Monday 12 May 2014

ഒരു ബിരിയാണിക്കഥ


"ടീ..നമുക്കിന്നൊരു അതിഥി ഉണ്ട്.."

അതിഥിയോ..പടച്ച തമ്പുരാനേ...ഉമ്മയും ഉമ്മാമ്മയും ഒക്കെ ഉണ്ടാക്കുന്ന ഭക്ഷണം തിന്നു തീർക്കാൻ അല്ലാതെ അടുക്കളയിൽ കയറാത്ത നുമ്മ കല്യാണം കഴിഞ്ഞ്‌ ഗൾഫിൽ എത്തിയതിനു ശേഷം ഇക്കാന്റെ ദേഹത്ത് എന്റെ പാചക പരീക്ഷണം തുടങ്ങിയതേയുള്ളൂ...

"ബിരിയാണി എങ്കിലും ഉണ്ടാക്കണം.."

'ബിരിയാണിയോ..നല്ല കഥയായി'..

എന്നാലും നോക്കാല്ലേ...കോളേജിൽ നിന്നും കിട്ടിയ നല്ല കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി മാത്രം കൈമുതൽ ആയുള്ള ഞാൻ എന്തായാലും ആ വെല്ലുവിളി സ്വീകരിച്ചു..

എന്തു വന്നാലും ബിരിയാണി ഉണ്ടാക്കുക തന്നെ...(ഇക്കയുടെ മാനം കാത്തല്ലേ പറ്റൂ)

ഇനി ഒരു റെസിപ്പി വേണം...അപ്പനെ തപ്പിയെടുക്കാനും ആപ്പുള്ള കാലം...സ്മാർട്ട്‌ ഫോണിൽ തപ്പി ഒരു ആപ്പ് തപ്പിയെടുത്തു...

മമ്പുറത്തെ തങ്ങളെയും മുഹയിദ്ദീൻ ഷൈകിനെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഉള്ളി,തക്കാളി, വെളുത്തുള്ളി, ഇഞ്ചി എല്ലാം മുറിച്ചു വഴറ്റി..അടുക്കള കണ്ടാൽ ആന കയറിയ കരിമ്പിൻ തോട്ടം പോലെ ആയി...

മൂക്കുന്നത് വരെ വഴറ്റാൻ കാത്തു നിന്ന സമയം... നുമ്മന്റെ അമ്മാവന്റെ ഒരു ഫോണ്‍ വന്നു...ഫോണ്‍ വിളി കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോ ആകെ കരിഞ്ഞ മണം ...സംഗതി ഫ്ലോപ്പ് ആയി..ഇനിയിപ്പോ എന്ത് ചെയ്യും..ഇക്കനോട് ചോദിച്ചപ്പോ ആൾ കൈ മലർത്തി .

വിശ്വാസം അതല്ലേ എല്ലാം..പിന്നെ ഒന്നും ആലോചിച്ചില്ല..കരിഞ്ഞു പിടിച്ച മസാല കുറച്ചെടുത്തു കളഞ്ഞു..ബാക്കിയിൽ ചിക്കൻ ഇട്ടു കുക്കർ അടച്ചു..

കരിഞ്ഞും കരിയാതെയും ഒക്കെ നെയ്ച്ചോറും ഉണ്ടാക്കി..

ക്ലൈമാക്സിൽ ആപ്പ് മുതലാളി പറഞ്ഞതനുസരിച്ച് ദം ഇട്ടു..ദം ഇടാൻ വച്ച മൈദാ 3 തവണ താഴെ പോയി...ആപ്പുണ്ടാകിയവന് എന്ത് കോപ്പ് വേണേലും എഴുതാലോ എന്ന് പിറുപിറുത്തു പിന്നെയും ഒട്ടിച്ചു..(ഈ ബിരിയാണി കണ്ടു പിടിച്ചോനെ പച്ചക്ക്‌ ഇതുപോലെ കത്തിക്കണം എന്നു മനസ്സിൽ തോന്നിയ നിമിഷങ്ങൾ ).

അവസാനം ദം പൊട്ടിച് ടേസ്റ്റ് നോക്കി.. ഹൊ...ഉമ്മയും ഉമ്മാമ്മയുമൊക്കെ ഉണ്ടാക്കുന്നതിന്റെ നാല് അയലത്ത് പോലും എതില്ലേലും ബിരിയാണിയുടെ അളിയന്റെ പെങ്ങളുടെ ഭർത്താവിന്റെ മൂതുമ്മാന്റെ മോൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഫൈനൽ പ്രോഡക്റ്റ് പിറവിയെടുത്തു...

അതിഥികൾ വന്നപ്പോൾ ആരാന്റെ കെട്ട്യോൾ ഉണ്ടാക്കിയത് കൊണ്ടും വിശപ്പ്‌ എന്ന വികാരം കുടല്മാലകളെ പിച്ചിചീന്തുന്ന അതി തീവ്രവും ഭയാനകവുമായി മാറിയത് കൊണ്ടും മനസ്സു കൊണ്ട് നുമ്മന്റെ തള്ളക് വിളിച്ചു കൊണ്ട് അവരത് കഴിച്ചു..എന്റെ പ്രോഡക്റ്റ് ഒട്ടും വേസ്റ്റ് ആയില്ല...

ജീവിതത്തിൽ പല തവണ ബിരിയാണി കഴിച്ചിട്ടുടെങ്കിലും ബിരിയാണി അദ്ഭുതം ആയി തോന്നിയത് അന്നാണ്...

അന്ന് ബിരിയാണി കഴിച്ചു വീട്ടില് നിന്നും പോയ ഇക്കാന്റെ കൂട്ടുകാർ പിന്നെ ഇക്കാന്റെ കോൾ കണ്ടാൽ പോലും പേടിച്ചു എടുക്കതെയായി എന്നത് ഈ കഥയുടെ പിന്നാമ്പുറം ..

( ഉമ്മാക്കും ഉമ്മമ്മാക്കും എന്റെ കൂപ്പുകൈ..)

2 comments:

  1. ഒരു ബിരിയാണി ഉണ്ടാക്കാന്‍ അറിയില്ലേ പിന്നെ ഇങ്ങ എന്ത് കണ്ണൂര്

    ReplyDelete
    Replies
    1. ഇപ്പോൾ നല്ല അടിപൊളി ബിരിയാണി വെക്കാൻ പഠിച്ചുട്ടാ

      Delete