടാൻ മോഹിച്ചായിരുന്നു ഹൈ സ്കൂളിൽ എത്താൻ മോഹിച്ചത്...

+2 സയൻസ് കുട്ടികള്ക്കുള്ള ലാബ്‌ കണ്ടിട്ട് കൊതിച്ചു +2 യ്ക്ക് എത്താൻ പൂതി...

കോളേജിൽ എത്തിയപ്പോൾ സ്വപ്നം കണ്ടത് നക്ഷത്ര കണ്ണുള്ള ഒരു പുത്യാപ്ളെനെ ...

ഒപ്പം കുഞ്ഞുങ്ങളും ജോലിയും ഒക്കെയുള്ള തിരക്കുള്ള ഒരു വീട്ടമ്മ ആവാൻ എന്റെ ഉമ്മാനെ പോലെ.......

ഇപ്പോൾ വീണ്ടും പൂതി തോന്നുന്നു...

സ്കൂൾ ബാഗും വാട്ടർ ഫ്ളാസ്കും പോപ്പി കുടയും എടുത്തു ഉപ്പാന്റെ കയ്യും പിടിച്ചു,ഒന്നാം ക്ളാസ്സിൽ ശാരദ ടീച്ചറുടെ "കുഞ്ഞി റാഹിക്കുട്ടി"ആവാൻ...

മഴ പെയ്യുമ്പോൾ ആരും കാണാതെ മഴ നനയാൻ...

ഉമ്മ കാണുമ്പോൾ ശകാരിച്ചു സ്നേഹത്തോടെ തല തോർത്തി തരാൻ...

ഉമ്മാമ്മ പറയുന്ന കഥ കേൾക്കാൻ ..

അനിയനോടും അനിയത്തിയോടും തല്ലുണ്ടാക്കാൻ...പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ...

പിന്നെ വീണ്ടും സ്വപ്നം കാണാൻ...എന്നും കുഞ്ഞായിരിക്കാൻ....

ഒരിക്കലും വളരാതിരിക്കാൻ ..

അങ്ങനെ അങ്ങനെ അങ്ങനെ....

എന്നാലും എന്റെ ഇശൂട്ടന്റെ പിന്നാലെയുള്ള ഓട്ടവും ഇക്കാനോടുള്ള കൂട്ടും ഞമ്മക്ക് പെരുത്തിഷ്ടാ ട്ടോ .... 

പെണ്ണ്

പെണ്ണ് ....

പട്ടിണിയും തൊട്ടു കൂടായ്മയിലും ഉള്ള ദളിത്‌ സ്ത്രീയാലും

പദവിയും അധികാരവും ഉള്ള IAS ഓഫീസർ ആയാലും

പെണ്ണെ...നീയെന്നും പെണ്ണ് മാത്രം...

സ്വാതന്ത്യം എന്നാ വാക്ക് പോലും നിനക്ക് നിഷിദ്ധമാണോ ?

നാട്ടിലോ വീട്ടിലോ ജോലി സ്ഥലത്തോ ...

എവിടെയാണ് നീ സുരക്ഷിതയായിട്ടുള്ളത്...?

ഇല്ല...എവിടെയും ഇല്ല

പക്ഷെ പെണ്ണെ..നീ അറിയുക...

നീ ഇപ്പോൾ ഒരു പുറം തോടിനകത്താണ്..

നാണത്തിന്റെ, അജ്ഞതയുടെ,ഭയത്തിന്റെ, പിന്നെ സമൂഹത്തിന്റെ ...

പക്ഷെ ആ പുറം തോടിനകത്തുണ്ട്...നീ...നിന്റെ ശക്തി...നിന്റെ ധൈര്യം...

തിരിച്ചറിയൂ നിന്റെ ശക്തിയുടെ ജ്വാലകൾ...

പിന്നെ വെന്തെരിയും ഈ സമൂഹ വേലിക്കെട്ടുകൾ...

നിന്റെ കയ്കൾ ഇനി കുപ്പിവളകൾ കിലുങ്ങാൻ മാത്രമല്ല...

അതിനു കാരിരുമ്പിന്റെ ശക്തി വരട്ടെ..

നിന്റെ നേരെ ഉയരുന്ന കയ്കൾ വെട്ടി അറിഞ്ഞെടുക്കാൻ...

പാദസരം കിലുങ്ങുന്ന കാലുകൾ ഭൂമിയിൽ ഉറച്ചു വെക്കൂ..

ആ ശബ്ദം കേട്ട് നടുങ്ങട്ടെ ആ ഭ്രാന്തന്മാർ..

അതെ..നീ പെണ്ണാണ്‌...

കാരിരുമ്പിന്റെ ഉൾക്കരുത്തുള്ള പെണ്ണ്....

തിരിച്ചറിയൂ..തിരിച്ചറിയൂ

ആദ്യ ദിനം സ്കൂളിൽ

ഇന്ന് ആദ്യായിട്ട് സ്കൂളിൽ പോയ കണ്മണികളുടെ അമ്മമാരുടെ കാര്യം നല്ല രസായിരിക്കും..

ഇതേവരെ തന്റെ വാലിൽ തൂങ്ങി നടന്ന കുഞ്ഞു ഇച്ചൂളിൽ പോയ ശൂന്യത പല അമ്മമാര്ക്കും ഉണ്ടാകും..

അത് കൊണ്ട് തന്നെ നാല് മണിയാവാൻ അവർ വീട്ടുമുറ്റത്ത് കാത്തു നില്ക്കും..കുഞ്ഞു വായിലെ വലിയ വിശേഷങ്ങൾ അറിയാൻ...

മിക്ക കുഞ്ഞുങ്ങളും അമ്മയെ കണ്ട പാതി കാണാത്ത പാതി കരച്ചിൽ തുടങ്ങും...

അമ്മ എന്നാലും എന്നെ ഒറ്റക്കാക്കി ലെ എന്നാ പരാതിയും...

പുതിയ ബാഗും യുണിഫോര്മും കുടയും പുസ്തകവും ഒക്കെ കിട്ടിയ ആവേശത്തിൽ പോയിപ്പോയതാവും ഇന്ന് സ്കൂളിൽ...അവിടെ
എത്തിയപ്പോഴയിരിക്കും പണി പാളിയത് മനസ്സിലായിടുണ്ടാവുക...ഹഹ

ഇന്നിനി അമ്മേനെ അങ്ങോട്ടോ ഇങ്ങോട്ടോ പോലും തെറ്റാൻ വിടൂല..എങ്ങാനും പോയാലോ

ഉറങ്ങുമ്പോൾ അമ്മയെ കെട്ടിപ്പിടിക്കും..ഉറക്കത്തിൽ പല തവണ തപ്പിനോക്കും അമ്മ ഉണ്ടോ എന്ന്...

സാധാരണ അമ്മയേക്കാൾ മുന്നേ ഉണരുന്ന ആൾ എടുത്തു ബാത്‌റൂമിൽ ഷവറിന്റെ താഴെ നിറുത്തിയാൽ പോലും കണ്ണ് തുറക്കില്ല...

അല്ലെങ്കിൽ രാവിലെ തന്നെ തല വേദന, വയറ വേദന...ഇതിൽ ഏതെങ്കിലും ഉണ്ടാകും..

അമ്മയെ വിട്ടു നില്ക്കുന്ന സ്‌ട്രെസ് ..അതാണ്‌ വയർ വേദന ആയി manifest ചെയ്യപ്പെടുന്നത്...

സാരമില്ല...ഒരാഴ്ച...!!

അത് കഴിഞ്ഞാൽ കളിക്കാനും കൂട്ടുകൂടാനും നല്ല കൂട്ടുകാരെ കിട്ടുമ്പോൾ പിന്നെ വീണ്ടും ഉത്സാഹം ആവും..

അതോടെ അമ്മക്കുട്ടി ടീച്ചർക്കുട്ടി ആവും...

പിന്നെ വായ നിറയെ "മിന്നു പിച്ചി..അമ്മു മാന്തി..ടിന്റു എന്റെ പുത്തകം കീറി"...ഇതൊക്കെ ആയിരിക്കും

അടുത്ത കൊല്ലം ഇന്ഷാ അല്ലാഹ്..എന്റെ ഇഷൂട്ടനും ഒരു ഇച്ചൂൽ കുട്ടി ആവും...

കാത്തിരിക്കുന്നു ഒരു അമ്മ മനസുമായി... 

ആധുനിക കവിത

ഉഗാണ്ട തീരത്ത് കാറ്റടിച്ചപ്പോൾ
ചക്കപ്പഴം പൊട്ടിച്ചിരിച്ചു...

അഭിനവ നീലി സരിത യക്ഷിക്ക്
നട്ടുച്ചക്ക് മത്തി പുഴുക്ക് ...
നാല് മണിക്ക് ചിക്കൻ നുഡിൽസും
കുടപിടിക്കാൻ നിതീഷ്കുമാറും ഷാനിമോളും...
വിറ്റു കാശാക്കാൻ മംഗളം ...

ഡീസൽ വില കേട്ട് തളർന്നൊരു തമ്പ്രാനു
ദാഹമകറ്റാൻ കൊക്ക കോള മതി...

ഉള്ളി വില സെഞ്ച്വറി തികച്ചപ്പോ
ചാണ്ടിച്ചായനു മാധ്യമ ധ്വംസനം

ജ്ഞാനപ്പാന റീ മിക്സ്‌ മ്യൂസിക്‌ കൊണ്ട് ...
ഐ പി എല്ലിൽ ക്രിക്കറ്റ്‌ പൊങ്കാല

എയർടെൽ പരസ്യത്തിലെ പെണ്ണിനും ചെക്കനും
നാളെ കഴിഞ്ഞു കല്യാണം

സിക്സർ അടിച്ചൊരു ബോൾ പോയി
ഓസോണ്‍ പാളി പൊട്ടിത്തകർന്നു

ഫ്രീകി പയ്യന്റെ അടിപൊളി പോട്ടം
പിന്നേം പിന്നേം bro ,plz like my pic...
മോന്ത ബുക്കിൽ ലൈക്‌ വെടിയൊച്ച...
ചായക്കോപ്പയിൽ തിരയിളക്കം ...

എയർടെൽ പരസ്യത്തിലെ പെണ്ണിനും ചെക്കനും
നാളെ കഴിഞ്ഞു കല്യാണം 

നയം വ്യക്തമാക്കുന്നു

അല്ലെടോ...പൈസ പെട്ടിയിൽ വച്ച് പൂത്താലും ഒരുർപ്യ ഞമ്മൾ വേറെ ഒരു മനുസന് കൊടുക്കൂല...

അങ്ങനെ ഉള്ള ഞമ്മക്ക് പാവപ്പെട്ട കുറെ മനുസന്മാരെ പോറ്റുന്ന ആൾക്കാരെ പറയാൻ എന്ത് അധികാരാ ?

പിന്നെ...തമിളനായാലും ബംഗാളി ആയാലും മനുഷ്യന്മാർ അല്ലെടോ...

ആ കുഞ്ഞികുട്ട്യൾ ഇവിടുന്നു നല്ല ഭക്ഷണം കയ്ച്ചു നല്ല ഇസ്കൂൾ പോയി നല്ലോണം ജീവിക്കട്ടെടോ...

ഒലെ നാട്ടിൽ അതിനു സൌര്യം ഇല്ലാത്തതു കൊണ്ടല്ലേ ഇങ്ങളെ അട്ത്ത് ബന്നിനി...



പക്ഷേങ്കില് , ഒരു സ്ഥാപനം നടത്തുമ്പോ അതിന്റെ മട്ടിലും മാതിരിയിലും ഒക്കെ നടത്തണ്ടേ...

കുട്ട്യോളെ കള്ളാസ് , ഉമ്മന്റെം ഉപ്പന്റെം ഒപ്പ് ഒക്കെ ബേണം എന്നാ നിയമം എങ്കിൽ അത് അതെ പോലെ ബാങ്ങണം...

അതൊന്നും ഇല്ലെങ്കിൽ അതെല്ലും നോക്കാൻ അധികാരം ഉള്ളവർ കേസ് എടുക്കും...

അപ്പൊ അവരെ "ഞഞ്ഞാ പിഞ്ഞാ " പറഞ്ഞിട്ടും കാര്യമില്ല...